അങ്ങനെ ചെയ്യുന്നത് അപമാനകരം: മങ്കാദിങ്ങിനെ പിന്തുണച്ച് വീണ്ടും അശ്വിൻ, സാംപയ്ക്കൊപ്പം
Mail This Article
മുംബൈ∙ ക്രിക്കറ്റിൽ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്ന രീതിയെക്കുറിച്ചും ബോളർമാരുടെ അവകാശങ്ങളെക്കുറിച്ചും സംസാരിച്ചു മടുത്തെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. മങ്കാദിങ് പോലെ എന്തെങ്കിലും നടക്കുമ്പോൾ ചില ഉപദേശികൾ കൃത്യമായി ഉയർന്നു വരുമെന്നും യുട്യൂബ് വിഡിയോയിൽ അശ്വിൻ പറഞ്ഞു. ബിഗ് ബാഷ് ലീഗില്‍ ഓസീസ് താരം ആദം സാംപ മങ്കാദിങ്ങിനു ശ്രമിച്ചതാണ് അശ്വിന്റെ പുതിയ പ്രതികരണങ്ങൾക്കു കാരണം.
മെൽബൺ സ്റ്റാർസ് താരം ആദം സാംപ മെൽബൺ റെനഗെയ്ഡ്സിന്റെ ടോം റോജേഴ്സിനെതിരെയാണ് മങ്കാദിങ് നടത്തിയത്. പന്ത് റിലീസ് ചെയ്യും മുൻപ് റോജേഴ്സ് നോൺ സ്ട്രൈക്കറുടെ ക്രീസിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. എന്നാൽ, സാംപയുടെ ബോളിങ് ആക്‌ഷൻ പൂർത്തിയായിരുന്നതിനാൽ, പന്ത് റിലീസ് ചെയ്തില്ലെങ്കിലും ബാറ്റർ പുറത്തായെന്നു വിധിക്കാനാവില്ലെന്നായിരുന്നു അംപയറുടെ പ്രതികരണം.
നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കിയ ശേഷം സാംപയുടെ തുറിച്ചുനോട്ടമാണ് ഇതിൽ തനിക്ക് ഇഷ്ടപ്പെട്ടതെന്നും അശ്വിൻ പറഞ്ഞു. ‘‘വേൾഡ് റസ്‍ലിങ് ഫെഡറേഷനിലെ അണ്ടർടേക്കറുടെ നോട്ടം പോലെയായിരുന്നു അത്. സാംപ ഒരു വാക്കു പോലും ബാറ്ററോടു മിണ്ടിയില്ല. ഔട്ടാണോ, അല്ലയോ എന്നറിയാതെ നിൽക്കുകയായിരുന്നു ബാറ്റർ.’’– അശ്വിൻ വിഡിയോയിൽ പറഞ്ഞു.
എന്നാല്‍ സാംപയുടെ നീക്കം ഔട്ടായിരുന്നെങ്കിൽ അപ്പീൽ പിൻവലിക്കുമായിരുന്നെന്ന സ്റ്റാർസ് ടീമിന്റെ പരിശീലകൻ ഡേവിഡ് ഹസിയുടെ വാക്കുകൾ വിശ്വസിക്കില്ലെന്ന് അശ്വിൻ പറഞ്ഞു. ‘‘അദ്ദേഹം പറഞ്ഞതു ഞാൻ വിശ്വസിക്കില്ല. കാരണം അപ്പീൽ പിൻവലിക്കുകയാണ് ഉദ്ദേശമെങ്കിൽ, തേര്‍ഡ് അംപയർ ഇതു പരിശോധിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്തിനാണ് അപ്പീൽ പിൻവലിക്കുന്നത്? അങ്ങനെ ചെയ്താൽ അതു ബോളർക്ക് അപമാനകരമാകും. കാരണം ടീം നിങ്ങളെ പിന്തുണച്ചില്ലെങ്കില്‍ എന്തിനാണു പന്തെറിയുന്നതെന്നു തോന്നിപ്പോകും.’’– അശ്വിൻ പറഞ്ഞു. ഐപിഎൽ 2023 സീസണിൽ രാജസ്ഥാൻ റോയൽസിലാണ് ആർ. അശ്വിനും ആദം സാംപയും കളിക്കുന്നത്.
English Summary: ‘Insult to the bowler’ - Ravi Ashwin slams David Hussey for his comments on Adam Zampa's run-out atttempt