തകർപ്പൻ സെഞ്ചറി; അപൂർവ റെക്കോർഡിൽ പാക്കിസ്ഥാൻ ക്യാപ്റ്റനൊപ്പമെത്തി ഗിൽ
Mail This Article
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ കരിയറിലെ നാലാം ഏകദിന സെഞ്ചറിയാണ് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചറി (208) നേടിയ താരം രണ്ടാം പോരാട്ടത്തിൽ പുറത്താകാതെ 40 റണ്‍സും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ടോപ് സ്കോററും ഗിൽ തന്നെയാണ്.
മൂന്നാം മത്സരത്തിൽ 78 പന്തുകൾ നേരിട്ട ഗിൽ 112 റൺസെടുത്തു പുറത്തായി. ഇൻഡോറിലെ സെഞ്ചറി നേട്ടത്തോടൊപ്പം മറ്റൊരു റെക്കോർഡും ഗില്ലിന്റെ പേരിലായിട്ടുണ്ട്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡിൽ പാക്കിസ്ഥാന്റെ ബാബർ അസമിനൊപ്പം ഗില്ലുമെത്തി. ഇന്ത്യന്‍ യുവതാരത്തിനും ബാബര്‍ അസമിനും 360 റൺസ് വീതമാണുള്ളത്. ഒരു റൺ കൂടി നേടിയിരുന്നെങ്കിൽ ഗില്ലിന് പാക്കിസ്ഥാൻ ക്യാപ്റ്റനെ പിന്നിലാക്കാൻ സാധിക്കുമായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 350ന് മുകളിൽ റൺസെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 23 വയസ്സുള്ള ശുഭ്മൻ ഗിൽ. ഗില്ലിനു പിന്നിലുള്ളത് ബംഗ്ലദേശ് താരം ഇമ്റുൽ കയസ് (349), ദക്ഷിണാഫ്രിക്ക താരം ക്വിന്റൻ ഡി കോക്ക് (342), കിവീസ് താരം മാർട്ടിൻ ഗപ്ടിൽ (330) എന്നിവരാണ്. ബ്ലെയർ ടിക്നറിന്റെ പന്തിൽ ഡെവോൺ കോൺവെ ക്യാച്ചെടുത്താണു മൂന്നാം ഏകദിനത്തിൽ ഗിൽ പുറത്തായത്.
English Summary: Shubman Gill Equals Babar Azam's World Record