ADVERTISEMENT

ഇൻഡോർ ∙ രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ രക്ഷിക്കാൻ പൊട്ടിയ കൈക്കുഴയുമായി ക്യാപ്റ്റൻ ഹനുമ വിഹാരിയുടെ വീരോചിത ബാറ്റിങ്. മധ്യപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിലാണ് ഹനുമ വിഹാരിയുടെ നിശ്ചയദാർഢ്യം ടീമിനു തുണയായത്. ഇടതു കൈക്കുഴയ്ക്കേറ്റ പരുക്കു നിമിത്തം ഒറ്റക്കയ്യുമായി ബാറ്റു ചെയ്ത വിഹാരി, 57 പന്തുകളിൽനിന്ന് അഞ്ച് ഫോറുകൾ സഹിതം നേടിയത് 27 റൺസ്. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ആന്ധ്രാപ്രദേശ് 127.1 ഓവറിൽ 379 റൺസിന് ഓൾഔട്ടായി. റിക്കു ഭുയി (149), കരൺ ഷിൻഡെ (110) എന്നിവരുടെ സെഞ്ചറികളാണ് ആന്ധ്രയ്ക്ക് കരുത്തായത്.

ആവേശ് ഖാന്റെ ബൗൺസർ പതിച്ച് പരുക്കേറ്റതിനെ തുടർന്ന് ആദ്യ ദിനം തന്നെ തിരികെ കയറിയ വിഹാരി, പിന്നീട് മൂന്നാം ദിനമാണ് പത്താമനായി വീണ്ടും ക്രീസിലെത്തിയത്. രണ്ടാം വരവിൽ പത്താം വിക്കറ്റിൽ ലളിത് മോഹനൊപ്പം കൂട്ടിച്ചേർത്തത് 26 റൺസ്. ഒടുവിൽ സാരാൻഷ് ജെയിനിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് വിഹാരി പുറത്തായത്. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 323 റൺസുമായി ശക്തമായ നിലയിലായിരുന്ന ആന്ധ്ര, പിന്നീട് ഒൻപതിന് 353 റണ്‍സെന്ന നിലയിലേക്കു തകരുകയായിരുന്നു. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിങ്സ് ലീഡ് നിർണായകമാകുന്ന സാഹചര്യത്തിൽ, വിഹാരി പരുക്ക് വകവയ്ക്കാതെ കളത്തിലിറങ്ങുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിനം ആവേശ് ഖാന്റെ പന്ത് പതിച്ചാണ് വിഹാരിക്ക് പരുക്കേറ്റത്. വേദന കടിച്ചമർത്തി ബാറ്റിങ് തുടർന്ന വിഹാരി, ക്രീസിൽ തുടരാനാകാതെ വന്നതോടെ 37 പന്തിൽ 16 റൺസുമായി റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. പിന്നീട് സ്കാനിങ്ങിനു വിധേയനായപ്പോഴാണ് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 353 റൺസെന്ന നിലയിലായിരുന്നു ആന്ധ്ര. മൂന്നാം ദിനം രാവിലെയാണ് പരുക്കു വകവയ്ക്കാതെ ലളിത് മോഹനൊപ്പം വിഹാരി ബാറ്റിങ്ങിനെത്തിയത്. പരുക്ക് ഇടംകൈയ്ക്കായതിനാൽ ഇടംകയ്യനായാണ് വിഹാരി ബാറ്റു ചെയ്തത്. പന്തു വരുമ്പോൾ പരുക്കുള്ള വലതുകൈ മാറ്റിപ്പിടിച്ച്, ഇടംകൈ കൊണ്ടു മാത്രം കളിക്കുന്ന ശൈലിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്. പരുക്കിന് കാരണക്കാരനായ ആവേശ് ഖാനെതിരെ ഒറ്റക്കൈകൊണ്ട് ബൗണ്ടറി ഉൾപ്പെടെ നേടിയ വിഹാരി, 11 റൺസ് കൂടി കൂട്ടിച്ചേർത്താണ് പുറത്തായത്.

രണ്ടു വർഷം മുൻപ് പരുക്കുമായി ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിൽ പൊരുതിനിന്ന് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ച ചരിത്രവും വിഹാരിക്കുണ്ട്. അന്നത്തെ വീരോചിത പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങൾക്കാണ് ഇൻഡോറും സാക്ഷ്യം വഹിച്ചത്.

English Summary: Hanuma Vihari bats left-handed against Madhya Pradesh while battling a wrist fracture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com