സിഡ്നിയിൽ ‘ഇന്ത്യൻ’ പിച്ച്, നെറ്റ്സിൽ അശ്വിന്റെ ഡ്യൂപ്പ്; എന്നിട്ടും നാണംകെട്ട് ഓസ്ട്രേലിയ
Mail This Article
‘‘അയാൾക്കെതിരെ എത്ര ഗൃഹപാഠം ചെയ്താലും അതു മതിയാകില്ല’’– നാഗ്പൂർ ടെസ്റ്റിന്റെ മൂന്നാം ദിവസം ആർ. അശ്വിൻ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയതിനു പിന്നാലെ അശ്വിൻ കളിക്കുന്ന ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. അത്രയ്ക്കുണ്ട് അശ്വിന്‍ ജഡേജ, അക്സർ പട്ടേൽ എന്നിവരുൾപ്പെടുന്ന സ്പിൻ നിരയുടെ ആക്രമണങ്ങളെ നേരിടാൻ ഓസ്ട്രേലിയ നടത്തിയ തയാറെടുപ്പുകൾ. ഫലമോ, ഇന്നിങ്സിനും 132 റൺസിനും ഇന്ത്യയോട് തോൽവി. ഒന്നാം ഇന്നിങ്സിൽ ടോസ് അനുകൂലമായിട്ടും ഓസ്ട്രേലിയ 177 റൺസിനു പുറത്തായി, രണ്ടാം ഇന്നിങ്സിൽ 91 റൺസിന്റെ കൂട്ടത്തകർച്ച.
സിഡ്നിയിൽ ‘ഇന്ത്യൻ’ പിച്ച്, അശ്വിന്റെ ഡ്യൂപ്പ്
ബോർഡർ–ഗാവസ്കർ ട്രോഫിയിൽ നാലു മത്സരങ്ങളുള്ള പരമ്പരയ്ക്കായി ഇന്ത്യയിൽ എത്തുന്നതിനു മുൻപ് വിപുലമായ ഒരുക്കങ്ങളാണ് ഓസ്ട്രേലിയ സ്വന്തം നാട്ടിൽ നടത്തിയത്. സ്പിൻ മജീഷ്യൻമാരായ ആർ. അശ്വിന്റെയും അക്ഷർ പട്ടേലിന്റെയും പന്തുകളെ നേരിടാൻ അവർ സിഡ്നിയിൽ ‘ഇന്ത്യൻ’ സ്വഭാവമുള്ള പിച്ചൊരുക്കി. ഇന്ത്യയിലേതിനു സമാനമായ പിച്ചാണു സിഡ്നിയിൽ ഓസ്ട്രേലിയൻ ടീം പരിശീലനത്തിന് തയാറാക്കിയതെന്ന് ഓസീസ് കോച്ച് അൻഡ്രു മക്ഡൊണാൾഡ് നേരത്തേ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം പിച്ചൊരുക്കാൻ പരിശ്രമിച്ച ഗ്രൗണ്ട് സ്റ്റാഫുകളെ പരിശീലകൻ അഭിനന്ദിക്കുകയും ചെയ്തു.
ബെംഗളൂരുവിലെ പരിശീലന സെഷനുകളിലും ഇത്തരം പിച്ചുകൾ തയാറാക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അഭ്യർഥിച്ചിരുന്നു. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഓസ്ട്രേലിയയ്ക്കായി പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത്. ഇന്ത്യയിൽ സന്നാഹ മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഓസ്ട്രേലിയ ബെംഗളൂരുവിൽ അഞ്ച് ദിവസം പരിശീലിച്ചു. ആർ. അശ്വിന്റെ ബോളിങ് സ്റ്റൈലിന്റെ തനി പകർപ്പ് എന്നു പറയാവുന്ന ബറോഡ സ്പിന്നർ മഹേഷ് പിഥിയയെ നെറ്റ്സിൽ ഓസ്ട്രേലിയൻ താരങ്ങൾ നേരിട്ടു. മഹേഷിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടാണ് ഓസ്ട്രേലിയൻ ടീം നെറ്റ്സിൽ പന്തെറിയാന്‍ താരത്തെ ക്ഷണിച്ചത്.
സ്റ്റീവ് സ്മിത്തിനാണ് നെറ്റ്സിൽ കൂടുതൽ പന്തെറിഞ്ഞതെന്നും സ്മിത്തിനെ നെറ്റ്സിൽ ആറു വട്ടം പുറത്താക്കിയിട്ടുണ്ടെന്നും പിഥിയ വെളിപ്പെടുത്തിയിരുന്നു. ഇത്രയൊക്കെ പഠിച്ചിട്ടും നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ ദയനീയമായി തകർന്നടിയാനായിരുന്നു ഓസീസ് ബാറ്റർമാരുടെ വിധി. സ്റ്റീവ് സ്മിത്ത് രണ്ടാം ഇന്നിങ്സിൽ പുറത്താകാതെനിന്നു എന്നതിൽ മാത്രം ആശ്വസിക്കാം. ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജയുടെ പന്തിലാണ് സ്മിത്ത് ഔട്ടായത്.
കളിയിലെ താരം ജഡേജ, അശ്വിൻ മാജിക്
പരുക്കു മാറിയുള്ള തിരിച്ചുവരവിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണു കളിയിലെ താരം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ ആദ്യ ഇന്നിങ്സിൽ പൊളിച്ചടുക്കിയതു ജഡേജയുടെ പന്തുകളാണ്. 47 റൺസ് മാത്രം വഴങ്ങി താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് ബാറ്റിങ്ങിലും ജഡേജ ഇന്ത്യയുടെ നെടും തൂണായി. 185 പന്തുകൾ നേരിട്ട താരം ആദ്യ ഇന്നിങ്സിൽ 70 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 34 റൺസ് വിട്ടുകൊടുത്ത് ഓസ്ട്രേലിയയുടെ രണ്ടു വിക്കറ്റുകളും ജഡേജ സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റുകൾക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന അശ്വിന്റെ വിശ്വരൂപം രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ കണ്ടു. അവർ പേടിച്ചതു തന്നെ സംഭവിച്ചു. ഓസ്ട്രേലിയ ഓപ്പണർമാരായ ഉസ്മാൻ ഖവാജ (5), ഡേവിഡ് വാർണർ (10) എന്നിവരെ പുറത്താക്കി അശ്വിൻ തുടങ്ങി, മാറ്റ് റീൻഷോ, പീറ്റർ ഹാൻഡ്സ്കോംബ്, അലെക്സ് കാരി എന്നിവരെ എൽബിഡബ്ല്യുവിൽ കുരുക്കി ഓസ്ട്രേലിയയുടെ നടുവൊടിച്ചു.
അശ്വിന്റെ ടെസ്റ്റ് കരിയറിലെ 31–ാമത് അഞ്ച് വിക്കറ്റ് നേട്ടമാണു നാഗ്പൂരില്‍ സ്വന്തമാക്കിയത്. ആക്ടീവ് ക്രിക്കറ്റ് താരങ്ങളിൽ അഞ്ച് വിക്കറ്റ് പ്രകടനങ്ങളുടെ കാര്യത്തില്‍ ഇംഗ്ലിഷ് താരം ജെയിംസ് ആൻഡേഴ്സണാണ് (32) അശ്വിനു മുന്നിലുള്ളത്. ഇന്ത്യൻ മണ്ണിൽ അശ്വിൻ അഞ്ച് വിക്കറ്റ് നേടുന്നത് ഇത് 25–ാം തവണയാണ്. ഇന്ത്യയിൽ നേടിയ വിക്കറ്റുകളുടെ എണ്ണം 320 ആയും ഉയര്‍ന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റുകളിൽനിന്ന് അശ്വിൻ ഇതുവരെ 97 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബാറ്റിങ്ങിൽ രോഹിത് സെഞ്ചറി; മൂന്നാം ദിനം ജഡേജ, അക്ഷർ, ഷമി
ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സിൽ 177 റൺസിൽ ബ്രേക്ക്ഡൗൺ ആക്കിയ പിച്ചില്‍ ഇന്ത്യൻ ബാറ്റർമാര്‍ വീറുറ്റ പ്രകടനമാണു നടത്തിയത്. പ്രതികൂല പിച്ചിലെ ബാറ്റിങ് പാഠമായിരുന്നു രോഹിത് ശർമയുടെ ഇന്നിങ്സ്. 212 പന്തുകളിൽ 15 ഫോറും 2 സിക്സും ഉൾപ്പെടെ 120 റൺസ് നേടിയ രോഹിത് ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചറി കുറിച്ചു.
പതിവ് ആക്രമണ ശൈലിയിൽ നിന്നു മാറി കരുതലോടെ ബാറ്റുവീശിയ ഇന്ത്യൻ ക്യാപ്റ്റൻ സിംഗിളുകളിലൂടെ സ്കോർ ഉയർത്തി. മോശം പന്തുകളെ മാത്രം ആക്രമിച്ചു. തന്റെ ഇന്നിങ്സിലെ 72 റൺസും രോഹിത് നേടിയത് ഓസീസ് സ്പിന്നർമാർക്കെതിരെയാണ്. രവീന്ദ്ര ജഡേജയ്ക്കൊപ്പം അക്ഷർ പട്ടേലും അർധ സെഞ്ചുറി നേടിയത് ഇന്ത്യൻ സ്കോർ ഉയർത്തി. അക്ഷർ പട്ടേൽ 174 പന്തിൽ 84 റൺസെടുത്തു പുറത്താകുകയായിരുന്നു. അവസരത്തിനൊത്ത് ഉയർന്ന മുഹമ്മദ് ഷമി 47 പന്തിൽ 37 റൺസെടുത്തു.
English Summary: India thrash Australia in first test