ഓസ്ട്രേലിയ 91ന് പുറത്ത്; ഇന്ത്യയ്ക്ക് ഇന്നിങ്സ് വിജയം, അശ്വിന് അഞ്ച് വിക്കറ്റ്
Mail This Article
നാഗ്പൂർ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്കെതിരെ 223 റൺസ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 91 റൺസിനു പുറത്താക്കി. ഇന്ത്യൻ വിജയം ഇന്നിങ്സിനും 132 റൺസിനും. ഇന്ത്യയ്ക്കായി ആർ. അശ്വിൻ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
51 പന്തിൽ 25 റൺസെടുത്തു പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഉസ്മാന്‍ ഖവാജ (ഒൻപതു പന്തിൽ അഞ്ച്), ഡേവിഡ് വാർണർ (41 പന്തിൽ 10), മാർനസ് ലബുഷെയ്ൻ (28 പന്തിൽ 17), മാറ്റ് റെൻഷോ (ഏഴു പന്തിൽ രണ്ട്), പീറ്റർ ഹാൻഡ്സ്കോംബ് (ആറു പന്തിൽ ആറ്), അലെക്സ് കാരി (ആറ് പന്തിൽ പത്ത്), പാറ്റ് കമ്മിൻസ് (13 പന്തിൽ ഒന്ന്), ടോഡ് മർഫി (15 പന്തിൽ രണ്ട്), നേഥൻ ലയണ്‍ (20 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ ഓസ്ട്രേലിയൻ താരങ്ങളുടെ ബാറ്റിങ് പ്രകടനങ്ങൾ.
രണ്ടാം ഇന്നിങ്സിൽ ഓസീസ് സ്കോർ ഏഴിൽ നിൽക്കെ ഉസ്മാൻ ഖവാജയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ആർ. അശ്വിനാണു വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. അധികം പിടിച്ചു നിൽക്കാതെ ലബുഷെയ്ന്‍ ജഡേജയ്ക്കും ഡേവിഡ് വാർണർ അശ്വിനും വിക്കറ്റു നൽകി മടങ്ങി. ഇന്ത്യ നടത്തിയ സ്പിൻ ആക്രമണത്തെ സ്റ്റീവ് സ്മിത്ത് മാത്രമാണു കുറച്ചെങ്കിലും പ്രതിരോധിച്ചത്.
മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്കോംബ്, അലെക്സ് കാരി എന്നിവരെ എല്‍ബിയിൽ കുരുക്കി അശ്വിൻ അഞ്ച് വിക്കറ്റ് ഉറപ്പിച്ചു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ചു. ടോഡ് മർഫിയെ അക്സർ പട്ടേൽ പുറത്താക്കി. നേഥൻ ലയണിന്റെയും സ്കോട്ട് ബോളണ്ടിന്റെയും വിക്കറ്റുകൾ പേസർ മുഹമ്മദ് ഷമിക്കാണ്.
ആദ്യ ഇന്നിങ്സിൽ 400, ഇന്ത്യയ്ക്ക് 223 റൺസ് ലീഡ്
ആദ്യ ഇന്നിങ്സിൽ 400 റൺസെടുത്താണ് ഇന്ത്യ പുറത്തായത്. ഓൾ റൗണ്ടർ അക്സർ പട്ടേലിന്റെയും മുഹമ്മദ് ഷമിയുടേയും ചെറുത്തുനിൽപ്പ് മൂന്നാം ദിനം ടീം ഇന്ത്യയ്ക്ക് നൽകിയത് 223 റൺസിന്റെ ലീഡ്. അക്ഷർ പട്ടേൽ 174 പന്തിൽ 84 റൺസെടുത്തു പുറത്തായി. മുഹമ്മദ് ഷമി 47 പന്തിൽ 37 റൺസെടുത്തു മടങ്ങി. മൂന്നാം ദിവസം ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. തുടക്കത്തിൽ തന്നെ രവീന്ദ്ര ജഡേജയെ ഇന്ത്യയ്ക്കു നഷ്ടമായി. 185 പന്തിൽ 70 റൺസെടുത്ത ജഡേജയെ ടോഡ് മർഫി ബോള്‍ഡാക്കി. തുടർന്നാണ് ഷമി– അക്ഷർ സഖ്യം കൈ കോർത്തത്. സ്കോർ 380ൽ എത്തിച്ചാണ് ഷമി പുറത്തായത്. മർഫിയെ മൂന്നു വട്ടം സിക്സർ പറത്തിയ ഷമി, ഓസീസ് അരങ്ങേറ്റക്കാരന്റെ പന്തിൽ തന്നെ പുറത്തായി.
സ്കോർ 400 തികച്ചതിനു പിന്നാലെ അക്സർ പട്ടേലിനെ ഓസീസ് ക്യാപ്റ്റൻ ബാറ്റ് കമ്മിൻസ് ബോൾഡാക്കി. രണ്ടാം ദിനം ഇന്ത്യയ്ക്ക് 144 റൺസിന്റെ ലീഡാണുണ്ടായിരുന്നത്. ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സിൽ 177 റൺസിൽ ബ്രേക്ക്ഡൗൺ ആക്കിയ പിച്ചിലായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ വീറുറ്റ പ്രകടനം. പ്രതികൂല പിച്ചിലെ ബാറ്റിങ് പാഠമായിരുന്നു രോഹിത് ശർമയുടെ ഇന്നിങ്സ്. 212 പന്തുകളിൽ 15 ഫോറും 2 സിക്സും ഉൾപ്പെടെ 120 റൺസ് നേടിയ രോഹിത് ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചറി കുറിച്ചു. പതിവ് ആക്രമണ ശൈലിയിൽ നിന്നു മാറി കരുതലോടെ ബാറ്റുവീശിയ ഇന്ത്യൻ ക്യാപ്റ്റൻ സിംഗിളുകളിലൂടെ സ്കോർ ഉയർത്തി. മോശം പന്തുകളെ മാത്രം ആക്രമിച്ചു. തന്റെ ഇന്നിങ്സിലെ 72 റൺസും രോഹിത് നേടിയത് ഓസീസ് സ്പിന്നർമാർക്കെതിരെയാണ്.
ആർ.അശ്വിൻ (20), ചേതേശ്വർ പൂജാര (7), വിരാട് കോലി (12), സൂര്യകുമാർ യാദവ് (8) എന്നിവരെ വേഗത്തിൽ പുറത്താക്കിയ ഓസ്ട്രേലിയൻ സ്പിന്നർമാർ മധ്യനിരയെ തകർത്തപ്പോൾ രവീന്ദ്ര ജഡേജയ്ക്കൊപ്പം ആറാം വിക്കറ്റിൽ 61 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയാണ് രോഹിത് രണ്ടാം ദിനം ഇന്ത്യയെ കരകയറ്റിയത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ 81–ാം ഓവറിലാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പർ കെ.എസ്.ഭരത്തും (8) മടങ്ങി. 7ന് 240 എന്ന നിലയിൽ പതുങ്ങിയ ഇന്ത്യൻ വാലറ്റത്തെ അനായാസം ചുരുട്ടിക്കെട്ടാമെന്ന ഓസീസ് പ്രതീക്ഷകൾ തച്ചുടച്ചാണ് ജഡേജയും അക്ഷറും ക്രീസിലുറച്ചുനിന്നത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്നു 81 റൺസ് നേടി. ഓസീസ് സ്പിന്നര്‍ ടോഡ് മർഫി ഏഴു വിക്കറ്റുകളും സ്വന്തമാക്കി. പാറ്റ് കമ്മിൻസ് രണ്ടും നേഥൻ ലയൺ ഒരു വിക്കറ്റും വീഴ്ത്തി.
English Summary: India vs Australia First Test, Day 3 Updates