ഷമി അതു ചെയ്യില്ലെന്ന് 200 ശതമാനം ഉറപ്പ്: ഹസിൻ ജഹാന്റെ ആരോപണത്തിൽ മുൻ ഇന്ത്യന്‍ താരം
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ ഒത്തുകളി ആരോപണം ഉയർത്തിയപ്പോഴുണ്ടായ അന്വേഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യൻ താരം ഇഷാന്ത് ശർമ. ഹസിൻ ജഹാന്റെ ആരോപണങ്ങളെക്കുറിച്ചു ഷമി പല തവണ സംസാരിച്ചിട്ടുള്ളതായും ഇഷാന്ത് ശർമ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഹസിൻ ജഹാന്റെ ആരോപണത്തിൽ അന്വേഷണത്തിന് ഞങ്ങളെയെല്ലാം സമീപിച്ചിരുന്നു. മുഹമ്മദ് ഷമിക്ക് ഒത്തുകളി നടത്താനാകുമോയെന്നാണ് എല്ലാവരോടും ചോദിച്ചത്. പോലീസുകാരെപ്പോല, എന്നോടും എല്ലാം ചോദിച്ചു. മുഹമ്മദ് ഷമി അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് 200 ശതമാനം ഉറപ്പുണ്ടെന്ന് അവരോടു പറഞ്ഞു. ഷമിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ലെന്നും മറുപടി നൽകി.’’– ഇഷാന്ത് ശർമ വ്യക്തമാക്കി.
‘‘എനിക്ക് അദ്ദേഹത്തെ നന്നായി അറിയുന്നതു കൊണ്ടാണു ഞാൻ അങ്ങനെ പറഞ്ഞത്. ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു പിന്നീടു ഷമി അറിഞ്ഞു. അങ്ങനെ ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി.’’– ഇഷാന്ത് ശർമ പറഞ്ഞു. ഹസിൻ ജഹാന്റെ ആരോപണത്തിൽ വിശദമായി അന്വേഷണം നടത്തിയ ബിസിസിഐ താരത്തിനു ക്ലീൻ ചിറ്റ് നൽകിയിരുന്നു. മുഹമ്മദ് ഷമിയുമായുള്ള ബന്ധം തകർന്നതിനു പിന്നാലെയാണ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഹസിൻ ജഹാൻ രംഗത്തെത്തിയത്.
English Summmary: Ex-India Star Opens Up About Match-Fixing Allegations On Mohammed Shami