പ്രണയ ദിനത്തിൽ ഗില്ലിന്റെ ചിത്രം; അതേ ഹോട്ടലിൽ സാറയുമെത്തി, ‘കുത്തിപ്പൊക്കി’ ആരാധകർ
Mail This Article
മുംബൈ∙ പ്രണയ ദിനത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറൽ. ഒരു റസ്റ്ററന്റിലിരുന്ന് കാപ്പി കുടിക്കുന്ന ചിത്രമാണ് ഗിൽ സമൂഹമാധ്യത്തിൽ ഇട്ടത്. താരത്തിന് വാലന്റൈൻസ് ഡേ ആശംസകൾ നേരുന്നതിനൊപ്പം ആരാധകർ ഒരു കാര്യം കൂടി കണ്ടെത്തി. 2021 ജൂലൈയിൽ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഇതേ റസ്റ്ററന്റിൽനിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ടിരുന്നു.
സാറയുടെ പഴയ ചിത്രത്തിലും ഗില്ലിന്റെ പുതിയ ചിത്രത്തിലും പിറകിലിരിക്കുന്ന ആളുകൾ ഒന്നാണെന്നാണു ചില ആരാധകരുടെ വാദം. 2021 ൽ ചിത്രം പങ്കുവച്ചപ്പോൾ ‘സിരി, എന്റെ ഭക്ഷണം എവിടെ?’ എന്നായിരുന്നു സാറ ഇൻസ്റ്റയിൽ കുറിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ക്യാംപിലാണ് ശുഭ്മൻ ഗിൽ ഇപ്പോഴുള്ളത്. സാറ തെൻഡുൽക്കറും ഗില്ലും ഡേറ്റിങ്ങിലാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
തന്റെ ചിത്രം ലണ്ടനിൽനിന്നുള്ളതാണെന്നു സാറ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എടുത്ത ഫോട്ടോ ഗിൽ ഇപ്പോൾ പങ്കുവച്ചതാകാമെന്നാണ് ആരാധകർ കരുതുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്പരം പോസ്റ്റുകൾ ലൈക്ക് ചെയ്യുകയും കമന്റു ചെയ്യുകയും ചെയ്തതോടെയാണ് ശുഭ്മൻ ഗില്ലും സാറയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ആദ്യമായി ഉയർന്നത്.
ഇൻസ്റ്റ്ഗ്രാമിൽ ഗില്ലിന്റെ സഹോദരിമാരെ ഉൾപ്പെടെ സാറ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഇരുവരും ഇതു സംബന്ധിച്ചു പ്രതികരിച്ചിട്ടില്ല. ബോളിവുഡ് നടി സാറ അലിഖാനുമായി ഗിൽ പ്രണയത്തിലാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: Shubman Gill 'caught' on Valentine's Day, his post reminds fans of Sara