ഇന്ത്യയിലാണു കളിയെങ്കിൽ ആർക്കും അവരെ തോൽപിക്കാനാകില്ല: പാക്കിസ്ഥാൻ മുന്‍ ക്യാപ്റ്റൻ
Mail This Article
ഇസ്‍ലാമബാദ്∙ ഓസ്ട്രേലിയയെ തോൽപിച്ച് ബോര്‍ഡർ- ഗാവസ്കർ ട്രോഫി നിലനിർത്തിയതിനു പിന്നാലെ ടീം ഇന്ത്യയെ പുകഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മുൻ തലവന്‍ റമീസ് രാജ. ഇന്ത്യയിലാണു കളി നടക്കുന്നതെങ്കിൽ ഒരു ടീമിനും അവരെ തോൽപിക്കാനാകില്ലെന്ന് റമീസ് രാജ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഓസ്ട്രേലിയൻ ടീം പരമ്പരയ്ക്കായി അധികം തയാറെടുത്തിട്ടില്ലെന്നാണു തോന്നുന്നതെന്നും റമീസ് രാജ പ്രതികരിച്ചു.
‘‘ടീം ഇന്ത്യയെ ഇന്ത്യയിൽ തോൽപിക്കുകയെന്നതു നടക്കാത്ത കാര്യമാണ്. ഓസ്ട്രേലിയ ആവശ്യത്തിനു തയാറെടുപ്പില്ലാതെയാണ് എത്തിയതെന്നു തോന്നുന്നു. രണ്ടാം ടെസ്റ്റിലെ ഒരു സെഷനിൽ ഒൻപതു വിക്കറ്റുകളാണു വീണത്. ജഡേജയുടേത് മികച്ച ബോളിങ് പ്രകടനമായിരുന്നു. അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ്ങാണു കളിയുടെ വിധിയെഴുതിയത്. ആ സാഹചര്യത്തിൽ 60–70 റണ്‍സൊക്കെ അദ്ദേഹം നേടി.’’
‘‘ഓസ്ട്രേലിയ ലീഡ് നേടിയപ്പോൾ അക്ഷർ പട്ടേൽ അശ്വിനുമായി മികച്ച പാർട്ണർഷിപ്പുണ്ടാക്കി. ഓസ്ട്രേലിയയ്ക്കു മാനസികമായ കരുത്തില്ലായിരുന്നു. അവരുടെ ഭാഗത്തുനിന്ന് സാങ്കേതികമായും പ്രശ്നങ്ങൾ വന്നു. സ്പിൻ ബോളിങ്ങിനെതിരെ ഓസ്ട്രേലിയയുടെ ബാറ്റിങ് ദുരന്തമായിരുന്നു. തെറ്റായ ഷോട്ടുകളും സ്വീപ് ഷോട്ടുകളുമൊക്കെയായിരുന്നു ഓസീസ് ബാറ്റർമാരുടേത്.’’– പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യത്തിൽ 26.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ജയത്തോടെ പരമ്പരയിൽ 2–0ന് ഇന്ത്യ മുന്നിലെത്തി.
English Summary: ‘It’s impossible to beat Team India’ – Ex-PCB chief Ramiz Raja