വനിതാ ടി20 ലോകകപ്പ്: ഇന്ത്യ സെമിയിൽ; മഴയെത്തുടർന്ന് കളി ഉപേക്ഷിച്ചു
Mail This Article
പാൾ (ദക്ഷിണാഫ്രിക്ക) ∙ അയർലൻഡിനെതിരെ കഷ്ടിച്ചു ജയിച്ച് ഇന്ത്യൻ വനിതകൾ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ചു. മഴ കളിമുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു നിൽക്കുമ്പോഴാണ് മഴയെത്തിയത്. മഴനിയമപ്രകാരം നിശ്ചിത സ്കോറിനേക്കാൾ 5 റൺസിന് പിന്നിലായിരുന്നു അയർലൻഡ് അപ്പോൾ. പിന്നീട് മത്സരം പുനഃരാരംഭിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ– 20 ഓവറിൽ 6ന് 155. അയർലൻഡ്– 8.2 ഓവറിൽ 2ന് 54.
ഓപ്പണർ സ്മൃതി മന്ഥനയുടെ ഉജ്വല അർധ സെഞ്ചറിയുടെ (56 പന്തിൽ 87) കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 155 റൺസെടുത്തത്. 6 ഫോറും 3 സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഇന്നിങ്സ്. ഷെഫാലി വർമയ്ക്കൊപ്പം (24) ഒന്നാം വിക്കറ്റിൽ 62 റൺസ് നേടിയെങ്കിലും പിന്നീടെത്തിയവരിൽ ആർക്കും സ്മൃതിക്ക് പിന്തുണ നൽകാനായില്ല. സെഞ്ചറിക്ക് 13 റൺസ് അകലെ 19–ാം ഓവറിലായിരുന്നു സ്മൃതിയുടെ പുറത്താകൽ. 3 തവണ ക്യാച്ച് കൈവിട്ട് അയർലൻഡ് ഫീൽഡർമാരും സ്മൃതിയെ സഹായിച്ചു. ടൂർണമെന്റിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയാണിത്.
മറുപടി ബാറ്റിങ്ങിൽ ഒരു റണ്ണിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും അയർലൻഡിന്റെ ഗാബി ലെവിസിന്റെയും (25 പന്തിൽ 32*) ലോറ ഡെലനിയുടെയും (20 പന്തിൽ 17*) ബാറ്റിങ്ങാണ് ഇന്ത്യയെ ഞെട്ടിച്ചത്. ഗ്രൂപ്പ് എ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 102 റൺസിന്റെ കൂറ്റൻ ജയത്തോടെ ന്യൂസീലൻഡ് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. ശ്രീലങ്ക സെമി കാണാതെ പുറത്തായി.
English Summary: Women’s T20 World Cup 2023: Match abandoned, India defeat Ireland by 5 runs (DLS method)