പങ്കാളി ഗർഭിണിയെന്ന് സാറ ടെയ്ലർ; സന്തോഷം പങ്കുവച്ച് ഇംഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം
Mail This Article
ലണ്ടൻ∙ പങ്കാളി ഗർഭിണിയായി വിശേഷം പങ്കുവെച്ച് ഇംഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്‍ലർ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാറ പങ്കാളി ഡയാനയ്ക്കു കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം പങ്കുവച്ചത്. ‘‘ഒരു അമ്മയാകുക എന്നത് എന്റെ പങ്കാളിയുടെ സ്വപ്നമാണ്. യാത്ര അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഡയാന ഒരിക്കലും ആഗ്രഹം ഉപേക്ഷിച്ചില്ല.’’– സാറ ടെയ്‌ലർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘‘അവൾ ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് എനിക്കറിയാം, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’’ സാറ പ്രതികരിച്ചു. 2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ഗർഭിണിയായതെന്നും സാറ വ്യക്തമാക്കി.
വിക്കറ്റ് കീപ്പറായിരുന്ന സാറ ടെയ്‍ലർ 2019ലാണു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഇംഗ്ലണ്ടിനായി 2009, 2017 ഏകദിന ലോകകപ്പുകളും 2009 ട്വന്റി20 ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു. ഇംഗ്ലണ്ടിനായി 226 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
English Summary: Former England cricketer Sarah Taylor announces partner’s pregnancy