രാജ്യത്തിനു വേണ്ടിയാണു കളിക്കുന്നത്: ഗിൽ ഫിസിയോയെ വിളിച്ചതിൽ ഗാവസ്കറിന് അതൃപ്തി
Mail This Article
ഇൻഡോർ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിങ്ങിനിടെ ചികിത്സയ്ക്കായി ടീം ഫിസിയോയെ വിളിച്ച ശുഭ്മൻ ഗില്ലിന്റെ നീക്കത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ബാറ്റിങ്ങിനിടയിൽ വയറിൽ പരുക്കേറ്റതോടെയാണു ശുഭ്മൻ ഗിൽ ഫിസിയോയെ ഗ്രൗണ്ടിലേക്കു വിളിച്ചത്. ഇന്ത്യൻ ഇന്നിങ്സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം. റണ്ണിനായി ഓടിയ ഗിൽ ക്രീസിലെത്തുന്നതിനായി ഡൈവ് ചെയ്തപ്പോഴാണു താരത്തിനു പരുക്കേറ്റത്.
ഈ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗാവസ്കർ ഗില്ലിനെതിരെ തിരിയുകയായിരുന്നു. ‘‘ക്രീസിലെത്താൻ ഡൈവ് ചെയ്തപ്പോഴാണു ഗില്ലിനു പരുക്കേറ്റത്. എങ്കിലും ഈ ഓവർ കഴിയുന്നതുവരെ ഗിൽ കാത്തിരിക്കണമായിരുന്നു. ഒരു ഫാസ്റ്റ് ബോളറാണു പന്തെറിയുന്നത്. നാലു പന്തുകൾ കഴിഞ്ഞു, ഇപ്പോൾ നല്ല ചൂടുണ്ട്, നിങ്ങൾ ബോളർക്ക് ശ്വാസമെടുക്കാൻ കൂടുതൽ സമയം നൽകുകയാണ്. പരുക്കേറ്റെന്നതു ശരിയാണ്, പക്ഷേ രണ്ടു പന്തുകൾ കൂടി കാത്തിരിക്കാമായിരുന്നു’’– കമന്ററിക്കിടെ ഗാവസ്കർ പ്രതികരിച്ചു.
അതേസമയം സുനിൽ ഗാവസ്കറിന്റേതു പരുക്കൻ സ്വഭാവമാണെന്നു ചൂണ്ടിക്കാട്ടി കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ രംഗത്തെത്തി. എന്നാൽ രാജ്യത്തിനു വേണ്ടിയാണു കളിക്കുന്നതെന്നും ഗില്ലിനു രണ്ടു പന്തുകൾ കൂടി കാത്തിരിക്കാമെന്നുമാണു ഗാവസ്കർ മറുപടി നൽകിയത്. ഗിൽ നോൺ സ്ട്രൈക്കറായി കളിക്കുന്ന സമയത്തായതിനാൽ അതിനു ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു ഗാവസ്കറിന്റെ നിലപാട്.
മൂന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിന് പകരക്കാരനായാണ് ഗിൽ ടീമിലെത്തിയത്. 21 റൺസെടുത്ത ഗില്ലിനെ കോനമന്റെ പന്തിൽ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണു മടക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 109 റണ്‍സിന് പുറത്തായിരുന്നു.
English Summary: Sunil Gavaskar Admonishes Shubman Gill For Calling Physio In The Middle Of Over