ADVERTISEMENT

അഹമ്മദാബാദ് ∙ ഈ പരമ്പരയിൽ ഒരു ഓസീസ് താരം നേടുന്ന ആദ്യ സെഞ്ചറിയുമായി ഉസ്മാൻ ഖവാജ. താരത്തിന് ഉറച്ച പിന്തുണയുമായി അർധസെഞ്ചറിയുടെ വക്കിലെത്തിയ പോരാട്ടവുമായി കാമറൂൺ ഗ്രീൻ. ഇന്ത്യയുടെ സകല ബോളിങ് തന്ത്രങ്ങളെയും നിഷ്പ്രഭമാക്കി സെഞ്ചറിയിലേക്കു കുതിക്കുന്ന ഇവരുടെ കൂട്ടുകെട്ട്... എല്ലാറ്റിനുമൊടുവിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ്, ഒന്നാം ദിനം കളി നിർത്തുമ്പോൾ 90 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 255 റൺസ്.

ടെസ്റ്റിലെ 14–ാം സെഞ്ചറി പൂർത്തിയാക്കിയ ഉസ്മാൻ ഖവാജ, 104 റൺസുമായി അപരാജിതനായി ക്രീസിൽ തുടരുന്നു. അർധസെഞ്ചറിക്ക് ഒരു റൺ മാത്രം അകലെ കാമറൂൺ ഗ്രീനും ക്രീസിലുണ്ട്. ഇതുവരെ 251 പന്തുകൾ നേരിട്ട ഖവാജ, 15 ഫോറുകൾ സഹിതമാണ് 104 റൺസെടുത്തത്. ഗ്രീൻ ആകട്ടെ, 64 പന്തിൽ എട്ടു ഫോറുകളോടെ 49 റൺസുമെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനകം 116 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

ഓപ്പണർ ട്രാവിസ് ഹെഡ് (32), മാർനസ് ലബുഷെയ്ൻ (3), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (38), പീറ്റർ ഹാൻഡ്സ്കോംബ് (17) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 44 പന്തിൽ ഏഴു ഫോറുകൾ സഹിതം 32 റൺസെടുത്ത ഹെഡിനെ അശ്വിൻ പുറത്താക്കി. രവീന്ദ്ര ജഡേജ ക്യാച്ചെടുത്തു. ഇതിനു മുൻപ് ജഡേജയുടെ പന്തിൽ ഹെഡ് നൽകിയ ക്യാച്ച് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് കൈവിട്ടിരുന്നു.

20 പന്തിൽ മൂന്നു റൺസെടുത്ത ലബുഷെയ്ൻ, 27 പന്തിൽ മൂന്നു ഫോറുകളോടെ 17 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കി. 135 പന്തിൽ മൂന്നു ഫോറുകൾ സഹിതം 38 റൺസുമായി പ്രതിരോധിച്ചു നിന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജയും ബൗൾഡാക്കി.

ഓസീസിനായി ഓപ്പണിങ് വിക്കറ്റിൽ ട്രാവിസ് ഹെഡ് – ഖവാജ സഖ്യവും (61), മൂന്നാം വിക്കറ്റിൽ സ്മിത്ത് – ഖവാജ സഖ്യവും (79), പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഗ്രീൻ – ഖവാജ സഖ്യവും (86) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 17 ഓവറഇൽ 65 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിൻ 25 ഓവറിൽ 57 റൺസ് വഴങ്ങിയും ജഡേജ 20 ഓവറിൽ 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

∙ ഓസീസിന് ടോസ് ബാറ്റിങ്

നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. നിർണായക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസ് ബോളർ മുഹമ്മദ് ഷമി തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.

ഇൻഡോറിലെ തോൽവിയോടെ ബോർഡർ ഗാവസ്കർ പരമ്പരയിലെ സമ്പൂർണ ജയത്തിന്റെ ‘വാതിൽ’ അടഞ്ഞ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് മുൻവാതിലിലൂടെ പ്രവേശനം നേടാനുള്ള അവസാന അവസരമാണിത്. ഇവിടെ തോറ്റാൽ ശ്രീലങ്ക– ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ‘ഫൈനൽ’ സാധ്യതകൾ. ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ.

English Summary: India vs Australia, 4th Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com