ചെറുപ്പമാണ് മെയിൻ; ബുമ്രയും പൊള്ളാർഡും ഇല്ലാതെ രോഹിത്തിന്റെ മുംബൈ ബോയ്സ്
Mail This Article
22 വയസ്സിൽ താഴെ പ്രായമുള്ള 7 പേർ. ടീമിന്റെ ശരാശരി പ്രായം 26. ചെറുപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ മെയിൻ. ടീമിലെ ഏറ്റവും മുതിർന്നയാളായ രോഹിത് ശർമ നയിക്കുന്ന മുംബൈയ്ക്ക് 5 ഐപിഎൽ കിരീടങ്ങളുണ്ടെങ്കിലും പിന്നിലേക്കു നോക്കാൻ താൽപര്യമില്ല. കാരണം കഴിഞ്ഞ സീസൺ തന്നെ. 14 മത്സരങ്ങളിൽ 4 എണ്ണം മാത്രം ജയിച്ച് ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ സീസൺ അവസാനിപ്പിച്ചത്.
ശക്തി
കഴിഞ്ഞ സീസണിൽ കളിക്കില്ലെന്ന് അറിഞ്ഞാണ് മുംബൈ 2022ൽ ജോഫ്ര ആർച്ചറെ ടീമിലെത്തിച്ചത്. ഇത്തവണ മുംബൈയുടെ തുറുപ്പുചീട്ടും ആർച്ചർ തന്നെയാണ്. കയ്റൻ പൊള്ളാർഡിനു പകരമായി ഇത്തവണ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മുംബൈയ്ക്കൊപ്പമുണ്ട്. ലോക ട്വന്റി20 ഒന്നാം റാങ്ക് ബാറ്റർ സൂര്യകുമാർ യാദവും ഇഷാൻ കിഷനും രോഹിത്തിനൊപ്പം ചേരുന്നതോടെ ബാറ്റിങ് നിര ശക്തം. ട്വന്റി20യിൽ 138.81 സ്ട്രൈക്ക് റേറ്റുള്ള മലയാളി താരം വിഷ്ണു വിനോദ് ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ ഫോമിലുള്ള താരങ്ങളും മുംബൈയുടെ ബലമാണ്.
ദൗർബല്യം
പരുക്കു മൂലം ജസ്പ്രീത് ബുമ്ര, ജൈ റിച്ചഡ്സൻ എന്നീ പേസർമാരില്ലാത്തത് മുംബൈയ്ക്ക് തിരിച്ചടിയായേക്കാം. ഇരുവർക്കും പകരക്കാരെ കണ്ടെത്തിയിട്ടില്ല. രാഹുൽ ചാഹർ ടീം വിട്ടതിനു ശേഷം മികച്ച സ്പിന്നർ ഇല്ലാത്തതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. മുരുഗൻ അശ്വിൻ, മയാങ്ക് മാർക്കണ്ടെ എന്നീ സ്പിന്നർമാരെ കഴിഞ്ഞ സീസണിൽ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഇത്തവണയും മുംബൈയുടെ സ്പിൻനിര ശക്തമല്ല. മുപ്പത്തിനാലുകാരൻ പീയുഷ് ചൗളയാണ് പ്രധാന സ്പിന്നർ.
TEAM OVERVIEW
മുഖ്യ പരിശീലകൻ: മാർക്ക് ബൗച്ചർ
ക്യാപ്റ്റൻ: രോഹിത് ശർമ
പ്രധാന താരങ്ങൾ: രോഹിത് ശർമ (16 കോടി രൂപ), ജസ്പ്രീത് ബുമ്ര (12 കോടി), സൂര്യകുമാർ യാദവ് (8 കോടി), ഇഷാൻ കിഷൻ (15.25 കോടി), ജോഫ്ര ആർച്ചർ (8 കോടി), കാമറൂൺ ഗ്രീൻ (17.5 കോടി)
ടീമിന്റെ ശരാശരി പ്രായം: 26
പ്രായം കുറഞ്ഞ താരം: തിലക് വർമ (20 വർഷം 142 ദിവസം)
പ്രായം കൂടിയ താരം: രോഹിത് ശർമ (35 വർഷം 333 ദിവസം)
ഹോം ഗ്രൗണ്ട്: വാങ്കഡെ സ്റ്റേഡിയം, മുംബൈ
ആദ്യ മത്സരം: ബാംഗ്ലൂർ-മുംബൈ, ഏപ്രിൽ 2 (ബാംഗ്ലൂർ)
English Summary: Mumbai Indians (MI) squad for IPL 2023