ലോകകപ്പിൽ പാക്കിസ്ഥാന്റെ കളികൾ ഇന്ത്യയിൽ നടത്തരുത്; പുറത്തേക്കു മാറ്റണമെന്ന് ആവശ്യം
Mail This Article
ലാഹോർ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തുമ്പോൾ ഇന്ത്യയുടെ കളികൾ മാത്രം മറ്റൊരു വേദിയിൽ നടത്തുന്ന രീതി ഏകദിന ലോകകപ്പിന്റെ കാര്യത്തിലും വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ സിഇഒ വസീം ഖാൻ. ഇന്ത്യയിൽ ഈ വർഷം അവസാനം ഏകദിന ലോകകപ്പ് നടത്തുമ്പോൾ പാക്കിസ്ഥാന്റെ കളികൾ മാത്രം മറ്റൊരു വേദിയിലേക്കു മാറ്റണമെന്നാണ് വസീം ഖാന്റെ നിലപാട്. ബംഗ്ലദേശിൽ ലോകകപ്പ് മത്സരങ്ങൾ നടത്തണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടേക്കുമെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെയാണ് ഐസിസി ക്രിക്കറ്റ് ജനറൽ മാനേജർ കൂടിയായ വസീം ഖാൻ നിലപാടു വ്യക്തമാക്കിയത്.
‘‘ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തുന്നതാണ് ഉചിതമായ കാര്യം. പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കാൻ തയാറാകുമെന്നു തോന്നുന്നില്ല. ഏഷ്യാ കപ്പിൽ ഇന്ത്യ ചെയ്യുന്നതുപോലെ, ലോകകപ്പ് വരുമ്പോൾ പാക്കിസ്ഥാന്റെ കളികൾ ഇന്ത്യയ്ക്കു പുറത്തു നടത്തുന്നതാകും നല്ലത്.’’– വസീം ഖാൻ ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.
ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിലും ഇന്ത്യ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദിയിലേക്കു മാറ്റാന്‍ ധാരണയായി. ഇംഗ്ലണ്ട്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യത്തിൽ സമ്മതം മൂളിയെന്നാണു വിവരം. ഈ സാഹചര്യത്തിലാണ് ഏകദിന ലോകകപ്പ് വരുമ്പോൾ പാക്കിസ്ഥാന്റെ കളികൾ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റണമെന്ന ആവശ്യം ഉയരുന്നത്.
English Summary: Don’t think Pakistan will play World Cup matches in India: Wasim Khan