‘പടിക്കൽ കലമുടച്ചോ?’; രാജസ്ഥാൻ തോൽവിക്കു പിന്നാലെ ദേവ്ദത്തിന് രൂക്ഷവിമർശനം
Mail This Article
ഗുവാഹത്തി∙ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം പോരാട്ടത്തിൽ രാജസ്ഥാൻ റോയല്‍സ് അഞ്ച് റണ്‍സിന് പഞ്ചാബ് കിങ്സിനോടു തോറ്റതിനു പിന്നാലെ വൻ വിമർശനത്തിന് ഇരയായി മലയാളി ക്രിക്കറ്റ് താരം ദേവ്ദത്ത് പടിക്കൽ. ഗുവാഹത്തിയിൽ 26 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കൽ 21 റൺസാണ് ആകെ നേടിയത്. ഒരു ബൗണ്ടറി മാത്രമാണു താരത്തിനു നേടാൻ സാധിച്ചത്. താരത്തിന്റെ മെല്ലെപ്പോക്ക് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഉൾപ്പെടെയുള്ള താരങ്ങളെ സമ്മർദത്തിലാക്കിയെന്നാണ് ആരാധക വിമർശനം.
പഞ്ചാബ് താരം നേഥൻ എലിസിന്റെ പന്തിൽ ബോൾഡായാണു ദേവ്ദത്ത് പടിക്കലിന്റെ പുറത്താകൽ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലും പടിക്കലിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. അഞ്ചു പന്തുകൾ നേരിട്ട താരം റണ്ട് റൺസ് മാത്രമെടുത്ത് ഉമ്രാൻ മാലിക്കിന്റെ പന്തിൽ ബോൾഡാകുകയായിരുന്നു.
അവസാന ഓവറുകളിൽ ഷിംറോൺ ഹെറ്റ്മിയർ, ധ്രുവ് ജുറൽ എന്നിവർ രാജസ്ഥാനെ വിജയത്തിനടുത്തുവരെ എത്തിച്ചെങ്കിലും പരാജയപ്പെട്ടുപോകുകയായിരുന്നു. അവസാന ഓവറിൽ ഹെറ്റ്മിയർ റണ്ണൗട്ടായത് രാജസ്ഥാനു തിരിച്ചടിയായി. യുവതാരം ധ്രുവ് ജുറൽ 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലേയറായാണു ജുറൽ കളിക്കാനിറങ്ങിയത്. ഷിംറോൺ ഹെറ്റ്മിയർ 18 പന്തിൽ 36 റൺസെടുത്തു പുറത്തായി.
25 പന്തിൽ 42 റൺസെടുത്തു പുറത്തായ ക്യാപ്റ്റൻ സഞ്ജു സാംസണാണു രാജസ്ഥാന്റെ ടോപ് സ്കോറർ. തകർപ്പൻ ബൗണ്ടറികളുമായി തിളങ്ങിയ സഞ്ജു സാംസണ്‍ അഞ്ച് ഫോറുകളും ഒരു സിക്സുമാണു നേടിയത്. സ്കോർ 91 ൽ നിൽക്കെ എലിസിന്റെ പന്തിൽ പകരക്കാരനായിറങ്ങിയ ഷോർട്ടിന്റെ ക്യാച്ചിൽ സഞ്ജു പുറത്തായി.
English Summary: Fans slams Devdutt Padikkal after Punjab win against Rajasthan in IPL