ഗ്രൗണ്ടിലെ മാസ് പ്രകടനത്തിൽ ഞെട്ടി കിങ് ഖാൻ; ശാർദൂലിന് എഴുന്നേറ്റുനിന്ന് കയ്യടി- വിഡിയോ
Mail This Article
കൊൽക്കത്ത∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഓൾറൗണ്ടർ ശാർദൂൽ ഠാക്കൂറിന്റെ ബാറ്റിങ് പ്രകടനം കണ്ട് എഴുന്നേറ്റുനിന്ന് കയ്യടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാന്‍. കൊൽക്കത്തയ്ക്കായി തിളങ്ങിയ ശാർദൂല്‍ 29 പന്തിൽ 68 റൺസാണു നേടിയത്. മൂന്ന് സിക്സും ഒൻപതു ഫോറുകളും അടിച്ചു.
മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്ലെൻ മാക്‌സ്‍വെല്‍ ക്യാച്ചെടുത്താണു ശാർദൂൽ ഠാക്കൂർ പുറത്തായത്. ശാർദൂൽ ഠാക്കൂറിന്റെ (29 പന്തിൽ 68) പ്രകടനമാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ മത്സരത്തിൽ കണ്ടത് ആതിഥേയ ടീമിന്റെ ഉജ്വലമായ തിരിച്ചുവരവായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ബാംഗ്ലൂരിന്റെ പേസ് ആക്രമണത്തിന് മുൻപിൽ തുടക്കത്തിൽ പതറി.
12–ാം ഓവറിൽ 5ന് 89 എന്ന നിലയിൽ തകർന്ന ശേഷമാണ് ശാർദൂൽ ഠാക്കൂറിന്റെ ചിറകിലേറി കൊൽക്കത്ത തിരിച്ചുവന്നത്. ശാർദൂലും റിങ്കു സിങ്ങും (33 പന്തിൽ 46) ചേർന്ന് ആറാം വിക്കറ്റിൽ നേടിയ 103 റൺസ് മത്സരത്തിൽ നിർണായകമായി. 20 പന്തിൽ അർധ സെഞ്ചറി തികച്ച ശാർദൂൽ ഈ സീസണിലെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറിയും പേരിലാക്കി.
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം 81 റൺസിനായിരുന്നു. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 204 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ബാംഗ്ലൂർ 123 റൺസിൽ ഓൾഔട്ടായി. വരുൺ ചക്രവർത്തി (4 വിക്കറ്റ്), സുയാഷ് ശർമ (3), സുനിൽ നരെയ്ൻ (2) എന്നിങ്ങനെ ബാംഗ്ലൂരിന്റെ 9 വിക്കറ്റുകളും വീഴ്ത്തിയത് കൊൽക്കത്ത സ്പിന്നർമാരാണ്.
English Summary: Shah Rukh Khan Gives Standing Ovation To Shardul Thakur