തിരിഞ്ഞുനോക്കാതെ വിക്കറ്റിലേക്കു പന്തെറിഞ്ഞ് എം.എസ്. ധോണി, പക്ഷേ കൊണ്ടില്ല- വിഡിയോ
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ റൺ ഔട്ട് അവസരം പാഴാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി. ബാംഗ്ലൂർ ബാറ്റിങ്ങിനിടെ 13–ാം ഓവറിലാണു സംഭവം. മൊയീൻ അലി എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ആർസിബി താരം ഷഹബാസ് അഹമ്മദിനെ പുറത്താക്കാനുള്ള അവസരമാണു ധോണിക്കു ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയത്.
ക്രീസിൽനിന്നു മുന്നോട്ടിറങ്ങി ഷഹബാസ് പന്തു നേരിട്ടെങ്കിലും, നിയന്ത്രണം നഷ്ടപ്പെട്ട് പന്ത് വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിലെത്തുകയായിരുന്നു. പന്ത് പിന്നിലേക്കെറിഞ്ഞെങ്കിലും വിക്കറ്റിൽ കൊള്ളിക്കാൻ ധോണിക്കു സാധിച്ചില്ല. ഈ സമയം കൊണ്ട് ഷഹബാസ് ക്രീസിലേക്കു തിരിച്ചെത്തുകയും ചെയ്തു. വിക്കറ്റിലേക്കു നോക്കാതെ പന്ത് ത്രോ ചെയ്തു കൊള്ളിക്കുന്നതിൽ പേരുകേട്ട ധോണിക്ക് ഇത്തവണ പിഴയ്ക്കുകയായിരുന്നു.
ബാംഗ്ലൂർ ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ പുറത്താക്കാനുള്ള അവസരവും ധോണി നഷ്ടപ്പെടുത്തിയിരുന്നു. ഫാഫ് ഡുപ്ലെസി നേരിട്ട പന്ത് എഡ്ജ് ചെയ്ത് ധോണിക്കു സമീപത്തേക്കു പോയെങ്കിലും പന്തു പിടിച്ചെടുക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റനു സാധിക്കാതെ പോയി. ധോണിയുടെ പിഴവിൽ പുറത്താകലിൽനിന്നു രക്ഷപെട്ട ഡുപ്ലെസി 33 പന്തുകളിൽനിന്ന് 62 റൺസെടുത്താണു പിന്നീട് മടങ്ങിയത്. മൊയീൻ അലിയുടെ പന്തിൽ പിന്നീട് ഡുപ്ലെസിയുടെ ക്യാച്ചെടുത്തത് ധോണി തന്നെയായിരുന്നു.
മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് എട്ടു റൺസിനു വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ സാധിച്ചുള്ളൂ.
English Summary: MS Dhoni misses chances for out against RCB