ക്രിക്കറ്റ് ദൈവത്തെ രാജ്യം ആഘോഷിച്ച നിമിഷങ്ങൾ, സച്ചിന്റെ ടോപ് 10 ഇന്നിങ്സുകൾ
Mail This Article
ക്രിക്കറ്റിന് ദൈവം ഒരാളേയുള്ളു, ഇന്ത്യയുടെ സ്വന്തം സച്ചിൻ രമേഷ് തെൻഡുല്‍ക്കർ. സച്ചിനെപ്പോലെ ക്രിക്കറ്റ് ആരാധകർ ചേർത്തുനിർത്തിയ മറ്റൊരു താരവും ഇവിടെയില്ല. 16–ാം വയസ്സിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ സച്ചിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 17–ാം വയസ്സിൽ ഓള്‍ഡ് ട്രാഫഡിൽ ടെസ്റ്റിലെ ആദ്യ സെഞ്ചറി സ്വന്തമാക്കിയ സച്ചിൻ 25 വയസ്സു തികയുന്നതിന് മുൻപ് ടെസ്റ്റിൽ നൂറു തികച്ചത് 16 വട്ടം. ചിരകാല സ്വപ്നമായ ലോകകപ്പ് വിജയവും രാജ്യാന്തര ക്രിക്കറ്റിലെ നൂറു സെഞ്ചറികളും പൂർത്തിയാക്കി സച്ചിൻ 2013 ഒക്ടോബര്‍ 10ന് വിരമിക്കൽ പ്രഖ്യാപിച്ചു. 200 ടെസ്റ്റുകളും 463 ഏകദിനങ്ങളുമാണ് സച്ചിൻ ഇന്ത്യയ്ക്കായി കളിച്ചത്. സച്ചിൻ നേട്ടങ്ങൾ വെട്ടിപ്പിടിച്ച പത്താം നമ്പർ ജഴ്സി ആദരസൂചകമായി ഇന്ത്യൻ ടീം മറ്റാർക്കും നൽകിയില്ല. സച്ചിന് 50 വയസ്സു തികയുമ്പോൾ ടീം ഇന്ത്യയുടെ എക്കാലത്തെയും വലിയ പത്താം നമ്പരുകാരന്റെ പത്ത് മികച്ച പ്രകടനങ്ങൾ ഇതാ...
143 റൺസ്, ഇന്ത്യ- ഓസ്ട്രേലിയ, ആറാം ഏകദിനം 1998 ഷാർജ കപ്പ്
ഷാർജ കപ്പ് പരമ്പരയിലെ ആറാം മത്സരത്തിൽ സച്ചിൻ തെൻഡുൽക്കർ 143 റൺസെടുത്തു. സച്ചിൻ ബൗണ്ടറികള്‍ കൊണ്ട് ആറാടിയ മത്സരത്തിൽ മരുഭൂമിയിലെ കാറ്റു കാരണം കുറച്ചു നേരം മത്സരം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. ത്രിരാഷ്ട്ര പരമ്പരയിലെ ആറാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 285 റൺസായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളിൽ വീണപ്പോള്‍ ഇന്ത്യൻ നിരയിൽ വിശ്വാസമർപ്പിക്കാവുന്ന ഏക ബാറ്റർ സച്ചിൻ മാത്രമായിരുന്നു. 31 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ പൊടിക്കാറ്റിനെ തുടർന്ന് കളി കുറച്ചു സമയത്തേക്കു നിർത്തിവച്ചു. കളി പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 46 ഓവറിൽ 237 റൺസാക്കി. ഓസീസ് ബോളർമാരായ ഷെയ്ൻ വോൺ, ഡാമിയൻ ഫ്ലെമിങ് എന്നിവരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ സച്ചിൻ ഇന്ത്യയെ ഫൈനലിലെത്തിച്ചു. 131 പന്തിൽ 143 റൺസെടുത്ത സച്ചിനെ ഫ്ലെമിങ് പുറത്താക്കുമ്പോള്‍ ഏകദിന കരിയറിലെ സച്ചിന്റെ ഏറ്റവും വലിയ സ്കോറായിരുന്നു അത്.
134 റൺസ്, ഷാർജ കപ്പ് ഇന്ത്യ–ഓസ്ട്രേലിയ ഫൈനൽ, 1998
ഷാർജ കപ്പിന്റെ ഫൈനലിലേക്കു ഇന്ത്യയെ നയിച്ചു രണ്ടു ദിവസം മാത്രം അപ്പുറമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ പോരാട്ടം. ഫൈനലിൽ സച്ചിന്റെ സെഞ്ചറിയിൽ ഇന്ത്യ കപ്പുയർത്തി. ഓസ്ട്രേലിയയ്ക്കെതിരായ വിജയം ആറു വിക്കറ്റിന്. സച്ചിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സെഞ്ചറിയെന്ന പ്രത്യേകതയുമുണ്ട്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് വോ, ഡാരൺ ലേമാൻ എന്നിവരുടെ അർധസെഞ്ചറി മികവിൽ 273 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. സൗരവ് ഗാംഗുലി ആദ്യം തന്നെ വീണപ്പോള്‍ മറുപടി ബാറ്റിങ്ങിൽ സച്ചിൻ കൂട്ടുപിടിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിൻ ബോളറായിരുന്ന ഷെയ്ൻ വോണിനെയടക്കം നേരിട്ട് സച്ചിൻ നേടിയത് 12 ഫോറും മൂന്ന് സിക്സുകളും. സച്ചിൻ 134 റൺസെടുത്തു പുറത്തായെങ്കിലും അജയ് ജഡേജയും ഹൃഷികേശ് കനിത്കറും ചേർന്ന് ഒൻപതു പന്തുകള്‍ ബാക്കി നിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
98 റൺസ്, 2003 ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം
പാക്കിസ്ഥാനെതിരായ സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് പ്രകടനമെന്ന് സെഞ്ചൂറിയനിൽ നടന്ന പോരാട്ടത്തെ വിശേഷിപ്പിക്കാം. രണ്ട് റൺസകലെ സച്ചിന് സെഞ്ചറി നഷ്ടമായെങ്കിലും പാക്കിസ്ഥാന്റെ പേരുകേട്ട ബോളർമാർക്കെതിരെ സച്ചിന്റെ പോരാട്ടമായിരുന്നു ഈ മത്സരം. സയീദ് അൻവറിന്റെ സെഞ്ചറിക്കരുത്തിൽ 50 ഓവറിൽ 274 റൺസെന്ന വിജയ ലക്ഷ്യമാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉയർത്തിയത്. ലോകക്രിക്കറ്റിൽ ആരെയും വിറപ്പിക്കാൻ ശേഷിയുള്ള പാക്കിസ്ഥാന്റെ പേസ് ത്രയം വാസിം അക്രം, വഖാർ യൂനിസ്, ശുഐബ് അക്തർ എന്നിവരെ സെഞ്ചൂറിയനിൽ അനായാസമാണ് സച്ചിൻ കൈകാര്യം ചെയ്തത്. 12 ഫോറുകള്‍ അടിച്ചുകൂട്ടിയ സച്ചിൻ അക്തറിന്റെ പന്തിൽ വമ്പനൊരു സിക്സറും പറത്തിവിട്ടു. അക്തറിന്റെ പന്തിൽ തന്നെ പിന്നീടു പുറത്തായെങ്കിലും രാഹുൽ ദ്രാവിഡും യുവരാജ് സിങ്ങും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
175 റൺസ്, 2009 ലെ ഇന്ത്യ- ഓസ്ട്രേലിയ അഞ്ചാം ഏകദിനം
സച്ചിൻ ഇന്ത്യയെ ചരിത്ര ജയത്തിന് അടുത്തുവരെ എത്തിച്ചെങ്കിലും സഹതാരങ്ങള്‍ കൈവിട്ടതോടെ ഇന്ത്യ തോറ്റുപോയ മത്സരമാണിത്. ഏഴു മത്സരങ്ങളുള്ള പരമ്പരയിലെ അഞ്ചാം പോരാട്ടത്തിൽ 351 റൺസിന്റെ വമ്പൻ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിലുണ്ടായിരുന്നത്. സച്ചിൻ ഒരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഓസീസ് കളി പിടിച്ചു. ഒരു ഘട്ടത്തിൽ നാലിന് 162 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അർധ സെഞ്ചറിയുമായി സുരേഷ് റെയ്നയും സച്ചിനൊപ്പം ചേർന്നതോടെ ഇന്ത്യ കളി ജയിക്കുമെന്നു തോന്നിച്ചു. 141 പന്തുകളിൽനിന്ന് സച്ചിൻ നേടിയത് 175 റൺസ്. 19 ഫോറുകളും നാല് സിക്സുകളും ഉള്‍പ്പെടുന്ന മനോഹര ഇന്നിങ്സ്. സച്ചിൻ പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 17 പന്തിൽ 17 റൺസ് കൂടി മതിയായിരുന്നു. പക്ഷേ വാലറ്റം പരാജയപ്പെട്ടതോടെ ഇന്ത്യ മത്സരം മൂന്ന് റൺസിനു തോറ്റു.
241 റൺസ്, ബോർഡർ– ഗാവസ്കർ ട്രോഫി, നാലാം ടെസ്റ്റ് 2004
സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം ഓസ്ട്രേലിയ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോയുടെ അവസാന ടെസ്റ്റായിരുന്നു. പക്ഷേ ഡബിള്‍ സെഞ്ചറി നേടി സച്ചിൻ മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായി. സച്ചിന്റെ ഡബിള്‍ രാജ്യം ആഘോഷിച്ചപ്പോള്‍ വി.വി.എസ് ലക്ഷ്മണിന്റെ സെഞ്ചറിയും (178) അതിൽ മുങ്ങിപ്പോയെന്നതാണു സത്യം. ആദ്യ ദിനം സച്ചിൻ ക്രീസിലെത്തുമ്പോള്‍ രണ്ടിന് 128 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ദിവസം ഇന്ത്യ 705 റൺസിന് പുറത്താകുമ്പോള്‍ ഒരു വശത്ത് 241 റൺസുമായി സച്ചിൻ പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. നാലാം ടെസ്റ്റ് സമനിലയിലാക്കിയ ഇന്ത്യ പരമ്പര 1-1ന് അവസാനിപ്പിച്ചു.
117 റൺസ്, സി ബി സീരിസ്, ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഫൈനൽ, 2008
ഓസ്ട്രേലിയയില്‍ അവരെ തോൽപിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് സച്ചിന്റെ സഹായത്തോടെ ഇന്ത്യ പൂർത്തിയാക്കിയത്. ഓസ്ട്രേലിയ 240 റൺസ് വിജയ ലക്ഷ്യമുയർത്തിയപ്പോള്‍ സെഞ്ചറികൊണ്ടു സച്ചിൻ മറുപടിയൊരുക്കിയ മത്സരമായിരുന്നു ഇത്. 25 പന്തുകള്‍ ബാക്കി നിൽക്കെ ഇന്ത്യ ആറു വിക്കറ്റിനു കളി ജയിച്ചു. 117 റൺസെടുത്ത് സച്ചിൻ പുറത്താകാതെനിന്നു.
194 റൺസ്, ഇന്ത്യ- പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റ് 2004, മുള്‍ട്ടാൻ
വിരേന്ദർ സേവാഗിന്റെ ട്രിപ്പിള്‍ സെഞ്ചറിയിലൂടെയാണ് 2004 മുള്‍ട്ടാൻ ടെസ്റ്റ് ഇന്ത്യൻ ആരാധകർ ഓർമിക്കുന്നത്. സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നു പിറന്നതും ഈ മത്സരത്തിലാണ്. സച്ചിൻ പുറത്താകാതെ 194 റൺസെടുത്തു. സച്ചിൻ ഡബിള്‍ സെഞ്ചറിയിലെത്താൻ ആറു റൺസ് മാത്രം വേണ്ടിയിരിക്കെ ക്യാപ്റ്റൻ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് വൻ വിവാദത്തിനും വഴിയൊരുക്കി. പാക്കിസ്ഥാനെതിരെ ചരിത്ര ജയമാണ് ഇന്ത്യ മുള്‍ട്ടാനിൽ നേടിയത്. ഇന്നിങ്സിനും 52 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം.
169 റൺസ്, ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം 1996-97
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഗാരി കേഴ്സ്റ്റന്റെയും ബ്രയാൻ മക്മില്ലന്റെയും സെഞ്ചറിക്കരുത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 529 റൺസ്. മറുപടി ബാറ്റിങ്ങിൽ സച്ചിൻ തെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്കൊഴികെ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും അലൻ ഡൊണാള്‍ഡ്, ഷോൺ പൊളോക്ക് സഖ്യത്തിന്റെ പേസിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇരുവരും സെഞ്ചറി നേടിയ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് സ്കോർ മറികടന്നു. 254 പന്തുകള്‍ നേരിട്ട സച്ചിൻ 169 റൺസെടുത്തു. രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്ക വമ്പൻ സ്കോർ ഉയർത്തിയതോടെ ഇന്ത്യ തകർന്നു. 282 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
119 റൺസ്, ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്, മാഞ്ചസ്റ്റർ, 1990
രണ്ടാം ഇന്നിങ്സിൽ ആറാമനായി ബാറ്റിങ്ങിനിറങ്ങിയ സച്ചിൻ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചറിയാണ് ഈ മത്സരത്തിൽ നേടിയത്. സച്ചിന് 17 വയസ്സു മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. ആദ്യ ഇന്നിങ്സിൽ സച്ചിൻ അർധ സെഞ്ചറി നേടിയിരുന്നു. മത്സരം ഇന്ത്യ സമനിലയിലാക്കി.
200, ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം, ഗ്വാളിയോർ 2010
ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ഡബിള്‍ സെഞ്ചറി സച്ചിൻ സ്വന്തം പേരിലാക്കിയ മത്സരം. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സച്ചിൻ 200 ലെത്തിയത്. ഈ മത്സരത്തിൽ ബൗണ്ടറികളിൽനിന്നു മാത്രം സച്ചിൻ നൂറിലേറെ റൺസ് നേടി. 25 ഫോറുകളും മൂന്ന് സിക്സുമാണു സച്ചിൻ അടിച്ചത്. 50 ഓവറിൽ ഇന്ത്യ നേടിയത് 401 റൺസെന്ന വമ്പൻ സ്കോർ. മത്സരം ഇന്ത്യ 153 റൺസിനു വിജയിക്കുകയും ചെയ്തു.
English Summary: Sachin Tendulkar's top 10 batting performances