ക്രീസിൽ ചോര വീണപ്പോഴും പതറാതെനിന്ന സച്ചിൻ, ആരാധകരെ ‘അനങ്ങാൻ വിടാത്ത’ മാജിക്ക്
Mail This Article
സച്ചിൻ രമേഷ് തെൻഡുൽക്കർ എന്ന, സുവർണാക്ഷരങ്ങളാലെഴുതിയ അധ്യായമില്ലാതെ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകം പൂർണമാകില്ല. അരങ്ങേറ്റ പരമ്പരയിൽ ക്രീസില്‍ ചോര വീണിട്ടും പതറാതെ നിന്ന 16 കാരനില്‍ നിന്ന് ക്രിക്കറ്റിന്റെ കൊടുമുടി കീഴടക്കി ഇതിഹാസമായി വളർന്ന ഒരാളുടെ കഥയാണിത്. മിക്ക കളിക്കാരും കളി അവസാനിപ്പിക്കുന്ന പ്രായത്തില്‍ അയാള്‍ കുറിച്ചത് ഏകദിനക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ചുറി. നീണ്ട 24 വര്‍ഷം ക്രിക്കറ്റ് മൈതാനങ്ങളുടെ ഗാലറികളിലും ടെലിവിഷൻ സെറ്റുകൾക്കു മുന്നിലും ഒരു രാജ്യമാകെ കാത്തിരുന്നത് അയാള്‍ ഹെല്‍മറ്റ് ഊരി ആകാശത്തേക്കുയർത്തി ദൈവത്തിനു നന്ദി പറഞ്ഞ ശേഷം തങ്ങളെ അഭിവാദ്യം ചെയ്യുന്നതു കാണാനായിരുന്നു. സച്ചിൻ മൈതാനമധ്യത്തിലേക്കു നടക്കുമ്പോള്‍ ഗാലറികളില്‍ പാറിയ ത്രിവര്‍ണം ഒരു രാജ്യത്തിന്റെ മനസ്സായിരുന്നു. അവിടെ മുഴങ്ങിയ പെരുമ്പറകൾ ആരാധകരുടെ ഹൃദയമിടിപ്പുകളായിരുന്നു. സച്ചിൻ ക്രീസിൽ നിൽക്കുമ്പോൾ ഇന്ത്യ അജയ്യമാണെന്ന് അവർ വിശ്വസിച്ചു. അയാൾ ബാറ്റ് ചെയ്യുന്ന നേരമത്രയും ഇരുന്നിടത്തുനിന്ന് അനങ്ങുകപോലും ചെയ്യാതെ പ്രാർഥിച്ചു. പന്ത് ആ ബാറ്റിനെ കടന്നുപോയപ്പോഴെല്ലാം അവരുടെ മുഖം വാടി. ആ ബാറ്റിൽനിന്നു പാഞ്ഞ ഓരോ ഷോട്ടും അവരാഘോഷിച്ചു. ഒരു ജനതയുടെ ക്രിക്കറ്റ് പ്രണയത്തിന്റെ പര്യായമായ സച്ചിന്‍ തെൻഡുൽക്കർ ജീവിതത്തിന്റെ ക്രീസിലും അര്‍ധസെഞ്ചുറി തികയ്ക്കുകയാണ്. വിഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ...
English Summary: Sachin Tendulkar, Cricket Career Video Story