സച്ച് ഭാരത്! ആരാധകരില് ആനന്ദത്തിന്റെ മൈതാന കാവ്യം രചിച്ച ഇതിഹാസത്തിന് ഇന്ന് 50 വയസ്സ്
Mail This Article
സച്ചിൻ തെൻഡുൽക്കറുടെ ജീവിത രേഖ
∙1973-1973 ഏപ്രിൽ 24ന് മുംബൈയിൽ ജനനം. പിതാവ് രമേഷ് തെൻഡുൽക്കർ. അമ്മ രജനി തെൻഡുൽക്കർ. മറാത്തി കവിയായ രമേഷ് തെൻഡുൽക്കർക്കു സംഗീതജ്ഞൻ എസ്ഡി ബർമ്മനോടുളള ആദരവ് കാരണമാണ് മകനു സച്ചിൻ എന്നു പേരിട്ടത്.
∙1988-സച്ചിനെ ക്രിക്കറ്റ് താരമാക്കിയ ലോക റെക്കോർഡ് കൂട്ടുകെട്ട് പിറന്നത് 1988 ഫെബ്രുവരി 23ന്. ത്രിദിന മത്സരത്തിൽ ശാരദാശ്രം സ്‌കൂളിനു വേണ്ടി വിനോദ് കാംബ്ലിക്കൊപ്പം 664 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്. ഈ റെക്കോർഡ് 2006ൽ തിരുത്തപ്പെട്ടു.
∙1990-1990 ഓഗസ്റ്റ് 9ന് ആദ്യ രാജ്യാന്തര സെഞ്ചറി. ഇംഗ്ലണ്ടിനെതിരെ ഓൾഡ് ട്രാഫഡ് ടെസ്റ്റിൽ പുറത്താകാതെ 119 റൺസ്. ഇംഗ്ലണ്ട് പരമ്പരയ്ക്കുശേഷമുള്ള മടക്കയാത്രയിൽ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് സച്ചിൻ അഞ്ജലിയെ ആദ്യമായി കണ്ടുമുട്ടിയത്. 1990 ഡിസംബർ അഞ്ചിന് കരിയറിലെ ഒൻപതാം മത്സരത്തിൽ ആദ്യ അർധ സെഞ്ചറിയും മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും. പുണെയിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിൽ നേടിയത് 53 റൺസ്.
∙1995-ഡോ. അഞ്ജലിയുമായി 1995 മേയ് 24ന് 22–ാം വയസ്സിൽ സച്ചിന്റെ വിവാഹം.
∙1997-ഏകദിന ക്രിക്കറ്റിൽ 5000 റൺസ് തികച്ചു. വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ആദ്യമായി നേടി. ടെസ്റ്റിലും ഏകദിനത്തിലും കലണ്ടർ വർഷത്തിൽ 1000 റൺസ്.
∙1984-ക്രിക്കറ്റ് പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ ക്യാംപിൽ സഹോദരൻ അർജുൻ സച്ചിനെ എത്തിച്ചത് പതിനൊന്നാം വയസ്സിൽ.
∙1989-1989 നവംബർ 15ന് പതിനാറാം വയസ്സിൽ പാക്കിസ്ഥാനെതിരെ കറാച്ചി ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ കളിച്ച പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇപ്പോഴും സച്ചിന്റെ പേരിൽ. ആ വർഷം ഡിസംബറിൽ ഏകദിന ടീമിലും അരങ്ങേറി.
∙1993-ഇന്ത്യൻ മണ്ണിലെ സച്ചിന്റെ ആദ്യ സെഞ്ചറി; ചെന്നൈ ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരെ 165 റൺസ്
∙1994- സെപ്റ്റംബർ 9ന് 79-ാം മൽസരത്തിൽ ആദ്യ ഏകദിന സെഞ്ചറി. കൊളംബോയിൽ ഓസ്‌ട്രേലിയയ്ക്കെതിരെ 110 റൺസ്
∙1996-23–ാം വയസ്സിൽ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. 17 മാസത്തിനുശേഷം നായകസ്ഥാനമൊഴിഞ്ഞു.
∙1998-34 ഏകദിന മത്സരങ്ങളിൽ നിന്ന് 1894 റൺസ് നേടിയ സച്ചിൻ ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ ഏകദിന റൺസ് നേടുന്ന താരമായി. ഈ റെക്കോർഡിന് ഇന്നും മാറ്റമില്ല. ഏകദിന ക്രിക്കറ്റിലെ ആദ്യ 5 വിക്കറ്റ് നേട്ടം സച്ചിൻ സ്വന്തമാക്കുന്നത് 1998 ഏപ്രിൽ ഒന്നിന് കൊച്ചിയിൽ. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ. 1998 ഷാർജ കപ്പിൽ 5 മൽസരത്തിൽ നിന്നു 435 റൺസ് നേടിയ സച്ചിൻ ത്രിരാഷ്ട്ര ടൂർണമെന്റിൽ കൂടുതൽ റൺസ് നേടുന്ന താരമായി.
∙1999-നവംബർ എട്ടിനു ന്യൂസീലൻഡിനെതിരായ ഏകദിന മത്സരത്തിൽ രാഹുൽ ദ്രാവിഡിനൊപ്പം 331 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ സച്ചിൻ 186 റൺസും ദ്രാവിഡ് 153 റൺസും നേടി. ഈ റെക്കോർഡ് പിന്നീട് തകർക്കപ്പെട്ടു. ന്യൂസീലൻഡിനെതിരെ അഹമ്മദാബാദ് ടെസ്റ്റിൽ കരിയറിലെ ആദ്യ ഡബിൾ സെഞ്ചറി സ്വന്തമാക്കി (217 റൺസ്).
∙2001-ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടവും സച്ചിന് സ്വന്തം. ഇൻഡോറിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലെ സെഞ്ചറിയിലൂടെയാണ് സച്ചിൻ നേട്ടത്തിലെത്തിയത്
∙2003- ഏകദിന ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ സച്ചിൻ 11 ഇന്നിങ്സുകളിൽ നിന്നു നേടിയത് 673 റൺസ്. ഒരു ലോകകപ്പിൽ കൂടുതൽ റൺസെന്ന റെക്കോർഡും സ്വന്തമാക്കി.
∙2004-ഓസ്‌ട്രേലിയയ്ക്കെതിരെ പുറത്താകാതെ 248 റൺസെടുത്ത സച്ചിൻ സുനിൽ ഗാവസ്‌കറുടെ 34 ടെസ്‌റ്റ് സെഞ്ചറികളുടെ റെക്കോർഡിന് ഒപ്പമെത്തി. എല്ലാ ടെസ്‌റ്റ് ടീമുകൾക്കുമെതിരെ സെഞ്ചറി പൂർത്തിയാക്കി. ഏകദിനത്തിൽ 50 തവണ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരമായി.
∙2005- ഡിസംബർ 10ന് ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ 35–ാം സെഞ്ചറി നേടി. സുനിൽ ഗാവസ്കറിനെ മറികടന്ന് (34) കൂടുതൽ ടെസ്റ്റ് സെഞ്ചറികളുടെ റെക്കോർഡും പേരിലാക്കി.
∙2006- ഡിസംബർ ഒന്നിനു ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
∙2008- ടെസ്റ്റ് ക്രിക്കറ്റിലെ കൂടുതൽ റൺസ് നേട്ടത്തിൽ ബ്രയാൻ ലാറയുടെ റെക്കോർഡ് (11,953 റൺസ്) സച്ചിൻ മറികടന്നു. പത്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു.
∙2009-ഏകദിനത്തിൽ 17,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു
∙2010- ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇരട്ട സെഞ്ചറി (200 നോട്ടൗട്ട്). ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി സച്ചിൻ. ടെസ്‌റ്റ് ക്രിക്കറ്റിൽ 14,000 റൺസ് പിന്നിടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ്.വിസ്‌ഡൻ ലീഡിങ് ക്രിക്കറ്റർ ഇൻ ദ് വേൾഡ് പുരസ്‌കാര ജേതാവായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയൻ ടെസ്റ്റിൽ കരിയറിലെ അൻപതാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കി.
∙2011-ആറാം ലോകകപ്പ് മത്സരത്തിൽ സച്ചിൻ പങ്കെടുത്തു (1992, 1996, 1999, 2003, 2007, 2011) ഏകദിന ക്രിക്കറ്റിൽ കൂടുതൽ കാലം കളിച്ചതിൽ മിയാൻദാദിന്റെ റെക്കോർഡ് സച്ചിൻ മറികടന്നു. ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ തോൽപിച്ചതോടെ സച്ചിന് കന്നി ലോകകപ്പ് നേട്ടം
∙2012-ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്കാരം സച്ചിന് ലഭിച്ചു.രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചറികളിൽ സച്ചിൻ സെഞ്ചറി തികച്ചു. ബംഗ്ലദേശിനെതിരെ ഏഷ്യാ കപ്പ് ടൂർണമെന്റിലായിരുന്നു നൂറാം സെഞ്ചറി നേട്ടം.2012 മാർച്ച് 18ന് പാക്കിസ്ഥാനെതിരെ മിർപുരിൽ സച്ചിൻ കരിയറിലെ അവസാന ഏകദിന മത്സരം കളിച്ചു. രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തു. ഏകദിനത്തിൽ നിന്നു വിരമിച്ചതായി സച്ചിൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് 2012 ഡിസംബർ 23ന്
∙2013- വിസ്‌ഡന്റെ 150–ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓൾടൈം ലോക ഇലവനിൽ സ്‌ഥാനം നേടി. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നുവെന്ന് സച്ചിന്റെ പ്രഖ്യാപിച്ചത് 2013 ഒക്‌ടോബർ 10ന്. 2013 നവംബറിൽ വാങ്കഡെ സ്റ്റേഡിയത്തിൽ വിൻഡീസിനെതിരെ അവസാന ടെസ്റ്റ് കളിച്ച് ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2013ൽ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിൽ സച്ചിൻ അംഗമായിരുന്നു. ആ വർഷം െഎപിഎലിൽനിന്നു വിരമിച്ചു.
∙2014-ഭാരതരത്ന ബഹുമതി ലഭിക്കുന്ന ആദ്യ കായിക താരമായി.
∙2015-ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ മൂന്നംഗ ഉപദേശക സമിതിയിൽ സൗരവ് ഗാംഗുലിക്കും വിവിഎസ് ലക്ഷ്മണുമൊപ്പം അംഗമായി
English Summary: Sachin Tendulkar Life and Career