ADVERTISEMENT

ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഒരു പതിറ്റാണ്ടു പിന്നിടുന്ന വേളയിലും സച്ചിന്റെ കരിയറിലെ പല റെക്കോ‍ർഡുകളും ഇതുവരെ ആർക്കും തകർക്കാനായിട്ടില്ല. ഇതിൽ പല റെക്കോർഡുകളും ആരാലും തകർക്കപ്പെടാതെ കാലങ്ങളോളം നിലനിൽക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനങ്ങൾ. സച്ചിന്റെ അമ്പതാം പിറന്നാൾ ദിനത്തില്‍ സൂപ്പർ താരത്തിന്റെ തകർക്കപ്പെടാൻ സാധ്യതയില്ലാത്ത അഞ്ച് റെക്കോർഡുകൾ ഇതാ...

ഏറ്റവുമധികം ടെസ്റ്റുകൾ

ടെസ്റ്റ് ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന തലമുറയുടെ ഭാഗമായ സച്ചിൻ തെൻഡുൽക്കറിന്റെ പേരിലാണ് ഏറ്റവുമധികം ടെസ്റ്റ് കളിച്ചതിന്റെ റെക്കോർഡും. 24 വർഷം നീണ്ട കരിയറിൽ 200 ടെസ്റ്റ് മത്സരങ്ങളാണ് സച്ചിൻ ഇന്ത്യക്കായി കളിച്ചത്. നിലവില്‍ സജീവമായ താരങ്ങളിൽ ഇംഗ്ലീഷ് താരം ജയിംസ് അൻഡേഴ്സൺ 179 മത്സരങ്ങളുമായി സച്ചിന് പിന്നാലെയുണ്ട്. ജൂലൈയിൽ 41 വയസിലേക്ക് പ്രവേശിക്കുന്ന അൻഡേഴ്സൺ സച്ചിന്റെ നേട്ടം മറികടക്കാൻ സാധ്യതയില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. 

ഏറ്റവുമധികം ടെസ്റ്റ് റൺസുകൾ

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരവും സച്ചിനാണ്. 329 ഇന്നിങ്സുകളിൽ നിന്നും 53.78 ശരാശരിയിൽ 15921 റൺസാണ് സച്ചിൻ നേടിയത്. നിലവിൽ സജീവമായ താരങ്ങളിൽ ഇംഗ്ലീഷ് ക്രിക്കറ്റർ ജോ റൂട്ട് 129 ടെസ്റ്റിൽ നിന്നും 10948 റൺസ് നേടിയിട്ടുണ്ട്. സച്ചിനെ റൂട്ട് മറികടക്കുമോയെന്ന് അറിയാൻ ഇനിയും ഏറെ കാലം കാത്തിരിക്കണമെന്നതു തീർച്ച.

ഏകദിനത്തിലും റൺവേട്ടയിൽ രാജാവ്

ടെസ്റ്റിൽ മാത്രമല്ല ഏകദിനത്തിലും സച്ചിനാണ് ഏറ്റവുമധികം റൺസ് നേടിയ താരം. 463 50 ഓവർ മത്സരങ്ങളിൽ നിന്നായി സച്ചിൻ നേടിയത് 18426 റൺസാണ്. ശരാശരി 44.83, സ്ട്രൈക്ക് റേറ്റ് 86.23 എന്നിവയുടെ പിൻബലത്തോടെയായിരുന്നു സച്ചിന്റെ റൺവേട്ട. 49 സെഞ്ചറികളും ഏകദിനത്തിൽ സച്ചിൻ നേടിയിട്ടുണ്ട്. നിലവിൽ സജീവമായ താരങ്ങളിൽ സച്ചിനു പിന്നാലെയുള്ളത് ഇന്ത്യൻ താരം വിരാട് കോലിയാണ്. 274 ഏകദിനത്തിൽ നിന്നും 12898 റൺസാണ് കോലി ഇതുവരെ നേടിയത്.

ഏറ്റവുമധികം ലോകകപ്പുകൾ

ഏറ്റവുമധികം ലോകകപ്പ് കളിച്ച താരവും സച്ചിൻ തെൻഡുൽക്കറാണ്. 1989 ല്‍ ഏകദിനത്തിൽ അരേങ്ങറിയ സച്ചിൻ അവസാന ഏകദിനം കളിച്ചത് 2012 ലാണ്. ഇതിനിടെ ആറ് ഏകദിന ലോകകപ്പുകളിൽ സച്ചിൻ ഇന്ത്യക്കായി കളത്തിൽ ഇറങ്ങി.

ഫോറുകളുടെ സച്ചിൻ

ഏകദിനത്തില്‍ ഏറ്റവുമധികം ഫോർ നേടിയ താരവും സച്ചിനാണ്. 2016 ഫോറാണ് ഏകദിന ക്രിക്കറ്റിൽനിന്നു സച്ചിൻ നേടിയത്. 8064 റണ്‍സാണ് ഫോറിലൂടെ മാത്രം സച്ചിൻ സ്വന്തമാക്കിയത്. നിലവിൽ സജീവമായ താരങ്ങളിൽ വിരാട് കോലിയാണ് സച്ചിനു പിന്നിലുള്ളത്. കോലി നേടിയതാകട്ടെ 1211 ഫോറുകളാണ്.

English Summary: Sachin Tendulkar, records that may never be broke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com