ഗുജറാത്തിന് അവസാന ഓവറിൽ ലക്ഷ്യം 12, കിട്ടിയത് 6 മാത്രം, തെവാത്തിയ വെടിക്കെട്ടും ഏറ്റില്ല
Mail This Article
അഹമ്മദാബാദ് ∙ ചെറിയ സ്കോറിൽ ഡൽഹിയെ എറിഞ്ഞിട്ടുവെന്ന ഗുജറാത്തിന്റെ ആത്മവിശ്വാസത്തിന് ഒരു ഇന്നിങ്സിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അതേ പന്തുകൊണ്ട് ഉജ്വലമായി തിരിച്ചടിച്ച ഡൽഹി ബോളർമാർ അതിലും ചെറിയ സ്കോറിൽ അവരെ എറിഞ്ഞൊതുക്കി. ഇരുടീമിലെയും ബോളർമാർ പന്തേറിൽ മത്സരിച്ച ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 5 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 131 റൺസിന്റെ നിസ്സാര വിജയലക്ഷ്യം 4 വിക്കറ്റു കയ്യിലുണ്ടായിരുന്നിട്ടും നിലവിലെ ചാംപ്യൻമാർക്ക് മറികടക്കാനായില്ല. സ്കോർ: ഡൽഹി– 20 ഓവറിൽ 8ന് 130. ഗുജറാത്ത്– 20 ഓവറിൽ 6ന് 125. ജയത്തോടെ ഡൽഹി പ്ലേഓഫ് സാധ്യത നിലനിർത്തി.
4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഡൽഹിയുടെ 4 മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് പേസർ മുഹമ്മദ് ഷമിയുടെ ബോളിങ് പ്രകടനം ഡൽഹി ബോളർമാരുടെ കൂട്ടായുള്ള ആക്രമണത്തിനു മുൻപിൽ നിറംമങ്ങിപ്പോയി. പവർപ്ലേയിൽ 23 റൺസിനിടെ 5 വിക്കറ്റു നഷ്ടമായി വൻ തകർച്ച നേരിട്ട ഡൽഹിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് ഏഴാമനായി ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി നേടിയ ആഭ്യന്തര താരം അമാൻ ഹക്കീം ഖാന്റെ പ്രകടനമാണ് (44 പന്തിൽ 51).
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തകർച്ച മത്സരത്തിലെ ആദ്യ പന്തിൽ തന്നെ തുടങ്ങി. ഇംഗ്ലണ്ട് താരം ഫിലിപ് സാൾട്ടായിരുന്നു (0) ഷമിയുടെ ആദ്യ ഇര. തൊട്ടടുത്ത ഓവറിൽ റണ്ണിങ്ങിലെ അശ്രദ്ധ മൂലം ക്യാപ്റ്റൻ ഡേവിഡ് വാർണർ (2) വിക്കറ്റ് നഷ്ടപ്പെടുത്തി. മൂന്നാം ഓവറിലെ അവസാന പന്തിൽ റൈലി റൂസോയെ (8) വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ച ഷമി അഞ്ചാം ഓവറിലെ ആദ്യ പന്തിൽ മനീഷ് പാണ്ഡെയെയും (1) അവസാന പന്തിൽ പ്രിയം ഗാർഗിനെയും (10) ഡ്രസിങ് റൂമിൽ തിരിച്ചെത്തിച്ചു. തുടർന്ന് അക്ഷർ പട്ടേലും (27) ആഭ്യന്തര താരം അമാൻ ഹക്കീമും (51) ചേർന്ന് ആറാം വിക്കറ്റിൽ 50 റൺസ് നേടി. അക്ഷർ പുറത്തായശേഷം റിപൽ പട്ടേലിനൊപ്പം (23) 53 റൺസിന്റെ ഏഴാം വിക്കറ്റു കൂട്ടുകെട്ടുമായി അമാൻ ടീമിനെ താങ്ങി നിർത്തി.
മറുപടി ബാറ്റിങ്ങിറങ്ങിയ ഗുജറാത്തിന് അതേ നാണയത്തിൽ ഡൽഹി മറുപടി നൽകി. വൃദ്ധിമാൻ സാഹ (0), ശുഭ്മൻ ഗിൽ (6) വിജയ് ശങ്കർ (6), ഡേവിഡ് മില്ലർ (0) തുടങ്ങിയവർ വന്നതു പോലെ മടങ്ങി. ഒരറ്റത്തു പിടിച്ചുനിന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയിലായിരുന്നു (53 പന്തിൽ പുറത്താകാതെ 59) ഗുജറാത്തിന്റെ പ്രതീക്ഷ. അവസാന 9 പന്തിൽ 30 റൺസ് വേണ്ടിയിരിക്കെ രാഹുൽ തെവാത്തിയ നടത്തിയ വെടിക്കെട്ട് (7 പന്തിൽ 20) ഗുജറാത്ത് ക്യാംപിൽ പ്രതീക്ഷയുണർത്തി. അവസാന ഓവറിൽ 12 റൺസായി ലക്ഷ്യം ചുരുങ്ങി. എന്നാൽ ഉജ്വലമായി പന്തെറിഞ്ഞ വെറ്ററൻ താരം ഇഷാന്ത് ശർമ വഴങ്ങിയത് വെറും 6 റൺസ്. നാലാം പന്തിൽ ഇഷാന്ത് തെവാത്തിയയെ പുറത്താക്കുകയും ചെയ്തു.
English Summary : Delhi Capitals defeated Gujarat Titans in IPL 2023