നവീൻ പണ്ടേ പ്രശ്നക്കാരൻ? മുൻപും തർക്കം; അഫ്രീദിയുടെ ഉപദേശം ‘കുത്തിപ്പൊക്കി’ ആർസിബി ഫാൻസ്
Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റൻ വിരാട് കോലി ലക്നൗ താരം നവീൻ ഉൾ ഹഖ്, മെന്റർ ഗൗതം ഗംഭീർ എന്നിവരോടു തർക്കിച്ച സംഭവത്തിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി മുൻപ് നവീൻ ഉൾ ഹഖിനെക്കുറിച്ചു പറഞ്ഞ ട്വീറ്റാണ് ആർസിബി ആരാധകർ വീണ്ടും ചർച്ചയാക്കുന്നത്. ലങ്കൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ നവീൻ ഉൾ ഹഖ്, ഷാഹിദ് അഫ്രീദിയുമായും മുൻപ് തർക്കിച്ചിരുന്നു.
ഈ മത്സരത്തിനു ശേഷം ഷാഹിദ് അഫ്രീദി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു– ‘‘മോശം വാക്കുകളിൽ മുഴുകാതെ ക്രിക്കറ്റ് കളിക്കാനാണ് എനിക്ക് യുവതാരങ്ങളോടു പറയാനുള്ളത്. എനിക്ക് അഫ്ഗാനിസ്ഥാൻ ടീമിൽ സുഹൃത്തുക്കളുണ്ട്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. സഹതാരങ്ങളെയും എതിരാളികളെയും ബഹുമാനിക്കുകയെന്നത് ക്രിക്കറ്റിലെ അടിസ്ഥാന തത്വമാണ്.’’
ഉപദേശം കേള്‍ക്കാനും ആളുകളെ ബഹുമാനിക്കാനും തയാറാണെങ്കിലും ആളുകൾ കാല്‍ക്കീഴിലാണെന്നു കരുതുന്നത് അംഗീകരിക്കില്ലെന്നായിരുന്നു നവീൻ ഉള്‍ ഹഖിന്റെ മറുപടി. 2020ൽ ശ്രീലങ്കൻ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന സീസണിലായിരുന്നു നവീൻ ഉൾ ഹഖ്, ഷാഹിദ് അഫ്രീദിയുമായി തർക്കിച്ചത്. കാൻഡി ടസ്കേഴ്സ് താരമായിരുന്ന നവീൻ മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴാണു അഫ്രീദിക്കു നേരെ തിരിഞ്ഞത്.
English Summary: Shahid Afridi's old tweet after ugly spat with Naveen-ul-Haq