ADVERTISEMENT

മുംബൈ∙ ഗ്രൗണ്ടിൽ തമ്മിലടിച്ച വിരാട് കോലിക്കും ഗൗതം ഗംഭീറിനും ഉപദേശവുമായി വിരേന്ദർ സേവാഗ്. ഗ്രൗണ്ടിൽ കലഹമുണ്ടാക്കുന്നത് മോശമാണെന്നും കുട്ടികൾ കാണുന്നുണ്ടെന്നുമായിരുന്നു സെവാഗിന്റെ പ്രതികരണം.

‘‘മത്സരം കഴിഞ്ഞ ഉടനെ ടിവി ഓഫ് ചെയ്തിരുന്നു. പിറ്റേന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗ്രൗണ്ടിൽ പ്രശ്നമുണ്ടായ കാര്യം അറിഞ്ഞത്. തോൽവി ഏറ്റുവാങ്ങുന്ന ടീം മിണ്ടാതെ ഗ്രൗണ്ട് വിടുന്നതാണ് നല്ലത്. വിജയിക്കുന്ന ടീമീന് ആഘോഷിക്കാൻ അവകാശമുണ്ട്. എന്തിനാണ് ഇവർ പരസ്പരം വഴക്കിടുന്നത്. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്; ഇവർ രാജ്യത്തിന്റെ പ്രതിബിംബങ്ങളാണ്. ഇവർക്ക് ഇങ്ങനെ ചെയ്യാമെങ്കിൽ ഇത് കാണുന്ന ദശലക്ഷക്കണക്കിന് കുട്ടികൾ കരുതും തങ്ങൾക്കും ഇതൊക്കെ ആകാമെന്ന്. തങ്ങളുടെ പ്രവർത്തികൾ കുട്ടികൾ കാണുന്നുണ്ടെന്ന കാര്യം താരങ്ങൾ മനസിൽ സൂക്ഷിച്ചാൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കും.’’ – സേവാഗ് പറഞ്ഞു. 

ഐപിഎല്ലിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾക്കാണ് കഴിഞ്ഞ തിങ്കളാഴ്ച നടന്ന ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം സാക്ഷ്യം വഹിച്ചത്. ബാംഗ്ലൂരിന്‍റെ സൂപ്പർ താരം വിരാട് കോഹ്‍ലിയും ലഖ്‌നോവിന്റെ മെന്‍റർ ഗൗതം ഗംഭീറും മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടുകയായിരുന്നു. ക്രിക്കറ്റിന് തന്നെ നാണക്കേടായ സംഭവത്തിൽ ഇരുവർക്കും മുഴുവൻ മാച്ച് ഫീയും പിഴയിടുകയും ചെയ്തു.

മത്സരത്തിനിടെ വിരാട് കോലി എന്തോ പറയുന്നതും ലക്നൗവിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഇതിനോടു പ്രതികരിക്കുന്നതുമാണ് പ്രശ്നത്തിന് തുടക്കം. തുടർന്ന് കോലി അഫ്ഗാൻ താരത്തിന് തന്റെ കാലിലെ ഷൂ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. വിരാട് കോലി എന്താണു പറഞ്ഞതെന്നു വ്യക്തമല്ല. അംപയർമാരും ലക്നൗ ബാറ്റർ അമിത് മിശ്രയും വിഷയത്തിൽ ഇടപെടുന്നതും കോലി ഇവരോട് സംസാരിക്കുന്നതും വി‍ഡിയോയിലുണ്ട്.

മത്സരശേഷം വിരാട് കോലിയും നവീനും ഷെയ്ക് ഹാൻഡ് ചെയ്തപ്പോഴും തർക്കമുണ്ടായി. ഏതാനും നേരത്തെ തർക്കത്തിനൊടുവിൽ കോലിയും നവീനും പോയെങ്കിലും പിന്നീട് ലക്നൗ ബാറ്റർ കൈൽ മേയര്‍സ് കോലിയോടു സംസാരിക്കുന്നുണ്ട്. തുടർന്ന് ലക്നൗ ടീമിന്റെ മെന്റർ ഗൗതം ഗംഭീർ വിഷയത്തിൽ ഇടപെട്ടു. ഗംഭീർ നടന്നെത്തി മേയർസിനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഗംഭീർ തിരിച്ചെത്തി കോലിയോട് തർക്കുകയായിരുന്നു.  

 

English Summary: Virender Sehwag's bold take on Kohli-Gambhir IPL spat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com