ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ടാം വിജയത്തോടെ പ്ലേ ഓഫിന് അടുത്തെത്തി ഗുജറാത്ത് ടൈറ്റന്‍സ്. 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഗുജറാത്ത് ഉയർത്തിയ 228 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഗുജറാത്തിന്റെ വിജയം 56 റൺസിന്. ടൈറ്റൻസിനായി മോഹിത് ശർമ നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ക്വിന്റൻ ഡി കോക്കും കൈൽ മേയർസും ചേർന്ന് ലക്നൗവിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടു വന്ന ബാറ്റർമാർക്ക് അതു മുതലെടുക്കാൻ സാധിച്ചില്ല. ഐപിഎല്‍ സീസണിൽ ആദ്യ മത്സരം കളിക്കുന്ന ഡി കോക്ക് 41 പന്തുകളിൽനിന്ന് 70 റൺസെടുത്തു പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ 88 റൺസാണ് ലക്നൗ താരങ്ങൾ കൂട്ടിച്ചേര്‍ത്തത്. 

മേയർസ് 32 പന്തിൽ 48 റൺസുമായി മടങ്ങി. മോഹിത് ശർമയുടെ പന്തിൽ റാഷിദ് ഖാന്റെ ക്യാച്ചിലാണ് മേയർസിന്റെ പുറത്താകൽ. മധ്യനിര താരങ്ങൾക്കു തിളങ്ങാനാകാതെ പോയത് ലക്നൗവിനു തിരിച്ചടിയായി. ദീപക് ഹൂഡ (11 പന്തിൽ 11), മാർ‌കസ് സ്റ്റോയ്നിസ് (ഒൻപതു പന്തിൽ‌ നാല്), നിക്കോളാസ് പുരാൻ (ആറ് പന്തിൽ മൂന്ന്) എന്നിവർ ഗുജറാത്തിന്റെ വമ്പൻ വിജയ ലക്ഷ്യത്തിനു മുന്നിൽ പൊരുതാതെ മടങ്ങി.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനി 11 പന്തിൽ 21 റൺസെടുത്തു. മോഹിത് ശർമയുടെ പന്തിൽ നൂർ അഹമ്മദ് ക്യാച്ചെടുത്താണ് ബദോനിയെ പുറത്താക്കിയത്. ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ‌ മടങ്ങി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

സാഹ, ഗിൽ വെടിക്കെട്ടിൽ ടൈറ്റന്‍സിന് കൂറ്റൻ സ്കോർ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ (42 പന്തിൽ 81), ശുഭ്മൻ ഗില്‍ (51 പന്തില്‍ 94) എന്നിവര്‍ ടൈറ്റൻസിനായി അര്‍ധ സെഞ്ചറി തികച്ചു. ഓപ്പണര്‍മാരായ വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ 142 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. പവർപ്ലേയിൽ ആദ്യ 24 പന്തുകളിൽതന്നെ 50 പിന്നിട്ട ഗുജറാത്ത്, 50 ബോളിൽ നൂറിലെത്തി. പവര്‍ പ്ലേ ഓവറുകളിൽ തകർത്തടിച്ച സാഹ 20 പന്തിൽ അർധ സെഞ്ചറി തികച്ചു. 29 പന്തുകളാണ് ഗില്ലിന് ഫിഫ്റ്റി തികയ്ക്കാൻ വേണ്ടിവന്നത്.

ഗുജറാത്തിനായി അർധ സെഞ്ചറി വൃദ്ധിമാൻ സാഹയുടെ ആഹ്ലാദം. Photo: FB@IPL
ഗുജറാത്തിനായി അർധ സെഞ്ചറി വൃദ്ധിമാൻ സാഹയുടെ ആഹ്ലാദം. Photo: FB@IPL

13–ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ സാഹ പുറത്തായി. നാല് സിക്സുകളും പത്ത് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ഗില്ലിന് കൂട്ടായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എത്തിയെങ്കിലും അധിക നേരം ക്രീസിൽനിന്നില്ല. രണ്ട് സിക്സുകൾ പറത്തിയ പാണ്ഡ്യ 15 പന്തിൽ 25 റൺസെടുത്തു. മുഹ്സിൻ ഖാന്റെ പന്തിൽ ലക്നൗ ക്യാപ്റ്റന്‍ ക്രുനാൽ പാണ്ഡ്യയാണ് ഹാർദിക്കിന്റെ ക്യാച്ചെടുത്തത്. 17.4 ഓവറുകളിൽ ഗുജറാത്ത് 200 പിന്നിട്ടു.

20–ാം ഓവറിൽ സെഞ്ചറി നേടാൻ ഗില്ലിന് അവസരമുണ്ടായിരുന്നെങ്കിലും ലക്ഷ്യം നേടാനായില്ല. 12 പന്തുകളിൽ 21 റൺസുമായി ഡേവിഡ് മില്ലറും പുറത്താകാതെനിന്നു. ക്വിന്റൻ ഡി കോക്ക്, ദീപക് ഹൂഡ, നിക്കോളാസ് പുരാൻ എന്നിവരൊഴികെ എട്ടു താരങ്ങളാണ് ഇന്ന് ലക്നൗവിനായി പന്തെറിഞ്ഞത്. വിക്കറ്റ് കിട്ടിയത് മുഹ്സിൻ ഖാനും ആവേശ് ഖാനും മാത്രം.

English Summary: Gujarat Titans vs Lucknow Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com