ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ പാതിവഴിയിൽ ഉപേക്ഷിച്ചാണ് മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ നാട്ടിലേക്കു മടങ്ങിയത്. പരുക്കിന്റെ പിടിയിലായിരുന്ന ആർച്ചർക്ക് ഐപിഎല്ലിൽ വേണ്ടത്ര ശോഭിക്കാനും സാധിച്ചിരുന്നില്ല. അതിനിടെയാണ് ആഷസ് പരമ്പരയും ഏകദിന ലോകകപ്പും മുന്നില്‍ കണ്ട് ആർച്ചർക്ക് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിവന്നത്. മുംബൈ ക്യാംപ് വിട്ടെങ്കിലും ആർച്ചറിനെ മുംബൈ ഫ്രാഞ്ചൈസി വിടുന്ന ലക്ഷണമില്ല.

കോടിക്കണക്കിന് രൂപ ചെലവിട്ട് ഫുൾടൈം കോൺട്രാക്ട് നൽ‌കി ആർച്ചറെ മുംബൈ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ദീർഘകാലം ആർച്ചറുടെ സേവനം മുംബൈ ഇന്ത്യൻസിനും അതിന്റെ ഫ്രാഞ്ചൈസി ടീമുകൾ‌ക്കും വേണ്ടി മാത്രം ഉപയോഗിക്കാനാണു ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ആർച്ചറിനെ കളിപ്പിക്കണമെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മുംബൈ ഇന്ത്യൻസിന്റെ അനുമതി വാങ്ങേണ്ട സാഹചര്യം വരും.

മുംബൈയുടെ വാർഷിക കരാർ ഓഫർ ജോഫ്ര ആർച്ചർ സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലീഗിലും എംഐ ഫ്രാഞ്ചൈസിക്കു വേണ്ടിയാണ് ആർച്ചർ കളിക്കുന്നത്. പുതിയ കരാർ താരം സ്വീകരിക്കുകയാണെങ്കിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന ലീഗുകളിലും എംഐ ഫ്രാഞ്ചൈസി ഉടമകളായുള്ള ടീമുകളിൽ ആർച്ചര്‍ കളിക്കേണ്ടിവരും.

പരുക്കു മാറിയ ശേഷം ദക്ഷിണാഫ്രിക്കൻ ലീഗിൽ കളിച്ച ആർച്ചർ 11 മത്സരങ്ങളിലാണ് ഇറങ്ങിയത്. 2022 ഐപിഎൽ മെഗാ താരലേലത്തിൽ എട്ടു കോടി രൂപയ്ക്കാണു ആർച്ചറെ മുംബൈ വാങ്ങിയത്. പരുക്കിന്റെ പിടിയിലായിരുന്ന താരത്തെ ആ സീസണിൽ കളിപ്പിക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മുംബൈയുടെ നീക്കം. 2023 ഐപിഎല്ലിൽ മടങ്ങിയെത്തിയെങ്കിലും അഞ്ച് കളികളിൽ മാത്രമാണു താരം പന്തെറിഞ്ഞത്.

English Summary: MI To Offer Full-Time Contract To Jofra Archer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com