സഞ്ജു അവസാനം ഡേറ്റിന് പോയതെപ്പോൾ? ചിരി പൊട്ടിച്ച് ചോദ്യം; ആസിഫിന്റെ വിളിപ്പേര് കുഞ്ഞാണി
Mail This Article
കൊൽക്കത്ത∙ ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിർണായക പോരാട്ടത്തിന് ഒരുങ്ങുമ്പോഴും ആരാധകർക്കായി റാപിഡ് ഫയർ ഷോയുമായി രാജസ്ഥാൻ റോയൽസിന്റെ മലയാളി താരങ്ങൾ. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, കെ.എം. ആസിഫ് എന്നിവരാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിലുള്ളത്. ദേവ്ദത്ത് പടിക്കലാണ് ടീമിന്റെ അവതാരകൻ.
അവസാനമായി ഡേറ്റിന് പോയത് എപ്പോഴാണ് എന്നാണ് ദേവ്ദത്ത് സഞ്ജുവിനോട് ആദ്യ ചോദ്യം ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ച ഭാര്യ ചാരുലതയ്ക്കൊപ്പം പോയിരുന്നു എന്ന് സഞ്ജു മറുപടി നൽകി. അത് ഏതായാലും നന്നായി എന്നാണു ആസിഫ് ഇതിനോടു പ്രതികരിച്ചത്. ആസിഫിനോട് ഈ ചോദ്യം ചോദിക്കാത്തതിൽ സഞ്ജു പരാതി പറഞ്ഞു.
സഞ്ജുവിന്റെ വിവാഹം കഴിഞ്ഞല്ലോ അതുകൊണ്ടായിരിക്കാം ചോദിച്ചതെന്നാണ് ആസിഫിന്റെ മറുപടി. തുടർന്ന് ചിരിച്ചുകൊണ്ടു താരങ്ങൾ അടുത്ത ചോദ്യത്തിലേക്കു കടന്നു. ചായ കപ്പിന്‍റെ ചിത്രമാണ് ഇഷ്ടപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റെന്നും ചായ തനിക്കേറെ ഇഷ്ടമാണെന്നും ആസിഫ് പറയുന്നു. അതിനിടെ ആസിഫിന്റെ മറ്റാർക്കും അറിയാത്ത പേര് ഏതാണെന്നായി ദേവ്ദത്തിന്റെ ചോദ്യം.
‘കുഞ്ഞാണി’ എന്നാണു പേരെന്ന് ആസിഫ് വെളിപ്പെടുത്തിയതോടെ അതെന്താണെന്നായി സഞ്ജുവിന്റെയും ദേവ്ദത്തിന്റേയും സംശയം. കുഞ്ഞുങ്ങളെ വിളിക്കുന്ന പേര് എന്ന് ആസിഫ് ഇതിനു മറുപടിയും നൽകി. ഇന്നു വിജയിച്ചാൽ രാജസ്ഥാന് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറാം. 11 മത്സരങ്ങളിൽനിന്ന് അഞ്ച് ജയവും ആറു തോൽവിയുമായി രാജസ്ഥാന്‍ റോയൽസ് പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്.
English Summary: Sanju Samson, Devdutt Padikkal, KM Asif in RR Rapid Fire