ADVERTISEMENT

ഇംപാക്ട് പ്ലെയർ, സൂപ്പർ ക്ലൈമാക്സുകൾ, മാറിമറിയുന്ന ടോപ് 4, വമ്പൻ സെഞ്ചറികൾ... ഹോം എവേ രീതിയിലേക്ക് തിരിച്ചെത്തിയതോടെ ഐപിഎലിൽ ആവേശവും ഇരട്ടിയായെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും മുൻതാരം സുരേഷ് റെയ്ന. ഐപിഎൽ സീസണിനെക്കുറിച്ച് ജിയോ സിനിമയുടെ കമന്ററി പാനൽ അംഗം കൂടിയായ റെയ്ന സംസാരിക്കുന്നു...

∙ ഇന്ത്യൻ ഭാവി ഇടത്തേക്ക്...

ഇന്ത്യൻ ഇടംകയ്യൻ ബാറ്റർമാരുടെ മിന്നും ഫോമിനാണ് ഐപിഎൽ സാക്ഷിയാകുന്നത്. രാജസ്ഥാൻ താരം യശസ്വി ജയ്സ്വാളും മുംബൈ താരം ഇഷൻ കിഷനും ടീമിനായി മികച്ച തുടക്കമാണ് നൽകുന്നത്. മധ്യനിരയിൽ കൊൽക്കത്തയുടെ റിങ്കു സിങ്, മുംബൈയുടെ തിലക് വർമ എന്നിവരും സൂപ്പർ ഫോമിലാണ്. ഇവർ ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷ. തുടക്കം മുതൽ ഇന്ത്യൻ ടീം ബാറ്റിങ് ഓർഡറിൽ ഇടം വലം കോംബിനേഷൻ പരീക്ഷിക്കാൻ ഇവരിലൂടെ സാധിക്കും.

∙ വമ്പൻ ഇംപാക്ട്

ഐപിഎൽ സീസണിൽ ആവേശം ഇരട്ടിയായതിൽ പ്രധാന പങ്ക് ഇംപാക്ട് പ്ലെയർ നിയമത്തിന്റെ വരവ് തന്നെയാണ്. ടീം ടോട്ടലുകൾ 200 കടക്കുന്നത് ഇതിനോടകം പല തവണ കണ്ടു. മുൻ സീസണുകളിൽ 180 റൺസ് എന്നത് മികച്ച സ്കോർ ആയിരുന്നെങ്കിൽ ഇത്തവണ 200ന് മുകളിലെത്തേണ്ട സ്ഥിതിയാണ്. ഒരു ബാറ്ററും ഒരു ബോളറും ടീമിൽ കൂടുതലാണ്. പക്ഷേ സിക്സുകളുടെ എണ്ണത്തിനൊപ്പം ഡോട്ട് ബോളുകളുടെ എണ്ണത്തിലും വർധന ഉണ്ട്.

∙ ഓൾറൗണ്ടർമാരുടെ ഭാവി

ഇംപാക്ട് നിയമത്തിന്റെ വരവോടെ കഴിഞ്ഞ സീസണിൽ ബോൾ ചെയ്ത മിക്ക ഓൾറൗണ്ടർമാർക്കും ഇത്തവണ അവസരം ലഭിച്ചിട്ടില്ല. ടീമിൽ അഞ്ചിനു മുകളിൽ ബോളർമാർ വരുന്നതാണ് കാരണം. എന്നാൽ ഇംപാക്ട് പ്ലെയറായി എത്തുന്ന ബോളറിനു തന്നെ 4 ഓവർ നൽകണമെന്ന് ക്യാപ്റ്റൻമാർ നിർബന്ധം പിടിക്കേണ്ടതില്ല. സാഹചര്യത്തിനൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിൽ ഇംപാക്ട് പ്ലെയറെ മാറ്റി മറ്റുള്ളവർക്ക് പന്തേൽപിക്കാൻ ധൈര്യം കാണിക്കണം. ചില സാഹചര്യങ്ങളിൽ പ്രധാന ബോളർമാരെക്കാൾ ഇംപാക്ട് ഉണ്ടാക്കാൻ ഓൾറൗണ്ടർമാർക്ക് സാധിക്കും.

∙ ക്യാപ്റ്റൻ ഹാർദിക്

ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്കു നയിച്ച താരമാണ് ഹാർദിക് പാണ്ഡ്യ. ഇത്തവണയും ആ മികവ് തുടരുന്നു. ഇന്ത്യൻ ടീമിനെ നയിച്ച അവസരങ്ങളിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികവ് നമ്മൾ കണ്ടതാണ്. ഹാർദിക് തന്നെയാവും ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റൻ.

∙ ചെന്നൈയെ ആരു നയിക്കും?

ഈ സീസണോടെ ധോണി വിരമിച്ചാൽ രവീന്ദ്ര ജഡേജയാകും ചെന്നൈയുടെ ക്യാപ്റ്റൻ. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈയെ നയിക്കും. ചെന്നൈയുടെ ഭാവി നായകനാണ് ഋതുരാജ്.

∙ ധോണിയുടെ ഫോം

ഇത്തവണ ഫൈനൽ കളിക്കാൻ സാധ്യതയുള്ള ടീമാണ് ചെന്നൈ. ബാറ്റിങ്ങിൽ ഋതുരാജ് ഗെയ്ക്‌വാദ്, ഡെവൺ കോൺവേ, അജിൻക്യ രഹാനെ എന്നിവർ ഫോമിലാണ്. മധ്യനിരയിൽ ശിവം ദുബെയുടെ തകർപ്പൻ ബാറ്റിങ് ടീമിന് കരുത്താണ്. സ്പിൻ ബോളർമാരെ മികവോടെ നേരിടാൻ ദുബെയ്ക്ക് കഴിയുന്നുണ്ട്. മൊയീൻ അലി, രവീന്ദ്ര ജഡേജ എന്നിവർ നയിക്കുന്ന സ്പിൻ നിരയും ശക്തമാണ്. ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മികച്ച പ്രകടനമാണ് ഇതുവരെയുള്ള മത്സരങ്ങളിൽ കണ്ടത്. ധോണിയുടെ അവസാന സീസൺ എന്നൊക്കെ പലരും പറയുന്നെങ്കിലും അടുത്ത സീസൺ കൂടി അദ്ദേഹം കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്.

English Summary: Interview With Suresh Raina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com