അനായാസ ക്യാച്ചുകൾ പാഴാക്കി, രോഷത്തിൽ അലറി കുൽദീപ്; റൺഔട്ടും തുലച്ച് ഡല്‍ഹി
Mail This Article
ധരംശാല∙ പ്ലേ ഓഫ് പ്രതീക്ഷകളുമായി ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ പഞ്ചാബ് കിങ്സിനെതിരെ 15 റണ്‍സ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിപ്പിച്ച ഡൽഹിക്ക് ആശ്വാസ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്നും ഒമ്പതാം സ്ഥാനത്തേക്ക് ഉയരാനായി. ഫീൽഡിങ്ങിനിടയിലെ പിഴവുകൾ മറികടന്നാണ് ഡൽഹി പഞ്ചാബിനെതിരെ വിജയം സ്വന്തമാക്കിയത്. സീസണിൽ ഡല്‍ഹിയുടെ 13–ാം മത്സരത്തിൽ ഫീൽഡർമാരുടെ പിഴവുകൾ നിരവധിയായിരുന്നു.
അനായാസം എടുക്കാവുന്ന രണ്ട് ക്യാച്ചുകളും ഒരു റൺഔട്ട് അവസരവുമാണ് ഡൽഹി ഫീൽഡർമാർ തുലച്ചുകളഞ്ഞത്. പഞ്ചാബ് ബാറ്റിങ്ങിനിടെ ഡൽഹിയുടെ സ്പിന്നര്‍ കുല്‍ദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ആദ്യ സംഭവം. പന്ത് പഞ്ചാബ് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ ഉയർത്തിയടിച്ചെങ്കിലും ക്യാച്ചെടുക്കാൻ ഡൽഹി ഫീൽഡർ ആൻറിച് നോർട്യയ്ക്കു സാധിച്ചില്ല. ദേഷ്യം കാരണം കുൽദീപ് യാദവ് അലറുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
കുൽദീപ് എറിഞ്ഞ അടുത്ത ഓവറിലും ഡൽഹിക്കു വിക്കറ്റ് നേടാനുള്ള അവസരം ഉണ്ടായി. അഥർവ ടൈഡ് അടിച്ച പന്ത് പിടിക്കുന്നതിൽ ഡൽഹി താരം യാഷ് ദുൾ പരാജയപ്പെട്ടു. ഇതുകണ്ട് ഡഗ് ഔട്ടിലിരിക്കുകയായിരുന്ന ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ് തലയിൽ കൈവച്ചുപോയി. 11–ാം ഓവറിൽ ലിവിങ്സ്റ്റണെയും അഥർവയെയും റൺഔട്ടാക്കാൻ കിട്ടിയ രണ്ട് അവരസരങ്ങളും ഡൽഹി നഷ്ടപ്പെടുത്തി. ഓവറിലെ അവസാന പന്തിൽ പഞ്ചാബ് താരങ്ങൾ സിംഗിളിന് ശ്രമിച്ചു. ഇരു വശത്തേക്കും ഡൽഹി ഫീൽഡർമാർ പന്തെറിഞ്ഞിട്ടും രണ്ടും ലക്ഷ്യ സ്ഥാനത്തെത്തിയില്ല.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനേ പഞ്ചാബ് കിങ്സിനു സാധിച്ചുള്ളൂ. തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറക്കുറെ അസ്തമിച്ചു. അവസാന മത്സരത്തിൽ രാജസ്ഥാനെ തോൽപിച്ചാലും അവർക്ക് 14 പോയിന്റ് മാത്രമേ ആകൂ.
English Summary: Kuldeep Yadav, Ricky Ponting's Frustrating Reactions After Dropped Catches