കൊൽക്കത്തയിലും നവീനെ നാണംകെടുത്തി കോലി ഫാൻസ്; വിക്കറ്റ് വീണപ്പോൾ ‘ഗംഭീര’ മറുപടി
Mail This Article
കൊൽക്കത്ത∙ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും ലക്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ഹഖിനെ വിടാതെ വിരാട് കോലി ആരാധകർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ആരാധകരുടെ ‘കോലി, കോലി’ ചാന്റുകൾ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് ഉയർന്നത്. കൊൽക്കത്ത ബാറ്റിങ്ങിനിടെ രണ്ടാം ഓവർ എറിയാൻ ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നവീന്‍ ഉൾ ഹഖിനെ പന്ത് ഏൽപിച്ചപ്പോള്‍ മുതൽ ഗാലറിയിലെ ‘വിരാട് കോലി ആരാധകർ’ പണി തുടങ്ങി.
കോലി, കോലി ചാന്റുകൾ നവീൻ ഉൾ ഹഖ് പന്തെറിയാൻ എത്തിയപ്പോഴെല്ലാം ഗാലറിയിൽ മുഴങ്ങി. മത്സരത്തിൽ വിക്കറ്റുകളൊന്നും നേടാൻ നവീൻ ഉൾ ഹഖിനു സാധിച്ചില്ലെങ്കിലും കൊൽക്കത്ത താരം റഹ്മാനുല്ല ഗുർബാസ് പുറത്തായപ്പോൾ ആരാധകരുടെ നേരെ അഫ്ഗാൻ താരം തിരിഞ്ഞു. ആരാധകരെ നോക്കി മിണ്ടാതിരിക്കാൻ താരം ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലക്നൗ കളിക്കാനെത്തിയപ്പോൾ ടീം മെന്ററായ ഗൗതം ഗംഭീർ ആരാധകർക്കു നേരെ ഇതേ രീതിയിൽ പ്രതികരിച്ചിരുന്നു. കൊൽക്കത്തയ്ക്കെതിരെ നാല് ഓവറുകൾ പന്തെറിഞ്ഞ നവീൻ ഉൾ ഹഖ് 46 റൺസാണ് ആകെ വഴങ്ങിയത്. 15 ഉം 17 ഉം ഓവറുകൾ പന്തെറിയാനെത്തിയ നവീൻ യഥാക്രമം ആറും ഏഴും റൺസ് മാത്രമാണു വഴങ്ങിയത്. എന്നാൽ 20–ാം ഓവറിൽ കൊൽക്കത്ത ബാറ്റർ റിങ്കു സിങ് 20 റണ്‍സ് അടിച്ചെടുത്തു.
മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ഒരു റണ്ണിനാണ് ലക്നൗ വിജയിച്ചത്. ജയത്തോടെ ലക്നൗ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു.
English Summary: Naveen-ul-Haq silences Eden Gardens crowd after being brutally mocked