ബാംഗ്ലൂർ പുറത്തായപ്പോൾ ‘പൊട്ടിച്ചിരിച്ച്’ നവീന്റെ സ്റ്റോറി, രോഷത്തോടെ ആരാധകർ; കോലി–നവീൻ പാർട്ട് 2 ഇല്ല
Mail This Article
ബെംഗളൂരു∙ നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനോടു തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎലിൽനിന്നു പുറത്തായതോടെ കളിക്കളത്തിൽ വിരാട്– നവീൻ ഉൾ– ഹഖ് പോരിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ച നടന്ന മത്സരത്തിൽ ബാംഗ്ലൂർ വിജയിച്ചിരുന്നെങ്കിൽ ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ നവീന്റെ ടീമായ ലക്നൗ സൂപ്പർ ജയന്റ്്സാകുമായിരുന്നു അവരുടെ എതിരാളികൾ. മേയ് 1നു നടന്ന ബാംഗ്ലൂർ– ലക്നൗ മത്സരത്തിലാണ് വിരാട് കോലിയും നവീൻ ഉൾ ഹഖും കളിക്കളത്തിൽ പരസ്പരം ഏറ്റുമുട്ടിയത്. മത്സരശേഷം കോലിയും ഗൗതം ഗംഭീറും തമ്മിലും തർക്കമുണ്ടായിരുന്നു.
അതിനുശേഷം ബാംഗ്ലൂർ–ലക്നൗ മത്സരമില്ലാതിരുന്നതിനാൽ താരങ്ങൾ പിന്നീട് നേർക്കുനേർ വന്നിട്ടില്ല. ഗുജറാത്തിനെ തകർത്ത് ബാംഗ്ലൂർ പ്ലേഓഫിൽ കടന്നാൽ ഒരു തീപ്പൊരി മത്സരമാണ് ഇരുപക്ഷത്തെയും ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ആർസിബി പുറത്തായതോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു. എങ്കിലും സമൂഹമാധ്യമത്തിൽ ബാംഗ്ലൂർ–ലക്നൗ ആരാധകരുടെ ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ല. ബാംഗ്ലൂരിന്റെ തോൽവിക്കു പിന്നാലെ ലക്നൗ താരം നവീൻ ഉൾ ഹഖ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ബാംഗ്ലൂർ ആരാധകരെ രോഷാകുലരാക്കിയത്.
ജനപ്രിയമായ ‘പൊട്ടിച്ചിരി’ മീമാണ് ബാംഗ്ലൂർ തോൽവിക്കു പിന്നാലെ നവീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഇതു ബാംഗ്ലൂർ ടീമിനെയും വിരാട് കോലിയെയും പരിഹസിക്കുന്നതിനാണെന്നാണ് ആർസിബി ആരാധകരുടെ പക്ഷം. സ്റ്റോറിക്കെതിരെ ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ നവീൻ ഇതു ഡിലീറ്റ് ചെയ്തു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ശനിയാഴ്ച നടന്ന കൊല്‍ക്കത്ത-ലക്നൗ മത്സരത്തിനിടെ നവീനെതിരെ ആരാധകര്‍ കോലി...കോലി വിളികളുയർത്തിയിരുന്നു. നവീന്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു കാണികള്‍ ഉറക്കെ കോലി...കോലി ചാന്‍റ് ഉയര്‍ത്തിയത്. ഇനിയും വിളിക്കു, ഇനിയും വിളിക്കൂ എന്ന് കാണികളോട് കൈ കൊണ്ട് ആംഗ്യം കാട്ടിയ നവീന്‍ പിന്നീട് മത്സരത്തിനിടെ ഗാലറിയിലേക്ക് നോക്കി കാണികളോട് വായടക്കാനും ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ 10ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലുണ്ടായ പോർവിളിയുടെ ബാക്കിയാണ് മേയ് 1നു ലക്നൗ സ്റ്റേഡിയത്തിൽ നടന്നത്. ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ലക്നൗ ജയിച്ചത്. അതിനു ശേഷം ലക്നൗ താരം ആവേശ് ഖാൻ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിക്കുകയും ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോലിയെ ചൊടിപ്പിച്ചിരുന്നു.
ഇതിനു മറുപടിയെന്നോണം മേയ് 1നു നടന്ന മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർത്തു. പിന്നീട് ൈകൽ മെയേഴ്സും കോലിയും സംസാരിക്കുമ്പോൾ ഗംഭീറെത്തി മെയേഴ്സിനെ കൂട്ടിക്കൊണ്ടു പോയി. ഇരുവരും രണ്ടു ദിശകളിലേക്ക് നീങ്ങുന്നതിനിടെ ഗംഭീർ പ്രകോപിതനായി തിരിച്ചുവരുകയും വീണ്ടും കയർക്കുകയും ചെയ്തു. . സംഭവത്തിൽ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനവും പിഴ ചുമത്തിയിരുന്നു.
English Summary: Naveen-ul-Haq's Insta Story After RCB's Elimination Leaves Virat Kohli Fans Fuming