ശോകമൂകം ആർസിബി ക്യാംപ്; ബാംഗ്ലൂരിന് പ്ലേ ഓഫിന് അർഹതയില്ലെന്ന് ക്യാപ്റ്റൻ– വിഡിയോ
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കളിക്കുന്നതിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് അർഹതയില്ലായിരുന്നെന്ന് ആര്‍സിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം ആർസിബി ടീം മീറ്റിങ്ങിന്റെ വിഡിയോയിലാണ് ഫാഫ് നിലപാടു വ്യക്തമാക്കിയത്. തോൽവിക്കുശേഷം ബാംഗ്ലൂർ താരങ്ങളെല്ലാം നിരാശരായാണു വിഡിയോയിലുള്ളത്. ഐപിഎൽ 16–ാം സീസണിൽ താരങ്ങൾക്കെല്ലാം വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും, അവസാന ലീഗ് മത്സരത്തിൽ നേരിടുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ കരുത്തിനെക്കുറിച്ചു ബോധ്യമുണ്ടായിരുന്നെന്നും ഫാഫ് ഡുപ്ലേസി മത്സര ശേഷം പ്രതികരിച്ചു.
‘‘മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചതുകൊണ്ടുതന്നെ ഞങ്ങൾ പ്ലേ ഓഫ് കളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ആർസിബിക്കു ചില കാര്യങ്ങളിൽ സ്ഥിരത പുലർത്താൻ സാധിച്ചില്ല. ഐപിഎല്ലിലെ മികച്ച ടീം ആർസിബിയല്ല. ചില പ്രകടനങ്ങൾ ടീമിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്കു പ്ലേ ഓഫ് കളിക്കാനുള്ള യോഗ്യതയില്ല. ഗുജറാത്തിനെതിരെ ഞങ്ങൾ നന്നായി പരിശ്രമിച്ചു. പക്ഷേ തോറ്റുപോയി.’’– ഫാഫ് ഡുപ്ലേസി പ്രതികരിച്ചു.
ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ഓപ്പണർ ശുഭ്മൻ ഗില്ലിന്റേത് അവിശ്വസനീയമായ പ്രകടനമായിരുന്നെന്നും ഫാഫ് ഡുപ്ലേസി പറഞ്ഞു. ‘‘ഗില്ലിന്റെ സെഞ്ചറി അവിശ്വസനീയമായ ഒന്നായിരുന്നു. ആർസിബി സീസൺ ഇവിടെ അവസാനിച്ചതിൽ സങ്കടമുണ്ട്. എന്നാൽ ആർസിബിക്ക് ഈ സീസണിൽ കുറച്ചു പോസിറ്റീവായ കാര്യങ്ങളുമുണ്ട്. ഗ്ലെൻ മാക്‌സ്‌വെൽ ഫോം കണ്ടെത്തിയതു വലിയ പോസിറ്റീവാണ്. വിരാട് അദ്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. വിരാടും ഞാനും ചേർന്നുള്ള ബാറ്റിങ് കൂട്ടുകെട്ടുകൾ മികച്ചതായിരുന്നു.’’– ഫാഫ് ഡുപ്ലേസി വ്യക്തമാക്കി.
അവസാന മത്സരത്തിൽ ആറു വിക്കറ്റിനാണു ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് വിജയ ലക്ഷ്യത്തിലെത്തി.
English Summary: We dont deserve to be in playoffs: Faf Du Plessis