ഐപിഎല്ലിൽ താരമായി ജ്യേഷ്ഠനും അനുജനും ; പാണ്ഡ്യ സഹോദരങ്ങളുടെ പോര് കാത്ത് ആരാധകർ
Mail This Article
ചെന്നൈ∙ ഈ ഐപിഎല്ലിന് തിളക്കമാർന്ന രണ്ട് സഹോദരങ്ങളുടെ കഥ പറയാനുണ്ട്. പ്ലേ ഓഫിലെത്തിയവരിൽ രണ്ട് സീസൺ മാത്രം പ്രായമുള്ള ലക്നൗ സൂപ്പർ ജയന്റ്സിന്‍റെയും ഗുജറാത്ത് ടൈറ്റൻസിന്‍റെയും നായകന്മാരായി നിൽക്കുന്ന രണ്ടു പേരുടെ കഥ. നായകന്മാരായ പാണ്ഡ്യ സഹോദരങ്ങളുടെ പോരാട്ടത്തിന്‍റെ കഥ.
ലക്നൗവിന് ഈ സീസണിൽ നേരിടേണ്ടി വന്ന തിരിച്ചടിയാണ് ക്രൂണാലിലെ നായകന് തുണയായത്. സൂപ്പർ താരവും നായകനുമായ കെ.എൽ രാഹുൽ പരുക്കേറ്റ് പുറത്തായതാണ് ലക്നൗ നേരിട്ട ഏറ്റവും വലിയ തിരിച്ചടി. സ്ഥിരം നായകനെ നഷ്ടമായിട്ടും ടീം മുന്നോട്ട് തന്നെയാണ് യാത്ര തുടർന്നത്. അതിന് തുണച്ചത് നായക സ്ഥാനം ഏറ്റെടുത്ത ക്രൂണാൽ പാണ്ഡ്യ പുലർത്തിയ മികവാണ്. ക്രൂണാൽ നയിച്ച അവസാന നാലു മത്സരങ്ങളിൽ മൂന്നും ലക്നൗ ജയിച്ചു.
കഴിഞ്ഞ തവണയും ലക്നൗ പ്ലേ ഓഫിലെത്തിയിരുന്നു. കഴിഞ്ഞ തവണ ബാംഗ്ലൂരിനോടു തോറ്റു പോയ ചരിത്രം ആവർത്തിക്കാതെ ഇന്ന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാൽ വീണ്ടും ഒരു പാണ്ഡ്യ സഹോദരന്മാരുടെ പോരിന് കളം ഒരുങ്ങും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ജയിക്കുന്ന ടീം പ്ലേഓഫ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടും. തോൽക്കുന്ന ടീം പുറത്താകും.
അതേസമയം, രണ്ട് സീസൺ മാത്രം പ്രായമുള്ള ഗുജറാത്ത് ടൈറ്റൻസിന് ഇത് രണ്ടാം കിരീടത്തിനുള്ള പോരാട്ടമാണ്. മുംബൈ – ലക്നൗ മത്സരത്തിലെ വിജയികളെ ഗുജറാത്ത് മറ്റന്നാൾ നേരിടും. ഗുജറാത്ത് നായകൻ ഹാർദികിന് ഫൈനൽ എത്താൻ ഒരു ജയം മാത്രമാണ് അകലം. അവസാന പ്ലേ ഓഫിൽ രോഹിത്തിന്‍റെ മുംബൈയോ ചേട്ടൻ പാണ്ഡ്യയുടെ ലക്നൗവോ എന്നത് മാത്രമാണ് ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം ലക്നൗ എന്നാണെങ്കിൽ ഫൈനലിൽ പാണ്ഡ്യ സഹോദരങ്ങളിൽ ഒരാൾ ചെന്നൈയെ നേരിടും.
English Summary : Brothers became stars in IPL