ADVERTISEMENT

ചെന്നൈ∙ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ സീസണിന്റെ പകുതിയിൽവച്ചു നഷ്ടമായിട്ടും തകർപ്പൻ പ്രകടനങ്ങളുമായാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. എന്നാൽ എലിമിനേറ്റർ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനോട് വമ്പൻ തോൽവി വഴങ്ങാനായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിധി. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ 81 റൺസിനാണു മുംബൈയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.3 ഓവറിൽ 101 റൺസെടുത്ത് ലക്നൗ പുറത്തായി.

ചെന്നൈയിലും ലക്നൗ പേസര്‍ നവീൻ ഉൾ ഹഖിനെ ‘കോലി, കോലി’ ചാന്റുകളുമായാണ് ആരാധകർ സ്വീകരിച്ചത്. പക്ഷേ ഗ്രൗണ്ടിൽ അതിന്റെ ഒരു സമ്മർദവും അഫ്ഗാൻ പേസറിനുണ്ടായിരുന്നില്ല. നാലു മുംബൈ ഇന്ത്യൻസ് ബാറ്റർമാരെ നവീൻ ഉൾ ഹഖ് പുറത്താക്കി. മത്സരത്തിൽ സൂര്യകുമാർ യാദവിന്റേയും കാമറൂൺ ഗ്രീനിനെയും മടക്കിയപ്പോൾ ലക്നൗ മുൻ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ സ്റ്റൈൽ‍ കടമെടുത്തായിരുന്നു നവീന്റെ ആഘോഷം. മുംബൈ താരങ്ങളുടെ പുറത്താകൽ ആസ്വദിച്ച ലക്നൗ മെന്റർ ഗൗതം ഗംഭീറും ഡഗ് ഔട്ടിൽ വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഗംഭീർ ആക്രോശിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

അതേസമയം മറുപടി ബാറ്റിങ്ങിൽ ലക്നൗ താരങ്ങളുടെ നിർണായക വിക്കറ്റുകൾ മുംബൈ താരം ആകാശ് മധ്‍വാൾ വീഴ്ത്തിയതോടെ ഗൗതം ഗംഭീർ നിരാശനായി. നിശബ്ദനായി ലക്നൗവിന്റെ തോൽവി കണ്ട ഗംഭീർ നിരാശയോടെ മടങ്ങി. രണ്ടാം ഓവറിൽ ഓപ്പണർ പ്രേരക് മങ്കാദിന്റെ (3) വിക്കറ്റെടുത്ത മധ്‌വാൾ പത്താം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ആയുഷ് ബദോനി (1), നിക്കൊളാസ് പുരാൻ (0) എന്നിവരെക്കൂടി പുറത്താക്കി വീണ്ടും പ്രഹരിച്ചു. മാർകസ് സ്റ്റോയ്നിസ് (27 പന്തിൽ 40) പിന്നാലെ റണ്ണൗട്ടാകുകയും ചെയ്തതോടെ ലക്നൗവിന് അടിപതറി.

English Summary: Gautam Gambhir's aggressive celebration after Naveen Ul Haq dismisses Cameroon Green

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com