‘പുറം മോടി മാത്രമേ ഉള്ളല്ലേ?’; മഴയിൽ ചോർന്നൊലിച്ച് മോദി സ്റ്റേഡിയം– വിഡിയോ
Mail This Article
അഹമ്മാബാദ്∙ കനത്ത മഴ പെയ്തതോടെ ചോര്‍ന്നൊലിച്ച് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. മഴയിൽ സ്റ്റേഡിയത്തിലെ ഗാലറി ചോർന്നൊലിക്കുന്നെന്നാണ് ആരാധകരുടെ പരാതി. ഇതിന്റെ വിഡിയോ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മേല്‍ക്കൂരയ്ക്കു താഴെ ഇരിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. ‘പുറം മോടി മാത്രമാണോ മോദി സ്റ്റേഡിയത്തിന് ഉള്ളത്’ എന്നു ചോദിച്ചാണ് ഒരു കമന്റ്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ഒരേസമയം ഇവിടെ 1.32 ലക്ഷം പേർക്കു കളി കാണാം. 2021 ഫെബ്രുവരിയിലാണ് മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തത്. സ്റ്റേഡിയത്തിൽ ജോയിന്റ് ഇന്നവേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫൈനൽ മത്സരത്തിനു മുന്നോടിയായി ഞായറാഴ്ച നിർവ്വഹിച്ചിരുന്നു. അതിനു പിന്നാലെയാണ് മഴയിൽ ചോർന്നൊലിക്കുന്ന സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
കനത്ത മഴയെ തുടര്‍ന്ന് ഫൈനൽ മത്സരം തിങ്കളാഴ്ചത്തേയ്ക്കു മാറ്റിവച്ചു. ഞായറാഴ്ച ടോസ് പോലും ഇടാൻ സാധിച്ചില്ല. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ ഐപിഎല്‍ ഫൈനല്‍ മത്സരം നടന്നതും ഇതേ വേദിയിലാണ്. ഈ വർഷം ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കുകയാണ്. നരേന്ദ്ര മോദി സ്റ്റേഡിയമാകും ടൂർണമെന്റിലെ പ്രധാന വേദികളിലൊന്ന്.
English Summary: Water Leakage in Narendra Modi Stadium