മനംകവരും പ്രകടനം ; ഇന്ത്യൻ യുവതാരത്തിന് ഡിവില്ലിയേഴ്സിന്‍റെ പ്രശംസ
Mail This Article
അഹമ്മദാബാദ്∙ ഐപിഎലിൽ ഒരു സീസൺ കൂടി അവസാനിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്ന ഒട്ടനവധി പ്രകടനങ്ങളുണ്ട്. നാളെയുടെ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്ന യുവതാരങ്ങളുടെ പ്രകടനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇത്തരത്തിൽ പ്രകടനം നടത്തിയ യുവതാരങ്ങളിൽ തനിക്ക് ആരെയാണ് ഇഷ്ടപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ്.
ഇത്തവണത്തെ ഐപിഎലിലെ ഏറ്റവും മികച്ച യുവതാരമായി ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മന്‍ ഗില്ലിനെ ബഹുഭൂരിപക്ഷം ക്രിക്കറ്റ് വിദ്ഗധരും വിലയിരുത്തുമ്പോൾ ഇവരിൽ നിന്ന് വിഭിന്നമാണ് എ.ബി ഡിവില്ലിയേഴ്സിന്‍റെ നിഗമനം. ഗില്ലിനെക്കാൾ സുന്ദരമായ പ്രകടനം രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിൽ നിന്നായിരുന്നെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ഈ സീസണിൽ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം റൺസ് നേടിയതും യശസ്വി ജയ്സ്വാളാണ്. 625 റൺസാണ് യശസ്വി ഇത്തവണ നേടിയത്.
‘‘യശസ്വി ജയ്സ്വാളിന്‍റെ പ്രകടനം ആകർഷകമായിരുന്നു. ചെറുപ്പമാണ് ജയ്സ്വാൾ. എല്ലാത്തരം ഷോട്ടുകളും കൈവശമുണ്ട്. ഗില്ലിന് ജയ്സ്വാളിനെക്കാൾ അൽപ്പം പ്രായം കൂടുതലാണ്. ജയ്സ്വാളിന് കേവലം 21 വയസ് മാത്രമാണുള്ളത്. ഇനിയും ഏറെ ദൂരം പോകാനുണ്ട്’’ – എ.ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
English Summary: AB de Villiers names the Indian youngster who impressed him the most in IPL 16