ADVERTISEMENT

ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ മൂന്നാം ദിനം ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട ദിവസമായിരുന്നു. മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എസ്. ഭരതിനെ പുറത്താക്കിയെങ്കിലും അജിങ്ക്യ രഹാനെയും ഷാർദുൽ ഠാക്കൂറും ചേർത്തു പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ട് ഓസീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇരുവരുടെയും ബാറ്റിങ് മികവിൽ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ 296 റൺസിനാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയയ്ക്ക് 173 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സിൽ തകർച്ചയോടെയാണ് ഓസീസ് തുടങ്ങിയത്. നാലാം ഓവറിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറിനെ അവർക്കു നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് ക്യാച്ച് എടുത്താണ് വാർണർ പുറത്തായത്.

എന്നാൽ സമൂഹമാധ്യമങ്ങളിൽ അപ്പോൾ ചർച്ചയായത് ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്ൻ ആണ്. ഡേവിഡ് വാർണർ ഔട്ടായതിനു പിന്നാലെ പുറത്തുവന്ന ഒരു വിഡിയോയാണ് ലബുഷെയ്നെ വൈറലാക്കിയത്. ഓസീസ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചപ്പോൾ വണ്‍ഡൗണായി ഇറങ്ങേണ്ട ലബുഷെയ്ൻ പാഡുകെട്ടി ഡ്രസിങ് റൂമിനുള്ളിൽ വിശ്രമിക്കുന്നതിന്റെ ദൃ‌ശ്യങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ഇതിനിടെ താരം ചെറുതായൊന്ന് മയങ്ങിപോകുകയും ചെയ്തു.

ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളി കേട്ട് കണ്ണുതുറന്നപ്പോൾ വാർണർ ഔട്ടാകുന്നതാണ് ലബുഷെയ്ൻ കണ്ടത്. ഉടൻ ചാടിയെഴുന്നേറ്റ് ബാറ്റിങ്ങിന് തയാറാകുകയും ചെയ്തു. ഐസിസി ഉൾപ്പെടെ ഈ ദൃശ്യം പങ്കുവച്ചതോടെയാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററായ മാർനസ് ലബുഷെയ്ൻ സമൂഹമാധ്യമങ്ങളിൽ വൈറലായത്. താൻ എന്തിനാണ് അൽപനേരം ഉറങ്ങിയതെന്ന് താരം പിന്നീട് വെളിപ്പെടുത്തി. തന്റെ കണ്ണുകൾക്ക് വിശ്രമം കൊടുക്കുകയായിരുന്നെന്നാണ് ലബുഷെയ്ൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 4ന് 123 എന്ന നിലയിലാണ് ഓസീസ്. ആകെ 296 റൺസ് ലീഡ്. ലബുഷെയ്ൻ (41), കാമറൂൺ ഗ്രീൻ (7) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറെയും (1) ഉസ്മാൻ ഖവാജയെയും (13) തുടക്കത്തിലേ നഷ്ടമായി. വാർണറെ മുഹമ്മദ് സിറാജും ഖവാജയെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്. 2ന് 24 എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ കൂടുതൽ പരുക്കുകളില്ലാതെ മൂന്നാം ദിനം അവസാനിപ്പിക്കാൻ സഹായിച്ചത് മൂന്നാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത്– ലബുഷെയ്ൻ കൂട്ടുകെട്ടാണ്.

English Summary: Marnus Labuschagne Wakes Up In Time For Batting After David Warner's Dismissal During WTC Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com