ടെസ്റ്റ് പേപ്പർ തോറ്റു, പകരക്കാരെ കണ്ടെത്താതെ ഇന്ത്യ; പൊളിച്ചെഴുത്തിനു സാധ്യത
Mail This Article
പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ തോൽവിയിൽ നിന്നു പാഠങ്ങൾ പഠിച്ച്, സ്വയം തിരുത്താനുള്ള അവസരമാണ് കഴിഞ്ഞ രണ്ടുവർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ചത്. പക്ഷേ, വീണ്ടുമൊരു ഫൈനൽ ദുരന്തത്തിലേക്കുള്ള തയാറെടുപ്പ് മാത്രമായി ഇത് ഒതുങ്ങിപ്പോയി. കളിമികവിലോ ഗെയിം പ്ലാനിലോ ഒരു മാറ്റത്തിനും ശ്രമിക്കാതെയാണ് രണ്ടാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോൽവിയേറ്റു വാങ്ങിയത്.
ഒരുങ്ങിത്തീരാതെ
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഒരുങ്ങാൻ ആവശ്യമായ സമയം ലഭിച്ചില്ലെന്നായിരുന്നു ഫൈനൽ തോൽവിക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉന്നയിച്ച പ്രധാന പരാതി. 2021ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് മത്സരങ്ങൾ ആരംഭിച്ചത്. 2–1ന് മുന്നിട്ടു നിന്ന ഇന്ത്യ, കോവിഡിനു ശേഷം നടന്ന അവസാന മത്സരത്തിൽ തോറ്റതോടെ പരമ്പര സമനിലയിൽ അവസാനിച്ചു. തുടർന്ന് ന്യൂസീലൻഡ്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവരെ ഇന്ത്യയിൽ വച്ചും ബംഗ്ലദേശിനെ അവരുടെ നാട്ടിലും തോൽപിച്ചു. ഈ കാലയളവിൽ ഏഷ്യയ്ക്കു പുറത്ത് ദക്ഷിണാഫ്രിക്കയിൽ മാത്രമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചത്. അതാവട്ടെ 2–1ന് തോറ്റു.
അടിതെറ്റിയ ബാക്ക് ഫൂട്ട്
ഐപിഎൽ ഹാങ് ഓവർ മാറാതെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിച്ചതിന്റെ പ്രശ്നങ്ങൾ ഇന്ത്യൻ ബാറ്റർമാർക്ക് ഉണ്ടായിരുന്നു. കാര്യമായ ബൗൺസ് ഇല്ലാത്ത ഇന്ത്യൻ പിച്ചുകളിൽ ഭൂരിഭാഗം പന്തുകളും ഫ്രണ്ട് ഫൂട്ടിൽ കളിച്ച ഇന്ത്യൻ ബാറ്റർമാർ ഇംഗ്ലണ്ടിലെ സ്വിങ്ങും ബൗൺസുമുള്ള വിക്കറ്റിൽ ബാക്ക് ഫൂട്ടിലേക്ക് ഇറങ്ങിക്കളിക്കാൻ പ്രയാസപ്പെട്ടു. ഉയർന്ന ബാറ്റ് സ്പീഡുമായി ഐപിഎൽ കളിച്ചതിനാൽ ടെസ്റ്റിലേക്ക് വരുമ്പോൾ ബാറ്റ് സ്പീഡ് നിയന്ത്രിച്ച്, ക്ഷമയോടെ പരമാവധി ലേറ്റായി പന്തിനെ നേരിടണമെന്ന കാര്യവും അവർ മറന്നു. ഇതെല്ലാം ഇന്ത്യൻ ബാറ്റർമാരുടെ അടിതെറ്റിച്ചു.
ഒന്നാം ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസറിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് വിരാട് കോലി ഔട്ട് ആയത്. പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തതാണ് കോലി ഔട്ട് ആകാൻ കാരണമെന്നു പറയുമ്പോഴും ഫ്രണ്ട് ഫൂട്ടിലേക്കുള്ള കോലിയുടെ ട്രിഗർ മൂവ്മെന്റായിരുന്നു ആ പുറത്താകലിനു പിന്നിൽ. രണ്ടാം ഇന്നിങ്സിലും ഓഫ് സ്റ്റംപിന് പുറത്തുപോയ പന്ത് ഫ്രണ്ട് ഫൂട്ടിൽ ഡ്രൈവ് ചെയ്യാനുള്ള ശ്രമമായിരുന്നു കോലിയുടെ വിക്കറ്റെടുത്തത്. അജിൻക്യ രഹാനെ, ശുഭ്മൻ ഗിൽ എന്നിവരും ബാക്ക് ഫൂട്ടിലേക്ക് ഇറങ്ങാനുള്ള ‘മടി’ കാരണം വിക്കറ്റ് കളഞ്ഞവരാണ്.
ഭാവിയും ബാക്ക് ഫൂട്ടിൽ
കഴിഞ്ഞ വർഷം നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പിന്നാലെ അജിൻക്യ രഹാനെയ്ക്കും ചേത്വേശ്വർ പൂജാരയ്ക്കും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അവർക്കു പകരക്കാരെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വീണ്ടും ഇരുവരെയും ടീമിൽ തിരിച്ചെടുത്തു.
ബോളിങ്ങിലും കീപ്പിങ്ങിലും സമാനമായ ‘പകരക്കാരെ കണ്ടെത്തൽ’ പ്രശ്നം ഇന്ത്യയ്ക്കുണ്ട്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഉമേഷ് യാദവിനെ ടീമിലേക്കു തിരിച്ചുവിളിച്ചതല്ലാതെ മറ്റൊരു യുവ പേസറെ ഒരുക്കിയെടുക്കാൻ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല. വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത്, ഋഷഭ് പന്തിന്റെ പരുക്കു ഭേദമാകുന്നതുവരെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ടെസ്റ്റ് ക്രിക്കറ്റിൽ വിശ്വസ്തനായ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്താൻ ഇതുവരെ ഇന്ത്യൻ സിലക്ടർമാർക്ക് സാധിച്ചിട്ടില്ല.
ഇന്ത്യയ്ക്കും ഓസീസിനും വൻ പിഴ
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓവറുകൾ പൂർത്തിയാക്കാൻ വൈകിയതിന്റെ പേരിൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിഴ ചുമത്തി. ഇന്ത്യ മുഴുവൻ മാച്ച് ഫീയും പിഴയൊടുക്കണം. ഓസ്ട്രേലിയയ്ക്ക് മാച്ച് ഫീയുടെ 80 ശതമാനമാണു പിഴ.
ഇതിനു പുറമേ അച്ചടക്ക ലംഘനത്തിന് ഇന്ത്യൻ ബാറ്റർ ശുഭ്മൻ ഗില്ലിന് മാച്ച് ഫീയുടെ 15% പിഴയിട്ടു. ഇതോടെ മാച്ച് ഫീയുടെ 115 % ഗിൽ പിഴയായി ഒടുക്കേണ്ടിവരും. രണ്ടാം ഇന്നിങ്സിൽ കാമറൂൺ ഗ്രീനിന്റെ വിവാദ ക്യാച്ചിലൂടെയാണ് ഗിൽ പുറത്തായത്. ഇതിനു പിന്നാലെ ക്യാച്ചിന്റെ ചിത്രം ഗിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെ അംപയറുടെ തീരുമാനത്തെ പരസ്യമായി അപമാനിച്ചെന്നു കാണിച്ചാണ് ഗില്ലിന് പിഴയിട്ടത്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ച കളിക്കാർക്ക് 15 ലക്ഷം രൂപയും റിസർവ് താരങ്ങൾക്ക് 7.5 ലക്ഷവുമാണ് മാച്ച് ഫീയായി ലഭിക്കുക. ഈ 15 ലക്ഷത്തിനു പുറമേ 2.7 ലക്ഷം രൂപ കൂടി ഗിൽ പിഴയായി നൽകണം.
English Summary: BCCI planning for major changes in BCCI