റെയ്നയെ ലങ്കൻ ലീഗ് ലേലത്തിൽ വിളിച്ചില്ല, ഒഴിവാക്കി? പാക്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്
Mail This Article
കൊളംബോ∙ ലങ്കന്‍ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ താരലേലത്തിൽ റജിസ്റ്റർ ചെയ്ത ഒരേയൊരു ഇന്ത്യൻ താരത്തെ ലേലത്തിൽനിന്ന് ഒഴിവാക്കി. സുരേഷ് റെയ്ന മാത്രമാണ് ഇന്ത്യയിൽനിന്ന് ലേലത്തിന് റജിസ്റ്റർ ചെയ്തത്. ലേലത്തിനുള്ള ബാറ്റർമാരുടെ പട്ടികയിൽ റെയ്നയും ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ പേര് ലേലത്തിൽ വിളിച്ചില്ല. ഇതിനു കാരണം എന്താണെന്നു വ്യക്തമല്ല. റെയ്ന സ്വയം ലേലത്തിൽനിന്ന് ഒഴിവായെന്നും റജിസ്റ്റർ ചെയ്തതിലെ പിഴവു കാരണമാണു താരത്തെ വിളിക്കാതിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മൂന്ന് സീസണുകൾക്കു ശേഷമാണ് ലങ്കൻ പ്രീമിയർ ലീഗിൽ താരലേലം നടക്കുന്നത്. പാക്കിസ്ഥാൻ താരങ്ങൾക്ക് വൻ ഡിമാൻഡായിരുന്നു. ലീഗിലെ അഞ്ച് ടീമുകൾ സ്വന്തമാക്കിയത് 10 താരങ്ങളെ. ബാബർ അസം, നസീം ഷാ (കൊളംബോ സ്ട്രൈക്കേഴ്സ്), ഫഖർ സമാന്‍ (ബി–ലവ് കാൻഡി) എന്നിവരെ ലേലത്തിനു മുൻപേ തന്നെ ടീമുകൾ ഉറപ്പിച്ചിരുന്നു. ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് നവാസ്, വഹാബ് റിയാസ് (കൊളംബോ), മുഹമ്മദ് ഹാരിസ്, ആസിഫ് അലി (കാൻഡി) എന്നിവര്‍ ലേലത്തിൽ വിറ്റുപോയി.
ശ്രീലങ്കൻ പേസർ ദിൽഷൻ മദുഷങ്കയാണ് ലേലത്തിലെ വിലയേറിയ താരം. 92,000 ഡോളറിന് താരത്തെ വാങ്ങിയത് ജാഫ്ന കിങ്സ്. ശ്രീലങ്കയുടെ സീനിയർ താരങ്ങളെ സ്വന്തമാക്കി ദാംബുള്ള ഓറയും കരുത്ത് തെളിയിക്കാൻ ഒരുങ്ങുകയാണ്. കുശാൽ മെൻഡിസ്, കുശാൽ ജനിത് പെരേര, ധനഞ്ജയ ഡിസിൽവ, അവിഷ്ക ഫെർണാണ്ടോ, ബിനുര ഫെർണാണ്ടോ എന്നിവർ ഓറയിൽ ചേർന്നു.
English Summary: LPL Auction: Suresh Raina Not Called