ഞാൻ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല: പ്രശ്നമുണ്ടാക്കിയത് വിരാട് കോലിയെന്ന് നവീൻ
Mail This Article
കാബുൾ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിയുമായുണ്ടായ തർക്കത്തെക്കുറിച്ചു വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ യുവ പേസർ നവീൻ ഉൾ ഹഖ്. മത്സരത്തിനിടെയും ശേഷവും വിരാട് കോലിയുടെ പരാമർശങ്ങളാണു പ്രശ്നത്തിനു കാരണമെന്ന് ബിബിസിയുടെ പ്രാദേശിക മാധ്യമത്തോടു നവീൻ ഉൾ ഹഖ് പ്രതികരിച്ചു. ‘‘മത്സരം നടക്കുന്നതിനിടെയും അതിനു ശേഷവും കോലി അങ്ങനെയൊന്നും പറയരുതായിരുന്നു. ഞാനല്ല പ്രശ്നങ്ങൾ തുടങ്ങിവച്ചത്. മത്സരത്തിനു ശേഷം ഞങ്ങൾ പരസ്പരം കൈകൊടുത്തപ്പോഴും വിരാട് കോലിയാണു പ്രശ്നം തുടങ്ങിയത്. ലഭിച്ച പിഴ നോക്കിയാൽതന്നെ നിങ്ങൾക്കു മനസ്സിലാകും ആരാണു തർക്കം തുടങ്ങിയതെന്ന്.’’– നവീൻ ഉൾ ഹഖ് പറഞ്ഞു.
‘‘ഞാൻ സാധാരണയായി ആരെയും അങ്ങോട്ട് സ്ലെഡ്ജ് ചെയ്യാറില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് ഒരാൾ ബാറ്റിങ് ചെയ്യുന്നതിനിടെയായിരിക്കും. കാരണം ഞാനൊരു ബോളറാണ്. ആ മത്സരത്തിനിടെ ഞാൻ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ആരെയും സ്ലെഡ്ജ് ചെയ്തിട്ടില്ല. ആ സാഹചര്യം എങ്ങനെയാണു ഞാൻ കൈകാര്യം ചെയ്തതെന്ന് അവിടെ ഉണ്ടായിരുന്ന താരങ്ങള്‍ക്ക് അറിയാം.’’– നവീൻ ഉൾ ഹഖ് വ്യക്തമാക്കി.
ഗ്രൗണ്ടിൽ തർക്കിച്ചതിന്റെ പേരിൽ വിരാട് കോലിക്കും ലക്നൗ മെന്റർ ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴയായി ചുമത്തിയിരുന്നു. അതേസമയം നവീൻ ഉൾ ഹഖിന് 50 ശതമാനം മാത്രമായിരുന്നു പിഴ. ലക്നൗ– ആർസിബി മത്സരത്തിനിടെ ബാറ്റു ചെയ്യുകയായിരുന്ന നവീൻ ഉൾ ഹഖിനെ കോലി ഷൂസിന് അടിയിലെ മണ്ണ് അടർത്തിയെടുത്തു കാണിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. നവീൻ കോലിയെ തുറിച്ചുനോക്കിയ ശേഷം ബാറ്റിങ് തുടർന്നു.
മത്സരത്തിനു ശേഷം കോലിയും നവീനും ഷെയ്ക് ഹാൻഡ് ചെയ്യുന്നതിനിടെ വീണ്ടും തർക്കം തുടങ്ങിയതോടെ ഗൗതം ഗംഭീർ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ കോലിയും ഗംഭീറും തമ്മിലായി തർക്കം. ഇരു ടീമുകളുടേയും താരങ്ങൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കോലിയുമായി സംസാരിക്കാൻ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ നവീനെ വിളിച്ചെങ്കിലും അഫ്ഗാൻ താരം അതിനും വഴങ്ങിയില്ല.
English Summary: Virat Kohli Shouldn't said those things: Naveen Ul Haq