ആദ്യദിനം ഡിക്ലയർ ചെയ്ത് മക്കല്ലത്തിന്റെ ‘കുട്ടികൾ’; വെൽക്കം ടു ബാസ്ബോൾ ഓസീസ്!
Mail This Article
ലണ്ടൻ ∙ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്ത് കവറിലൂടെ ബൗണ്ടറി കടത്തിയ ഇംഗ്ലിഷ് ഓപ്പണർ സാക് ക്രൗളി ഓസ്ട്രേലിയയോടു പറഞ്ഞു: വെൽക്കം ടു ബാസ്ബോൾ! ക്ലാസിക്ക് പോരാട്ടങ്ങൾക്കു പേരുകേട്ട ആഷസ് പരമ്പരകളിൽ ഇനി മാസും കാണുമെന്നുറപ്പിച്ചാണ് ബ്രണ്ടൻ മക്കല്ലത്തിന്റെ ‘കുട്ടികൾ’ ഇന്നലെ എജ്ബാസ്റ്റനിൽ തകർത്തടിച്ച് ഒന്നാം ദിനം തന്നെ സധൈര്യം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്– 78 ഓവറിൽ 8ന് 393 ഡിക്ല. ഓസ്ട്രേലിയ– 4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 14. സെഞ്ചറി നേടിയ ജോ റൂട്ടാണ് (152 പന്തിൽ 118) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ക്യപ്റ്റൻ ബെൻ സ്റ്റോക്സും പരിശീലകൻ ബ്രണ്ടൻ മെക്കല്ലവും ചുമതലയേറ്റതിനു പിന്നാലെ ഇംഗ്ലണ്ട് നടപ്പാക്കിയ അതിവേഗ ബാറ്റിങ് ശൈലിയായ ബാസ്ബോളിനെ ഓസ്ട്രേലിയ എങ്ങനെ പ്രതിരോധിക്കുമെന്ന കൗതുകമായിരുന്നു ആഷസ് പരമ്പരയിലെ ആദ്യ ദിവസത്തെ പ്രധാന ആകർഷണം. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയിട്ടും ബാസ്ബോൾ ശൈലിയിൽ കത്തിക്കയറിയ ഇംഗ്ലണ്ടിനു മേൽ ആധിപത്യം നേടിയെടുക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് നാലാം ഓവറിൽ തന്നെ ഓപ്പണർ ബെൻ ഡക്കറ്റിനെ (12) നഷ്ടമായി. ബാസ്ബോൾ തിരിച്ചടിക്കുമോ എന്ന് ഇംഗ്ലിഷ് ആരാധകർ സംശയിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ സാക് ക്രൗളിയും (73 പന്തിൽ 61) ഒലി പോപ്പും (44 പന്തിൽ 31) നടത്തിയ പ്രത്യാക്രമണം ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു.
ആറാം വിക്കറ്റിൽ ജോ റൂട്ട്– ജോണി ബെയർസ്റ്റോ (78) സഖ്യത്തിന്റെ ബാറ്റിങ് ഒന്നാം ദിനം മുൻതൂക്കം നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചു. ഓസീസിനു വേണ്ടി നേഥൻ ലയൺ 4 വിക്കറ്റ് വ വീഴ്ത്തി.
English Summary: Ashes 2023: England vs Australia, 1st Test- Day 1