ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ പാക്കിസ്ഥാൻ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും (എസിസി) ഇന്ത്യയുടെ അംഗീകരിച്ചതോടെ ഇനി ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ശ്രദ്ധാകേന്ദ്രം. ലോകകപ്പിനുള്ള മത്സക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരട് മത്സരക്രമം ബിസിസിഐ ഐസിസിക്ക് കൈമാറിയിരുന്നു. ഇതുപ്രകാരം ഒക്ടോബർ 5ന് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയുമായാണ്.

ഇന്ത്യ–പാക്കിസ്ഥാൻ മത്സരം 15ന് അഹമ്മദാബാദിൽ നടക്കും. ഏഷ്യാകപ്പിനുള്ള ഹൈബ്രിഡ് മോഡൽ അംഗീകരിച്ചതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന നിലപാട് പാക്കിസ്ഥാൻ മയപ്പെടുത്തിയെന്നായിരുന്നു സൂചനയെങ്കിലും ഇതു സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. മോദി സ്റ്റേഡിയത്തിൽ കളിക്കേണ്ടെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്ക് താരമായ ഷാഹിദ് അഫ്രീദി.

പാക്കിസ്ഥാൻ ടീമിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കാൻ അനുവദിക്കണമെന്ന് പിസിബിയോട് അഫ്രീദി അഭ്യർഥിച്ചു. അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ വിജയിക്കാൻ പാക്കിസ്ഥാന് അവസരമൊരുക്കണമെന്നാണ് ഒരു പ്രാദേശിക വാർത്താ ചാനലിൽ അഫ്രീദി പറഞ്ഞത്. ‘‘എന്തുകൊണ്ടാണ് അഹമ്മദാബാദിലെ പിച്ചിൽ കളിക്കാൻ പാക്കിസ്ഥാൻ വിസമ്മതിക്കുന്നത്? അവിടെ എന്താ പ്രേതബാധയുണ്ടോ?”– അഫ്രീദി ചോദിച്ചു.

‘‘പോയി കളിക്കൂ- പോയി കളിക്കൂ, ജയിക്കൂ. ഇതൊക്കെയാണ് വെല്ലുവിളികളെങ്കിൽ, അവയെ മറികടക്കാനുള്ള ഏക മാർഗം വിജയമാണ്. പാക്കിസ്ഥാൻ ടീമിന്റെ വിജയമാണ് പ്രധാനം. ഇതു പോസിറ്റീവായി എടുക്കുക. ഇന്ത്യയ്ക്ക് അവിടെയാണ് സൗകര്യമെങ്കിൽ നിങ്ങൾ പോയി, തിങ്ങിനിറഞ്ഞ ഇന്ത്യൻ കാണികളുടെ മുന്നിൽ ഒരു വിജയം നേടുകയും നിങ്ങൾക്ക് എന്താണ് ലഭിച്ചതെന്ന് അവരെ കാണിക്കുകയും വേണം.’’– താരം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് അനുസരിച്ച്, ഐസിസി ഉദ്യോഗസ്ഥർ പിസിബി ചെയർമാൻ നജാം സേഥിയെ പാക്കിസ്ഥാനിലെത്തി കണ്ടിരുന്നു. നോക്കൗട്ട് മത്സരമല്ലെങ്കിൽ അഹമ്മദാബാദിൽ ലോകകപ്പ് മത്സരം കളിക്കില്ലെന്ന് അദ്ദേഹം അറിയിച്ചെന്നാണ് സൂചന. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതോടെ ഹൈബ്രിഡ് മോ‍ഡൽ നടത്താൻ ഐസിസി നിർബന്ധിതരായത്. ഇന്ത്യയുടേത് ഉൾപ്പെടെ ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും നാല് മത്സരങ്ങൾ പാക്കിസ്ഥാനിലുമാണ് നടക്കുക. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യകപ്പ്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ ടീമുകൾ പങ്കെടുക്കും.

English Summary: 'Does Ahmedabad pitch haunted?': Afridi blasts PCB's stance on India vs Pakistan 2023 WC match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com