‘അതിനുവേണ്ടി ധോണി എന്നോട് അനുവാദം വാങ്ങിച്ചു’: വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന
Mail This Article
ന്യൂഡൽഹി∙ ഐപിഎൽ 2021ന്റെ അവസാനഘട്ടത്തിൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ്, ‘ചിന്നത്തല’ സുരേഷ് റെയ്‌നയെ ഒഴിവാക്കി റോബിൻ ഉത്തപ്പയ്ക്ക് പ്ലേയിങ് ഇലവനിൽ ഇടം നൽകിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ആ വർഷം ചെന്നൈ ടീമിനൊപ്പം ചേർന്ന ഉത്തപ്പയ്ക്ക് ആദ്യമായി അവസരം ലഭിച്ചത്. രാജസ്ഥാൻ റോയൽസിൽനിന്നാണ് ഉത്തപ്പ ചെന്നൈയിലേക്ക് എത്തിയത്. ഇതിൽ ചെന്നൈ ടീമിന് ഏറെ വിമർശനം നേരിടേണ്ടിയും വന്നു.
ഡൽഹിക്കെതിരായ മത്സരത്തിന്റെ ടോസിനുശേഷം സുരേഷ് റെയ്നയ്ക്ക് പരുക്കേറ്റതായി ധോണി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉത്തപ്പയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ കാര്യം അറിയിച്ചത്. ഇതിനുശേഷം ഒരിക്കലും പോലും സുരേഷ് റെയ്ന സിഎസ്കെയുടെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയില്ല. എന്നാൽ തനിക്ക് പകരം റോബിൻ ഉത്തപ്പയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് താൻ തന്നെയാണ് ധോണിയോട് ആവശ്യപ്പെട്ടതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് റെയ്ന.
‘‘ഞാനും ധോണിയും സംസാരിച്ചപ്പോൾ, റോബിൻ ഉത്തപ്പയെ പരീക്ഷിക്കണം എന്ന് ഞാൻ നിർദേശിച്ചു. എനിക്കു പകരം ഉത്തപ്പയെ കളിപ്പിക്കാൻ ധോണി എന്നിൽനിന്ന് അനുവാദം വാങ്ങി. അവനാണ് നിങ്ങളെ ഫൈനലിൽ എത്തിക്കുന്ന താരം, എന്നെ വിശ്വസിക്കൂ എന്ന് ഞാൻ ധോണിയോടെ പറഞ്ഞു.’’ – ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽയുടെ പരിപാടിയിൽ റെയ്‌ന പറഞ്ഞു. റോബിൻ ഉത്തപ്പയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
തന്നെ ഫൈനൽ ഇലവനിൽനിന്ന് ഒഴിവാക്കുന്ന കാര്യം ധോണിയുടെ ‘നിഘണ്ടുവിൽ’ പോലും ഇല്ലായിരുന്നെന്നും എന്നാൽ ഉത്തപ്പ ടീമിലുണ്ടാകാൻ യോഗ്യനാണെന്ന് താൻ ക്യാപ്റ്റനെ ബോധ്യപ്പെടുത്തിയെന്നും റെയ്ന പറഞ്ഞു. ‘‘ധോണി പറഞ്ഞു, നമ്മൾ 2008 മുതൽ കളിക്കുന്നുണ്ട്. പക്ഷേ ഈ സീസൺ എനിക്ക് ജയിച്ചേ തീരൂ. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ തന്നെ പറയൂ. ഞാൻ പറഞ്ഞു, റോബിനെ മൂന്നാം നമ്പറിൽ കളിക്കുക, അവൻ ഫൈനൽ വരെ പ്ലേയിങ് ഇലവനിൽ ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ ജയിച്ചാൽ സിഎസ്‌കെ വിജയിക്കും. റോബിനും റെയ്‌നയും ഒരുപോലെയാണ്.’’– റെയ്ന കൂട്ടിച്ചേർത്തു.
ഐപിഎൽ 2021ൽ 136.90 സ്‌ട്രൈക്ക് റേറ്റിൽ ഉത്തപ്പ നാല് മത്സരങ്ങളിൽ നിന്ന് 115 റൺസാണ് നേടിയത്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് കിരീടം ചൂടുകയും ചെയ്തു.
English Summary: 'MS Dhoni Took Permission From Me': Suresh Raina On Veteran's Inclusion In CSK's Playing XI