തോറ്റിട്ടും പഠിച്ചില്ല? വെസ്റ്റിൻഡീസിലും ‘സീനിയേഴ്സ്’ കളിക്കും; സർഫറാസ് പുറത്തുതന്നെ
Mail This Article
മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെ വെസ്റ്റിൻഡീസ് പര്യടനം നടത്താൻ ബിസിസിഐ. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ള താരങ്ങൾ കളിച്ചേക്കും. സീനിയർ താരങ്ങൾക്ക് വിൻഡീസ് പര്യടനത്തിന്റെ സമയത്തു വിശ്രമം നൽകുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര എന്നിവർ വെസ്റ്റിൻഡീസിനെതിരായ പരമ്പരകളിൽ കളിക്കില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിരാശപ്പെടുത്തിയ ചേതേശ്വർ പൂജാരയും വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ കളിക്കും. രഞ്ജിയിൽ തകർപ്പൻ പ്രകടനം നടത്തിയ സർഫറാസ് ഖാൻ ഉൾപ്പെടെ ഇതോടെ പുറത്തിരിക്കേണ്ടിവരും. യശസ്വി ജയ്സ്വാളിനെ ടെസ്റ്റ് ടീമിൽ എടുക്കുമോയെന്നും വ്യക്തമല്ല.
‘‘രോഹിത് ശർമ ഫിറ്റായിരിക്കുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് ശേഷം അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ഇവിടെ ജോലി ഭാരത്തിന്റെ പ്രശ്നമില്ല. വെസ്റ്റിൻഡീസ് പര്യടനത്തിലും രോഹിത് ശർമ ഇന്ത്യയെ നയിക്കും.’’– ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്പോർടിനോടു പറഞ്ഞു. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിൻഡീസ് പര്യടനം രോഹിത്തിന് ഫോം കണ്ടെത്താൻ പറ്റിയ അവസരമാണെന്നാണു ബിസിസിഐ കരുതുന്നത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു ശേഷം ലണ്ടനിൽ അവധിക്കാല ആഘോഷത്തിലാണ് രോഹിത് ശർമയും വിരാട് കോലിയും. ടീം തിരഞ്ഞെടുക്കാനായി ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി അടുത്ത ആഴ്ച ചേരും. ജൂലൈ ആദ്യ വാരം ഇന്ത്യൻ താരങ്ങൾ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടും. ടെസ്റ്റിലും ഏകദിന മത്സരങ്ങളിലും രോഹിത് ശർമ ക്യാപ്റ്റനാകുമെങ്കിലും ട്വന്റി20 പരമ്പരയിൽ രോഹിത്തും കോലിയും കളിക്കില്ല. കെ.എസ്. ഭരത്തിനു പകരം ഇഷാൻ കിഷൻ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പറാകും.
English Summary: No rest, Rohit, Virat Kohli, Pujara will play test series against West Indies