ADVERTISEMENT

പുറപ്പെടും മുൻപേ തന്നെ റിട്ടേൺ ടിക്കറ്റുമെടുത്ത് ഇംഗ്ലണ്ട് ചുറ്റിക്കാണാനും ‘പറ്റിയാൽ’ ലോകകപ്പ് കളിക്കാനും ആശംസിച്ചു വിമാനം കയറ്റിവിട്ട ഒരു സംഘം യുവാക്കൾ ലോകക്രിക്കറ്റിന്റെ കനകക്കിരീടം ഇന്ത്യയിലെത്തിച്ചിട്ട് നാളെ 40 വർഷം തികയുന്നു. 1983 ജൂൺ 25നായിരുന്നു ‘കപിലിന്റെ ചെകുത്താൻമാർ’ എന്നറിയപ്പെട്ട ആ സംഘം ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്തത്. വീണ്ടുമൊരു ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കപിൽ ദേവിന്റെയും സംഘത്തിന്റെയും ചരിത്രനേട്ടത്തിലേക്ക് ഒരു എത്തിനോട്ടം.

∙ ലോകകപ്പ് ഫൈനൽ

സ്കോർബോർഡ് ഇന്ത്യ: 54.4 ഓവറിൽ 183ന്  ഓൾഔട്ട് 

വെസ്റ്റിൻഡീസ്: 52 ഓവറിൽ 140ന് ഓൾഔട്ട് 

പ്ലെയർ ഓഫ് ദ് മാച്ച്: മൊഹീന്ദർ അമർനാഥ്

∙ 40–ാം വാർഷികം മുംബൈയിൽ

പ്രഥമ ലോകകപ്പ് കിരീട നേട്ടത്തിന്റെ 40–ാം വാർഷികാഘോഷം ഇത്തവണ മുംബൈയിൽ നടത്താനാണ് തീരുമാനം. ഫൈനൽ മത്സരം നടന്ന ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു ആദ്യം ആഘോഷ വേദിയായി തീരുമാനിച്ചത്. എന്നാൽ ലോഡ്സിൽ 28 മുതൽ ആഷസ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനാലാണ് പരിപാടി മുംബൈയിലേക്കു മാറ്റാൻ തീരുമാനിച്ചത്.

∙ കോച്ചില്ല; ഡോക്ടറും!

1983 ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കു പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പം പരിശീലകൻ, ഫിസിയോ തുടങ്ങിയവർ ഇല്ലായിരുന്നു. ടീമിലെ സീനിയർ താരങ്ങളായിരുന്നു ബാറ്റിങ് ഓർഡറും ബോളിങ് ഓർഡറും തീരുമാനിച്ചിരുന്നത്. പരുക്കു പറ്റുന്നവരെ മറ്റു ടീം അംഗങ്ങളായിരുന്നു ശുശ്രൂഷിച്ചിരുന്നത്.

∙ ബിന്നി മിന്നി!

ടൂർണമെന്റിൽ 18 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ഇന്ത്യൻ താരം റോജർ ബിന്നിയായിരുന്നു. ലോകകപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ബിന്നി മാറി.

183

ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ 183 റൺസ് പ്രതിരോധിച്ചാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ഒരു ലോകകപ്പ് ഫൈനലിൽ വിജയകരമായി പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്കോർ എന്ന റെക്കോർഡ് ഇന്നും ഇതാണ്. 

∙ ചെകുത്താൻമാർ ഇവർ

കെ.ശ്രീകാന്ത് : അറ്റാക്കിങ് ബാറ്റിങ്ങിന് പേരുകേട്ട കെ.ശ്രീകാന്ത് ആയിരുന്നു ഫൈനലിൽ ഇന്ത്യയുടെ ടോപ് സ്കോറർ (57 പന്തിൽ 38). 2011 ലോകകപ്പ് ടീം സിലക്‌ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നിലവിൽ കമന്റേറ്റർ.

ബൽവീന്ദർ സന്ധു : ടീമിലെ സ്വിങ് സ്പെഷലിസ്റ്റ്. ഫൈനലിൽ ഓപ്പണർ ഗാർഡൻ ഗ്രീനിഡ്ജിനെ പുറത്താക്കി വിൻഡീസിന് ആദ്യ പ്രഹരമേൽപിച്ചത് സന്ധുവാണ്. നിലവിൽ പരിശീലകൻ.

രവി ശാസ്ത്രി : ടീമിലെ ഇടംകൈ സ്പിന്നർ. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം (ലോകകപ്പ് കളിക്കുമ്പോൾ 21 വയസ്സ്). വിരമിച്ച ശേഷം കമന്റേറ്ററുടെ റോളിൽ തിളങ്ങിയ ശാസ്ത്രി, പിന്നീട് ദേശീയ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു.

സന്ദീപ് പാട്ടീൽ : 1983 ലോകകപ്പ് ടീമിലെ പ്രധാന ഓൾറൗണ്ടർമാരിലൊരാൾ. ഫൈനലിൽ 27 റൺസ് നേടി. വിരമിച്ച ശേഷം കോച്ചായി. 2003 ഏകദിന ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിയ കെനിയ ടീമിന്റെ പരിശീലകനായിരുന്നു.

റോജർ ബിന്നി : 1983 ലോകകപ്പ് ടീമിലെ സ്ട്രൈക്ക് ബോളർ. ടൂർണമെന്റിൽ ഏറ്റവുമധികം വിക്കറ്റ് (18). ദേശീയ ടീം സിലക്ടറായും അണ്ടർ 19 ഇന്ത്യൻ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്.

കീർത്തി  ആസാദ് :  ടൂർണമെന്റിലെ മികച്ച ബോളിങ് ഇക്കോണമി (2.47) ആസാദിന്റെ പേരിലാണ്. വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങി.  ബിജെപി എംപിയായിരുന്നു.

സുനിൽ വൽസൻ : 1983ലെ ലോകകപ്പ് ടീമിൽ ഇടംപിടിച്ചിട്ടും ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല. കേരളത്തിൽ വേരുകളുള്ള താരം.    നിലവിൽ ഡൽഹിയിൽ ക്രിക്കറ്റ് അക്കാദമി നടത്തുന്നു.

മദൻ ലാൽ : ലോകകപ്പ് ടീമിലെ പ്രധാന ബോളർമാരിൽ ഒരാൾ. ഫൈനലിൽ വിവിയൻ റിച്ചഡ്സിനെ പുറത്താക്കി മത്സരത്തിൽ ഇന്ത്യയ്ക്കു മേൽക്കൈ നൽകി. വിരമിച്ച ശേഷം യുഎഇ ദേശീയ ടീമിന്റെയും ഇന്ത്യൻ ടീമിന്റെയും പരിശീലകനായി.

സുനിൽ ഗാവസ്കർ : ടീമിലെ സീനിയർ താരം. 1975 മുതൽ 1987 വരെ 4 ക്രിക്കറ്റ് ലോകകപ്പുകളിൽ കളിച്ച ഗാവസ്കർക്ക് 1983 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്നായി 59 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നിലവിൽ കമന്റേറ്ററാണ്.

മൊഹീന്ദർ അമർനാഥ് : 1983 ലോകകപ്പ് സെമി ഫൈനലിലും ഫൈനലിലും പ്ലെയർ ഓഫ് ദ് മാച്ച്. വിരമിച്ച ശേഷം ഇന്ത്യൻ ടീമിന്റെ സിലക്ടറായി പ്രവർത്തിച്ച മൊഹീന്ദർ, പിന്നീട് ബറോഡയിൽ ക്രിക്കറ്റ് അക്കാദമി ആരംഭിച്ചു.

കപിൽ ദേവ് : ടീം ക്യാപ്റ്റൻ. 24–ാം വയസ്സിൽ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി കപിൽ. പിന്നീട് പരിശീലകനും കമന്റേറ്ററുമായ കപിൽ ഇപ്പോൾ ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സയ്യിദ് കിർമാനി : ടീമിലെ ഏക വിക്കറ്റ് കീപ്പർ. 1983 ലോകകപ്പിലെ മികച്ച വിക്കറ്റ് കീപ്പർക്കുള്ള പുരസ്കാരം നേടി. ഇന്ത്യൻ ടീമിന്റെ സിലക്ടർ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ പരിശീലകൻ.

ദിലീപ് വെങ്സർക്കർ : ടീമിന്റെ വിശ്വസ്തനായ മുൻനിര ബാറ്റർ. കപിൽ ദേവ് കഴിഞ്ഞാൽ (60.60) ടൂർണമെന്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി വെങ്സർക്കർക്കായിരുന്നു (37). മുംബൈയിൽ 3 ക്രിക്കറ്റ് അക്കാദമികൾ ഇദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മാൻ സിങ് : മുൻ ക്രിക്കറ്റ് താരമായിരുന്ന മാൻ സിങ്ങായിരുന്നു 1983ലും പിന്നീട് 1987 ലും ലോകകപ്പ് ടീമിന്റെ മാനേജർ. പിൽക്കാലത്തു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ വിവിധ ചുമതലകൾ വഹിച്ചു.

യശ്പാൽ ശർമ :മിഡിൽ ഓർഡർ ബാറ്റർ. 1983 ലോകകപ്പിൽ കപിൽ ദേവ് കഴിഞ്ഞാൽ (303) ഏറ്റവും കൂടുതൽ റൺ നേടിയ ഇന്ത്യൻ താരം (240). ക്രിക്കറ്റ് പരിശീലകനായും അംപയറായും പ്രവർത്തിച്ചിട്ടുള്ള യശ്പാൽ 2021ൽ അന്തരിച്ചു.

∙ ലോഡ്സിൽ നോ എൻട്രി

ലോകകപ്പ് കളിക്കാനായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശിക്കാനുള്ള പാസ് നൽകിയിരുന്നില്ല. ഇന്ത്യ എന്തായാലും ഫൈനലിൽ എത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതർ പാസ് നിഷേധിച്ചത്. എന്നാൽ ഇന്ത്യ ഫൈനൽ ഉറപ്പിച്ചതോടെ സ്പെഷൽ പാസ് നൽകിയാണ് താരങ്ങളെ ലോഡ്സിൽ പ്രവേശിപ്പിച്ചത്.

∙സ്പോൺസറില്ല

ടീമിന് സ്പോൺസർ ഉണ്ടായിരുന്നില്ല. ബിസിസിഐ തന്നെയായിരുന്നു എല്ലാ ചെലവും വഹിച്ചത്. ലോകകപ്പിൽ ഇന്ത്യൻ ടീം കാര്യമായ ചലനങ്ങൾ ഉണ്ടാക്കില്ലെന്ന കണക്കുകൂട്ടലിലാണ് സ്പോൺസർമാർ വിട്ടുനിന്നത്. ലോകകപ്പ് ടീമിലെ ഓരോ താരത്തിനും ഒരു മത്സരത്തിന് ലഭിച്ചത് 2100 രൂപ വീതം. ലോകകപ്പ് ജയിച്ച് തിരിച്ചെത്തിയപ്പോൾ ഓരോ അംഗത്തിനും ബിസിസിഐ ഒരു ലക്ഷം രൂപ വീതം സമ്മാനം നൽകി.

English Summary : 40 years since India won first ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com