ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ടീമിൽ തലമാറ്റവും തലമുറമാറ്റവും ഉൾപ്പെടെയുള്ള വൻ അഴിച്ചുപണികൾ വരാനിരിക്കുന്നുവെന്ന സൂചന നൽകിയാണ് വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിൽ നിന്ന് സ്പെഷലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാരയെയും ഉമേഷ് യാദവിനെയും ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന യശസ്വി ജയ്സ്വാളിനും ഋതുരാജ് ഗെയ്ക്‌വാദിനും അവസരം നൽകാൻ സിലക്ടർമാർ തീരുമാനിച്ചു. 

ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തി. രോഹിത് ശർമ തന്നെയാണ് 2 ടീമുകളുടെയും ക്യാപ്റ്റൻ. 2 ടെസ്റ്റും 3 ഏകദിനവും 5 ട്വന്റി20യുമാണ് ജൂലൈ 12 മുതൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഉള്ളത്. ട്വന്റി20 ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും.

രഹാനെ റിട്ടേൺസ്

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് അജിൻക്യ രഹാനെ തിരിച്ചെത്തി. വിരാട് കോലി ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നപ്പോൾ രഹാനെ ആയിരുന്നു വൈസ് ക്യാപ്റ്റൻ. പിന്നീട് ടീമിൽ നിന്നു പുറത്തായ രഹാനെ ഒന്നര വർഷത്തിനുശേഷം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനാണ് ടീമിൽ തിരിച്ചെത്തുന്നത്. ഇതോടെ രോഹിത് ശർമയ്ക്കു ശേഷം ഭാവിയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്കു രഹാനെ വന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പായി.

ടെസ്റ്റിൽ ടെസ്റ്റിങ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറെക്കാലം ടീം ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ചേതേശ്വർ പൂജാരെയെ സമീപകാലത്തെ മോശം ഫോമിന്റെ പേരിലാണ് ഒഴിവാക്കിയത്. പൂജാര പോകുന്നതോടെ മൂന്നാം നമ്പറിൽ യശസ്വി ജയ്സ്വാളോ ഋതുരാജ് ഗെയ്ക്‌വാദോ എത്തും. ഇന്ത്യൻ ക്രിക്കറ്റിലെ പൂജാര യുഗത്തിന് ഇതോടെ തിരശ്ശീല വീണേക്കുമെന്നാണ് സൂചന.

രഹാനെ  പാണ്ഡ്യ  ഗെയ്ക്‌വാദ്  യശസ്വി
രഹാനെ പാണ്ഡ്യ ഗെയ്ക്‌വാദ് യശസ്വി

വിക്കറ്റ് കീപ്പറായി കെ.എസ്.ഭരത്തിനെയും ഇഷൻ കിഷനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരത്തിന്റെ സമീപകാല ഫോം പരിഗണിക്കുമ്പോൾ വിൻഡീസ് പരമ്പരയിൽ ഇഷന് അവസരം ലഭിക്കാനാണ് സാധ്യത. ബോളിങ് നിരയിൽ മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല.  നവ്ദീപ് സെയ്നിയെ തിരികെ വിളിച്ചു. പുതുമുഖം മുകേഷ് കുമാറിനെയും ഉൾപ്പെടുത്തി. പേസർ ഉമേഷ് യാദവിനും ഇത്തവണ അവസരമില്ല.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്.ഭരത് (കീപ്പർ), ഇഷൻ കിഷൻ (കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി, മുകേഷ് കുമാ‍ർ.

വീണ്ടും സഞ്ജു

എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസീലൻഡിനെതിരെയാണ് സഞ്ജു അവസാനമായി ഏകദിന മത്സരം കളിച്ചത്. 11 ഏകദിന മത്സരങ്ങളിൽ നിന്നായി 66 റൺസ് ശരാശരിയിൽ 330 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.

രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഏകദിന ടീമിൽ സഞ്ജുവിനു പുറമേ ഇഷൻ കിഷനെയും വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചറിക്ക് ഉടമയായ ഇഷന് 3 മത്സരത്തിലും അവസരം നൽകാനാണ് സാധ്യത. അതിനാൽ മധ്യനിര ബാറ്ററുടെ റോളിലായിരിക്കും സഞ്ജുവിനെ പരിഗണിക്കുക.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (കീപ്പർ), ഇഷ‍ൻ കിഷൻ (കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

English Summary : Test and one day teams for West Indies tour announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com