ADVERTISEMENT

മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം സുനിൽ ഗാവസ്കർ. കരുത്തനായൊരു സിലക്ടർ ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുമായിരുന്നെന്ന് ഗാവസ്കർ പ്രതികരിച്ചു. ‘‘പ്ലേയിങ് ഇലവനിൽനിന്ന് ആർ. അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കി, ടോസ് കിട്ടിയിട്ടും എന്തിന് ഫീൽഡിങ് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങൾ സിലക്ടർ രോഹിത് ശർമയുടെ മുഖത്തേക്കുനോക്കി ചോദിക്കുമായിരുന്നു.’’– ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.

‘‘ഇക്കാര്യങ്ങളെല്ലാം ഇന്ത്യൻ ക്യാപ്റ്റനോടു ചോദിക്കേണ്ടതു വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കിൽ ക്യാപ്റ്റന്റെ ഉത്തരവാദിത്തം എന്താണ്? ചോദ്യങ്ങൾക്ക് ഉത്തരം നല്‍കിയാൽ രോഹിത് ശർമയ്ക്ക് ക്യാപ്റ്റനായി തുടരാം. ടീമിന്റെ തീരുമാനങ്ങളിൽ ക്യാപ്റ്റനാണ് ഉത്തരവാദിത്തമുള്ളത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ തോൽവിക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റനുമായി ബിസിസിഐയിലെ ആരെങ്കിലും സംസാരിച്ചിരുന്നോയെന്ന് അറിയില്ല. എന്തിന് ക്യാപ്റ്റനായി തുടരണമെന്നു രോഹിത് ശർമയോടു ചോദിക്കേണ്ട കാര്യമാണ്.’’– ഗാവസ്കർ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ തോൽവി വഴങ്ങിയതോടെ രൂക്ഷവിമർശനമാണ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു നേരിടേണ്ടിവന്നത്. രോഹിത്തിന്റെ തീരുമാനങ്ങൾ പലതും മത്സരത്തിന്റെ തോൽ‌വിയിലേക്കു നയിച്ചെന്നാണു വിലയിരുത്തൽ‌. തോറ്റെങ്കിലും രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. രോഹിത് ശർമയ്ക്കും വിരാട് കോലിക്കുമുൾപ്പെടെ ഫോമിലേക്കു തിരികെയെത്താനുള്ള സുവർണാവസരമാണ് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര.

English Summary: Sunil Gavaskar Criticises Selectors for Not Questioning Rohit Sharma After WTC Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com