ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാനുള്ള എല്ലാ ശേഷിയും പാക്കിസ്ഥാനുണ്ടെന്ന് മുൻ ക്യാപ്റ്റൻ വാസിം അക്രം. ഏകദിന റാങ്കിങ്ങിലെ ഒന്നാം നമ്പർ ബാറ്റർ ബാബര്‍ അസം നയിക്കുന്ന പാക്കിസ്ഥാന്‍ ടീമിൽ പ്രതിഭകൾ ഏറെയുണ്ടെന്നാണ് വാസിം അക്രമിന്റെ അവകാശവാദം. പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ നേരിടേണ്ട സാഹചര്യങ്ങൾ പരിചിതമാണെന്നും വാസിം അക്രം ഐസിസിയുടെ വിഡിയോയിൽ പ്രതികരിച്ചു. ‘‘പാക്കിസ്ഥാന് വളരെ മികച്ചൊരു ഏകദിന ടീമാണുള്ളത്. കാര്യങ്ങൾ പ്ലാൻ ചെയ്തപോലെതന്നെ മുന്നോട്ടുപോകുകയാണെങ്കിൽ പാക്കിസ്ഥാൻ ഈ ലോകകപ്പിൽ ഗംഭീര പ്രകടനമായിരിക്കും.’’– വാസിം അക്രം പ്രതികരിച്ചു.

ലോകകപ്പ് ഇന്ത്യയിൽ ആയതും പാക്കിസ്ഥാനു ഗുണം ചെയ്യുമെന്നും വാസിം അക്രം പറഞ്ഞു. ‘‘ലോകകപ്പ് നടക്കുന്ന ഇന്ത്യയിൽ പാക്കിസ്ഥാനിലേതുപോലുള്ള സാഹചര്യമാണ്. അതും ടീമിന് അനുകൂലമാകും.’’– വാസിം അക്രം വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പിൽ ഒന്‍പതിൽ അഞ്ചു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാൻ നെറ്റ് റൺറേറ്റിലെ കുറവു കാരണമാണു സെമിയിലെത്താതെ പുറത്തായത്. ഐസിസി ഏകദിന റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാൻ. 

‘‘പാക്കിസ്ഥാൻ ടീമിലുള്ളതിൽ ഏറ്റവും പ്രധാന താരം ബാബർ അസമാണെന്നും, താരത്തിലുള്ള പ്രതീക്ഷകൾ വലുതാണെന്നും’’മുൻ ക്യാപ്റ്റൻ പറഞ്ഞു. ‘‘ബാബർ അസമിനു പിന്നാലെയാണ് പാക്കിസ്ഥാൻ. സ്റ്റേഡിയത്തിൽ ആളുകൾ വരുന്നത് ബാബർ അസമിനു വേണ്ടിയാണ്. അത് ട്വന്റി20, ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെല്ലാം ഒരുപോലെയാണ്. എന്റെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും മികച്ച കവർ ഡ്രൈവ് ബാബർ അസമിന്റേതാണ്.’’– വാസിം അക്രം വ്യക്തമാക്കി.

English Summary: What Wasim Akram thinks of Pakistan's chances in the ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com