‘ഇന്ത്യയെ തോൽപിക്കുകയല്ല, ഏകദിന ലോകകപ്പ് ജയിക്കുകയാണ് പാക്കിസ്ഥാന്‍റെ ലക്ഷ്യം’
Mail This Article
ഇസ്‍ലാമബാദ്∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയോടു ജയിക്കുമോ തോൽക്കുമോ എന്നതിനേക്കാൾ കിരീടം നേടുന്നതിനാണു പ്രാധാന്യമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശതബ് ഖാൻ. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റാലും കിരീടം നേടുകയാണ് പാക്കിസ്ഥാന്‍റെ ലക്ഷ്യമെന്നും ശതബ് ഖാൻ ക്രിക്കറ്റ് പാക്കിസ്ഥാനോടു പറഞ്ഞു. ‘‘ഇന്ത്യക്കെതിരെ ജയിക്കുക എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റാലും കിരീടം നേടുകയാണ് പാക്കിസ്ഥാന്‍റെ ലക്ഷ്യം. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം വാക്കുകളില്‍ വിവരിക്കാനാനാവില്ല. ആരാധകര്‍ ഞങ്ങള്‍ക്കെതിരായിരിക്കും.’’– ശതബ് ഖാൻ വ്യക്തമാക്കി.
‘‘ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് ഇന്ത്യയില്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ മത്സരത്തില്‍ മാത്രം ശ്രദ്ധയൂന്നാനാവില്ല. ഇന്ത്യക്കെതിരെ ജയിച്ചിട്ടും ലോകകപ്പ് നേടിയില്ലെങ്കില്‍ അതില്‍ കാര്യമില്ലല്ലോ. ലോകകപ്പ് കഴിഞ്ഞാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ചതുര്‍ദിന മത്സരങ്ങളില്‍ കളിക്കാനാണ് ആലോചിക്കുന്നത്. ഇതുവഴി ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനാകുമെന്നാണു പ്രതീക്ഷ. ചതുര്‍ദിന മത്സരങ്ങളില്‍ കളിച്ചു മികച്ച പ്രകടനം പുറത്തെടുക്കാതെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനാവില്ലെന്ന് എനിക്കു ബോധ്യമുണ്ട്.’’– ശതബ് ഖാൻ പ്രതികരിച്ചു.
ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. മോദി സ്റ്റേഡിയത്തിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നെങ്കിലും ഐസിസി അത് അംഗീകരിച്ചില്ല. പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഇന്ത്യയിൽ ലോകകപ്പ് കളിക്കൂ എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്.
English Summary: Shadab Khan reveals Pakistan’s main aim in ODI WC