കളിയാക്കിയവരെക്കൊണ്ടും കയ്യടിപ്പിച്ച് ‘സെഞ്ചൂറിയൻ’ സ്മിത്ത്; മൂന്നാം ദിനം ഇംഗ്ലണ്ടിന് നിർണായകം
Mail This Article
ലണ്ടൻ ∙ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ചേ ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്തിന് ശീലമുള്ളൂ. അതിപ്പോൾ ഇംഗ്ലിഷ് ക്രിക്കറ്റ് ആരാധകരാണെങ്കിൽ പ്രത്യേകിച്ചും! ആഷസ് ഒന്നാം ടെസ്റ്റിനിടെ ‘താങ്കൾ കരയുന്നത് ഞങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടെന്ന്’ പറഞ്ഞ് കളിയാക്കിയ ഇംഗ്ലിഷ് ആരാധകർക്കു രണ്ടാം മത്സരത്തിൽ ടെസ്റ്റ് കരിയറിലെ തന്റെ 32–ാം സെഞ്ചറിയുമായാണ് (110) സ്മിത്ത് മറുപടി നൽകിയത്. സ്മിത്തിന്റെ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 416 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 43 ഓവറിൽ 3ന് 215 എന്ന നിലയാണ് ഇംഗ്ലണ്ട്. ജോ റൂട്ടും (6) ഹാരി ബ്രൂക്കുമാണ് (7) ക്രീസിൽ.
5ന് 339 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 77 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. സ്മിത്തിന്റെ സെഞ്ചറി മാറ്റിനിർത്തിയാൽ രണ്ടാം ദിനം ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇംഗ്ലണ്ടിനു വേണ്ടി ഒലീ റോബിൻസനും ജോഷ് ടങ്ങും 3 വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത സാക് ക്രൗളി (48)– ബെൻ ഡക്കറ്റ് (98) സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. എന്നാൽ അവസാന സെഷനിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ തിരിച്ചടിച്ചു. ക്രൗളിയെ പുറത്താക്കിയ നേഥൻ ലയണാണ് ഇംഗ്ലണ്ടിന് ആദ്യപ്രഹരം ഏൽപിച്ചത്. മൂന്നാമൻ ഒലി പോപ് (42) കാമറൂൺ ഗ്രീനിനു വിക്കറ്റ് നൽകി മടങ്ങി. സെഞ്ചറിക്ക് 2 റൺ അകലെ ഡക്കറ്റിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.
English Summary : Ashes 2023: England vs Australia, 2nd Test- Day 2